'ഏഴെട്ട് വില കൂടിയ വാഹനങ്ങള്‍ ഒറ്റയടിക്ക് വാങ്ങിയാല്‍ അത് മാലോകരെ അറിയിച്ചില്ലെങ്കില്‍ പിന്നെ എന്ത് രസമാണ്', കുറിപ്പ്

'ഏഴെട്ട്  വില കൂടിയ വാഹനങ്ങള്‍ ഒറ്റയടിക്ക്  വാങ്ങിയാല്‍ അത്  മാലോകരെ അറിയിച്ചില്ലെങ്കില്‍ പിന്നെ എന്ത് രസമാണ്', കുറിപ്പ്

പുതിയതായി വാങ്ങിയ ആഢംബര വാഹനം നാട്ടുകാരെ കാണിക്കാന്‍ എട്ട് ടിപ്പര്‍ ലോറികളുടെ അകമ്പടിയോടെ വിവാദ വ്യവസായി റോയി കുര്യന്‍ റോഡ് ഷോ നടത്തിയതിനെ വിമര്‍ശിച്ച് എഴുത്തുകാരനും മനോരോഗവിദഗ്ധനുമായ ഡോ. സിജെ ജോണ്‍. ഏഴെട്ട് വില കൂടിയ വാഹനങ്ങള്‍ ഒറ്റയടിക്ക് വാങ്ങിയാല്‍ അത് മാലോകരെ അറിയിച്ചില്ലെങ്കില്‍ പിന്നെ എന്ത് രസമാണെന്ന് പരിഹാസ രൂപേണ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം ചോദിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'ഏഴെട്ട് വില കൂടിയ വാഹനങ്ങള്‍ ഒറ്റയടിക്ക് വാങ്ങിയാല്‍ അത് മാലോകരെ അറിയിച്ചില്ലെങ്കില്‍ പിന്നെ എന്ത് രസമാണ് ?കൊറോണയൊക്കെ അങ്ങനെ കിടക്കും. ഇതൊക്കെ ആളുകള്‍ അറിയാതിരുന്നാല്‍ ഒരു പാവം പണക്കാരനുണ്ടാകുന്ന സങ്കടം എത്ര വലുതാണ് . ആ ക്വാറി മുതലാളിയുടെ ഭൂതത്താന്‍ കെട്ട് ടു കോതമംഗലം റോഡ് ഷോ മനസ്സിലാക്കാന്‍ ആ ശോകം ഉള്‍ക്കൊണ്ടാല്‍ മതിയാകും.

ഇത്തിരി കൂടി ബുദ്ധിയുള്ളവര്‍ ചിലപ്പോള്‍ എഴുതാന്‍ അറിയുന്ന ഒരു ഭൂതത്തെ വച്ച് പുസ്തകം എഴുതിക്കുകയും, അതിന് അവാര്‍ഡ് മേടിക്കുകയുമൊക്കെ ചെയ്യും. കുശാഗ്ര ബുദ്ധിയുള്ളവര്‍ ഏതെങ്കിലും ഈര്‍ക്കില്‍ പാര്‍ട്ടിയെ കാശിറക്കി ചാക്കിലാക്കി ഒരു നിയമ സഭ സീറ്റു ഒപ്പിച്ചെടുത്തു ജയിച്ചു മന്ത്രിയായി മാറി അമ്പട ഞാന്‍ എന്ന് ചെണ്ട കൊട്ടി നടക്കും. സമൂഹ സേവനം നടത്തി അതിന്റെ വാര്‍ത്തകള്‍ വരുത്തി ആള് ചമയും.

അരി പ്രാഞ്ചിയെന്ന മമ്മൂട്ടി കഥാ പാത്രത്തെ പോലെ പദ്മശ്രീക്ക് പിറകെ നടക്കുന്നതൊക്കെ വേസ്റ്റാണ്. ഡല്‍ഹിയില്‍ കെങ്കേമന്‍ പേരിലുള്ള അവാര്‍ഡുകള്‍ വാങ്ങാന്‍ കിട്ടും. ഏതെങ്കിലും കേന്ദ്ര മന്ത്രിയെ വിളിച്ചുള്ള അവാര്‍ഡ് ദാനത്തിനുള്‍പ്പെടെയുള്ള കൊട്ടേഷന്‍ കൊടുത്താല്‍ മതി. പിന്നെ നാട്ടില്‍ വരുമ്പോള്‍ കുറെ സ്വീകരണങ്ങള്‍. പത്രത്തില്‍ പരസ്യം. അതിനൊപ്പം ഒരു ചെറിയ കഷണം വാര്‍ത്ത.

പാവം കരിങ്കല്‍ മുതലാളിക്ക് ഈ വക ബുദ്ധികള്‍ ചൊല്ലി കൊടുക്കാന്‍ ആളില്ലാതെ പോയി. അത് കൊണ്ട് സ്വന്തം മുന്തിയ ബെന്‍സ് വണ്ടിയുടെ മേല്‍ ഞെളിഞ്ഞു ഇരുന്ന്, എന്റെ ടോറസുകള്‍ പിന്നാലെ വരുന്നു എന്ന് ചൊല്ലി ഒരു റോഡ് ഷോ നടത്തി സായൂജ്യം അടയേണ്ടി വന്നു.

കേസായാലെന്ന ചേട്ടാ, ഫ്രീയായി എല്ലാ ചാനലിലും, പത്രത്തിലും വന്നില്ലേയെന്ന് ചോദിച്ചാല്‍ നമുക്ക് ഉത്തരം മുട്ടും. അവനവനെ ഇങ്ങനെ ഘോരമായി പ്രണയിക്കുന്നവരും, സ്വയം ആകാശം മുട്ടെ പൊക്കുന്നവരും വാഴ്ക. നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ ഈ കോവിഡ് കാല വേവലാതികള്‍ മൂലം ബെല്ലി ഡാന്‍സ് കളിച്ചു പൊറുതി മുട്ടിയേനെ.'

ഒരു കോടി രൂപയോളം വിലവരുന്ന ബെന്‍സി കാറിന് മുകളിലിരുന്ന ആറ് പുതിയ ഭാരത് ബെന്‍സ് ടോറസുകളുടെ അകമ്പടിയോടെയായിരുന്നു ചൊവ്വാഴ്ച റോയി കുര്യന്‍ റോഡ് ഷോ നടത്തിയത്. ഭൂതത്താന്‍കെട്ട് ഭാഗത്ത് നിന്ന് തുടങ്ങിയ റോഡ് ഷോ കോതമംഗലം ടൗണിലെത്തിയതോടെ പൊലീസ് തടയുകയായിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനും അപകടകരവും അലക്ഷ്യവുമായി വാഹനം ഓടിച്ചതിനും പൊലീസ് കേസെടുക്കുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in