മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം; ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ വക്താവെന്ന് ചെന്നിത്തല

മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം; ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ വക്താവെന്ന് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ വക്താവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ മൊബിലിറ്റിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുസമൂഹത്തെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നു. സെബി നിരോധിച്ച കമ്പനിയുമായി ബന്ധമില്ലെന്നത് പച്ചക്കള്ളമാണ്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് പല പേരില്‍ കമ്പനി രൂപീകരിച്ചുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

എല്ലാ കാര്യങ്ങളും പഠിച്ചിട്ടാണ് താന്‍ ആരോപണം ഉന്നയിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. താന്‍ വായിക്കാതെയും പഠിക്കാതെയുമാണ് ആരോപണം ഉന്നയിക്കുന്നതെന്നാണ് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ആക്ഷേപിച്ചതിന് പിന്നീട് മറുപടി നല്‍കും. കേരളത്തിലെ മുഖ്യമന്ത്രി ഇതിലൂടെ പൊതുജനങ്ങളെയാണ് കബളിപ്പിക്കുന്നത്.

ഇ മൊബിലിറ്റി പദ്ധതിയെ പ്രതിപക്ഷം എതിര്‍ക്കുന്നില്ല. അഴിമതി നടത്താനുള്ള പദ്ധതിയാക്കി മാറ്റിയെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. സ്വിറ്റ്‌സര്‍ലാണ്ട് ആസ്ഥാനമായുള്ള എച്ച്ഇഎസ്എസ് എന്ന കമ്പനിയെ വഴിവിട്ട് സഹായിക്കുകയാണ്. മുഖ്യമന്ത്രിയുടെ സ്വിറ്റ്‌സര്‍ലാണ്ട് യാത്രയുമായി ഇതിനെ ചേര്‍ത്ത് വായിക്കണം. മുന്‍ ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പും ചേര്‍ന്നാണ് കെഎഎല്ലുമായി 2018ല്‍ ഈ കമ്പനി ആരംഭിക്കാനുള്ള പദ്ധതിയെ തടഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in