മദ്യം വീട്ടിലെത്തിക്കാന്‍ ഫീസ് ; 100 രൂപയ്ക്ക് സാധാ അംഗത്വം,500 ന് മുന്തിയത്,സര്‍ക്കാരിന് ശുപാര്‍ശ

മദ്യം വീട്ടിലെത്തിക്കാന്‍ ഫീസ് ; 100 രൂപയ്ക്ക് സാധാ അംഗത്വം,500 ന് മുന്തിയത്,സര്‍ക്കാരിന് ശുപാര്‍ശ

അംഗത്വഫീസ് നല്‍കുന്നവര്‍ക്ക് മദ്യം വീട്ടിലെത്തിക്കുന്നത് പരിഗണിക്കാമെന്ന് മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം എബ്രഹാം അദ്ധ്യക്ഷനായ വിദഗ്ധ സമിതിയുടെ ശുപാര്‍ശ. കൊവിഡ് സാഹചര്യത്തില്‍ സര്‍ക്കാരിന് വരുമാനമുണ്ടാക്കുന്നത് സംബന്ധിച്ചായിരുന്നു വിദഗ്ധസമിതിയുടെ പരിശോധന. പെട്രോള്‍ ഡീസല്‍ നികുതി ഘടന മാറ്റണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.സംസ്ഥാനത്ത് 40 ലക്ഷം പേര്‍ മദ്യപിക്കുന്നെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 30 ശതമാനം പേര്‍ ഹോംഡെലിവറിയെ പ്രോത്സാഹിപ്പിക്കുമെന്നും വിലയിരുത്തുന്നു. ഇവര്‍ക്ക് അംഗത്വ ഫീസ് ഏര്‍പ്പെടുത്താനാണ് സമിതി നിര്‍ദേശിക്കുന്നത്. വാര്‍ഷിക അംഗത്വമോ, പത്തുവര്‍ഷത്തേക്ക് ഒരുമിച്ചുള്ളതോ എടുക്കാം. സാധാ അംഗത്വത്തിന് മാസം 100 രൂപയായിരിക്കണം ഫീസ്. കൂടുതല്‍ സൗകര്യങ്ങളുള്ള മുന്തിയ അംഗത്വത്തിന് 500 രൂപയും ചുമത്തണം. ഇതിന് 18 ശതമാനം ജിഎസ്ടിയും ഏര്‍പ്പെടുത്തണം. ഏജന്‍സിക്ക് ഡെലിവറി ചാര്‍ജ് വേറെയും നല്‍കണം. നടത്തിപ്പിന് ബെവ്‌റേജസിനെ ചുമതലപ്പെടുത്തണം. കൂടാതെ എക്‌സൈസ് ഡ്യൂട്ടിയും വില്‍പ്പന നികുതിയും 50 ശതമാനം കൂട്ടുക കൂടി ചെയ്താല്‍ പ്രതിവര്‍ഷം 6542 കോടി ഇതിലൂടെ സമാഹരിക്കാനാകുമെന്നാണ് സമിതി പറയുന്നത്.

ആവശ്യക്കാര്‍ക്ക് മദ്യം വീട്ടിലെത്തിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. വില്‍പ്പനശാലകളിലെ തിരക്ക് കുറയ്ക്കാനും സാമൂഹിക അകലം ഉറപ്പുവരുത്താനും ഉദ്ദേശിച്ചുള്ളതായിരുന്നു പ്രസ്തുത വിധി. ഇത് പുതിയ വരുമാന മാര്‍ഗമാക്കണമെന്നാണ് സമിതി ശുപാര്‍ശ ചെയ്യുന്നത്. കൊവിഡ് പ്രതിരോധത്തിനും ദുരിതാശ്വാസത്തിനും പണം കണ്ടെത്താന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും നിക്ഷേപം സ്വീകരിക്കണം. ഇരുപതിനായിരത്തിന് മുകളില്‍ ശമ്പളമുള്ളവരുടെയും 37,000 ന് മുകളില്‍ പെന്‍ഷനുള്ളവരുടെയും വിഹിതം അവരുടെ സമ്മതത്തോടെ സ്വീകരിക്കാമെന്നാണ് നിര്‍ദേശം. ഇത് പി.എഫ് നിക്ഷേപത്തേക്കാള്‍ കാല്‍ ശതമാനം അധിക പലിശയോടെ 2023 ജൂലായ് മുതല്‍ നാല് തവണകളായി തിരിച്ചുനല്‍കണം. ഇങ്ങനെ 3675 കോടി സമാഹരിക്കാമെന്നുമാണ് സമിതി ശുപാര്‍ശ ചെയ്യുന്നത്. എയ്ഡഡ് വിദ്യാലയങ്ങളില്‍ ശമ്പളം നല്‍കുന്നത് ഭാരിച്ച ബാധ്യതയായതിനാല്‍ അതിനുള്ള ഗുണം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ വിദ്യാഭ്യാസ, ധനകാര്യ നിയമ രംഗങ്ങളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതിയുണ്ടാക്കണം. എയ്ഡഡ് മേഖലയില്‍ സര്‍ക്കാരിന്റെ ധനസഹായം പടിപടിയായി കുറയ്ക്കുന്നത് ഉള്‍പ്പെടെ പരിശോധിക്കണം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അസംസ്‌കൃത എണ്ണയ്ക്ക് വില കൂടിയാലും കുറഞ്ഞാലും ബാധിക്കാത്ത വിധം ലിറ്ററിന് പ്രത്യേക നികുതി ഏര്‍പ്പെടുത്തണം. പെട്രോളിന് 11.80 രൂപയും ഡീസലിന് ഒന്‍പത് രൂപയുമായിരിക്കണം. ഇത്തരത്തില്‍ 2086 കോടി സമാഹരിക്കാനാകും. ഭൂമിയുടെ ന്യായവില വര്‍ഷംതോറും വര്‍ധിപ്പിച്ചാല്‍ 700 കോടി ലഭ്യമാകും. ആശുപത്രി, വിദ്യാഭ്യാസ ഫീസുകള്‍ അഞ്ചുശതമാനം വീതം വര്‍ഷം തോറും വര്‍ധിപ്പിക്കണം. ഇതിലൂടെ 300 കോടി അധികമായി ലഭിക്കും. ഭാഗ്യക്കുറി വില്‍പ്പന 20 ശതമാനം കൂട്ടിയാല്‍ 200 കോടി സ്വരുക്കൂട്ടാനാകുമെന്നും വിദഗ്ധസമിതി നിര്‍ദേശിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in