'ജീവനോടെ ഇരിക്കുന്നവരെ കൊല്ലുന്നതിൽ എന്താണ് സുഖം?'; വ്യാ​ജ വാർത്തകളോട് ശരത്

'ജീവനോടെ ഇരിക്കുന്നവരെ കൊല്ലുന്നതിൽ എന്താണ് സുഖം?'; വ്യാ​ജ വാർത്തകളോട് ശരത്

ജാനകിയമ്മ പരിപൂര്‍ണ ആരോഗ്യവതിയാണ്. സോഷ്യല്‍ മീഡിയയില്‍ കാട്ടുതീ പോലെ പടർന്ന വാർത്തകൾ വസ്തുതാവിരുദ്ധവും വ്യാജവുമാണെന്ന് സംഗീതസംവിധായകന്‍ ശരത്. ഗായിക എസ് ജാനകിയെക്കുറിച്ച് പ്രചരിച്ച വ്യാജ വാർത്തകൾക്കെതിരെ പ്രതികരിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് ശരത് തന്റെ രോഷം അറിയിച്ചത്. ജ​ഗതിച്ചേട്ടനേയും സലീം കുമാറിലേയും ഒരിക്കൽ ഇവർ കൊന്നു. ജീവനോടെ ഇരിക്കുന്ന നല്ല ആളുകളെ കൊന്നിട്ട് എന്താണ് ഇവർക്ക് കിട്ടുന്ന ലാഭമെന്നും ശരത് ചോദിക്കുന്നു.

'ജീവനോടെ ഇരിക്കുന്നവരെ കൊല്ലുന്നതിൽ എന്താണ് സുഖം?'; വ്യാ​ജ വാർത്തകളോട് ശരത്
'ഇവിടം കൊണ്ട് നിർത്തിക്കോ, ഞങ്ങളും മനുഷ്യരാണ്, മനസിലാക്കണം’; വ്യാജ വാർത്തകളോട് ബാല

ശരതിന്റെ വാക്കുകൾ

'വളരെ വിഷമം തോന്നിയിട്ടാണ് ഇങ്ങനെയൊരു വിഡിയോ ചെയ്യുന്നത്. ജാനകിയമ്മയെക്കുറിച്ച് രാവിലെ കാട്ടുതീ പോലെയാണ് സോഷ്യല്‍ മീഡിയയില്‍ തികച്ചും വസ്തുതാവിരുദ്ധവും വ്യാജവുമായ ഒരു വാര്‍ത്ത പരന്നത്. അതു കേട്ടതു മുതല്‍ ടെന്‍ഷന്‍ അടിച്ച് ഒരു നിവര്‍ത്തിയുമില്ലാതെ. ആരെ വിളിച്ചു ചോദിക്കും എന്നു പോലും അറിയാത്ത അവസ്ഥ ആയിരുന്നു. കുറച്ചു മുന്‍പ് ചിത്ര ചേച്ചിയുടെ കരഞ്ഞുകൊണ്ടുള്ള വോയ്സ് ക്ലിപ് കിട്ടി. ചേച്ചി കരഞ്ഞതിനു കാര്യം അവര്‍ക്ക് അത്രയും അടുപ്പമുണ്ട് ജാനകിയമ്മയുമായി. പിന്നെ എനിക്ക് വിഷമം അടക്കി വയ്ക്കാന്‍ കഴിയാതെ ആയി. ഉടനെ തന്നെ ഞാന്‍ ജാനകിയമ്മയുടെ മകന്‍ മുരളി സാറിനെ വിളിച്ചു സംസാരിച്ചു. ജാനകിയമ്മയ്ക്ക് ഒരു കുഴപ്പവുമില്ല. ഒന്നും സംഭവിച്ചിട്ടില്ല. ജാനകിയമ്മ പരിപൂര്‍ണ ആരോഗ്യത്തോടെ ഇരിക്കുന്നു. ഈ വ്യാജവാര്‍ത്ത വന്നതില്‍ മുരളി അണ്ണന്‍ ഒത്തിരി വേദനിച്ചു. എസ്‍പിബി സര്‍ വിളിച്ചിരുന്നുവെന്ന് അപ്പോഴാണ് ഞാന്‍ അറിഞ്ഞത്.'

'ജീവനോടെ ഇരിക്കുന്ന നല്ല ആളുകളെ ഒരു കൂട്ടം ആളുകള്‍ ഇരുന്ന് ഇങ്ങനെ കൊന്നിട്ട് എന്താണ് കിട്ടാന്‍ പോകുന്നത്? നമ്മുടെ പ്രിയപ്പെട്ട ജഗതി ചേട്ടനെ ജീവനോടെ ഇരിക്കുമ്പോള്‍ തന്നെ കൊന്നു. അതുപോലെ നമുക്കേവര്‍ക്കും പ്രിയപ്പെട്ട സലിംകുമാറിനെ കൊന്നു. എന്താണ് ഇവര്‍ക്കു കിട്ടുന്ന ലാഭം? എന്താണ് ഇവര്‍ക്കു കിട്ടുന്ന സുഖം? അതാണ് എനിക്ക് മനസിലാകാത്തത്.'

'നിങ്ങള്‍ ഒരു കാര്യം മനസിലാക്കണം. നിങ്ങളീ തമാശ കളിക്കുമ്പോള്‍ ദൈവം എന്നു പറയുന്ന ഒരാള്‍ അവിടെ ചുമ്മാ ഇരിക്കുകയല്ല. ഇതിനൊക്കെ ഒരു കണക്കുണ്ട്. തിരിച്ചു കിട്ടുമ്പോഴേ പഠിക്കൂ. ശിക്ഷ കിട്ടും എന്നുറപ്പാണ്, എന്നെങ്കിലും. ദയവു ചെയ്ത് ഇത്തരം വ്യാജ വാര്‍ത്തകള്‍ പരത്താതിരിക്കുക. നന്മ മാത്രം മനസില്‍ ആലോചിക്കുക,'

Related Stories

No stories found.
logo
The Cue
www.thecue.in