തൂത്തുക്കുടിയില്‍ അച്ഛന്റെയും മകന്റെയും കസ്റ്റഡി മരണം, സര്‍ക്കാര്‍ പ്രതിരോധത്തില്‍; സാമൂഹ്യമാധ്യമങ്ങളില്‍ രോഷമിരമ്പുന്നു

തൂത്തുക്കുടിയില്‍ അച്ഛന്റെയും മകന്റെയും കസ്റ്റഡി മരണം, സര്‍ക്കാര്‍ പ്രതിരോധത്തില്‍; സാമൂഹ്യമാധ്യമങ്ങളില്‍ രോഷമിരമ്പുന്നു

തൂത്തുക്കുടിയില്‍ അച്ഛനും മകനും പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം വ്യാപകമാകുന്നു. നീതി തേടിയുള്ള ക്യാപെയിനുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. വ്യാപാരിയായ ജയരാജന്‍, മകന്‍ ബെന്നിക്‌സ് എന്നിവരെ ജൂണ്‍ 19ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. നാല് ദിവസത്തിന് ശേഷം നൂറ് കിലോമീറ്റര്‍ അപ്പുറത്തുള്ള കോവില്‍പട്ടി ആശുപത്രിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സാത്താങ്കുളം പൊലീസിനെതിരെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. തിരുനെല്‍വേലി ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചിരുന്നു.

തൂത്തുക്കുടിയില്‍ സംഭവിച്ചത്

ലോക്ഡൗണ്‍ നിയമന്ത്രണങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് 58കാരനായ ജയരാജനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒമ്പത് മണി കഴിഞ്ഞിട്ടും കട പ്രവര്‍ത്തിച്ചുവെന്നായിരുന്നു ആരോപണം. വിവരമറിഞ്ഞ് മകന്‍ ബെന്നിക്‌സ് സ്റ്റേഷനിലെത്തി. ഇരുവരെയും പൊലീസ് റിമാന്‍ഡ് ചെയ്തു. പാളയംകോട്ടൈ ജയിലിലേക്ക് മാറ്റുന്നതിന് മുമ്പായി കൊവിഡ് പരിശോധനയ്ക്കായി കോവില്‍പട്ടി സബ്ജയിലില്‍ കൊണ്ടു പോയി. അവിടെ വെച്ച് ജയരാജനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. ഇത് തടയുന്നതിനിടെ ബെന്നിക്‌സിനും മര്‍ദ്ദനമേറ്റു. അവശനിലയിലായ ബെന്നിക്‌സിനെ കോവില്‍പട്ടി ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു. 31 വയസ്സായിരുന്നു ബെന്നിക്‌സിന്. ഇതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട ജയരാജനെയും ആശുപത്രിയിലെത്തില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ജയരാജനും മരിച്ചു.

ജൂണ്‍ 19ന് രാത്രി 9.15ന് ഹെഡ് കോണ്‍സ്റ്റബിള്‍ മുരുകനും കോണ്‍സ്റ്റബിള്‍ മുത്തുരാജും ഡ്യൂട്ടിക്കിടെ ജയരാജിന്റെ കടയ്ക്ക് മുന്നിലെത്തിയപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതായി കണ്ടെതെന്നാണ് പൊലീസിന്റെ വിശദീകരണം. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചിരുന്നു. ജയരാജും മകന്‍ ബെന്നിക്‌സും കുറച്ച് സുഹൃത്തുക്കളും കടയ്ക്ക് പുറത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഇവരോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു. ജയരാജും മകനും അതിന് തയ്യാറായില്ലെന്നും ചീത്തവിളിച്ചുവെന്നുമാണ് പൊലീസ് പറയുന്നത്. രാത്രി പത്ത് മണിയോടെ ഇരുവര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ജയരാജനെയും മകന്‍ ബെന്നിക്‌സിനെയും ഒരുമിച്ചല്ല പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബെന്നിക്‌സിനെ പിന്നീടാണ് അറസ്റ്റ് ചെയ്തത്.

അച്ഛനെയും സഹോദരനെയും പൊലീസ് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജയരാജിന്റെ മകള്‍ പെര്‍സി മാധ്യമങ്ങളോട് പറഞ്ഞു. വാതില്‍ അടച്ചിട്ട് രണ്ട് മണിക്കൂറോളം പൊലീസ് ഇരുവരെയും മര്‍ദ്ദിച്ചു. രഹസ്യഭാഗത്ത് കമ്പി കുത്തിക്കയറ്റി. ചോരയൊലിക്കുന്ന നിലയിലാണ് മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയത്. പൊലീസ് ഭീഷണിപ്പെടുത്തിയത് കാരണം മജിസ്‌ട്രേറ്റിനോട് പറഞ്ഞില്ല. ആശുപത്രിയിലെത്തിച്ചിട്ടും തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടായി. അഭിഭാഷകനെ കാണാന്‍ പോലും പൊലീസ് തയ്യാറായില്ലെന്നും കുടുംബം ആരോപിച്ചു.

സംഭവത്തില്‍ സാത്താക്കുളം സ്‌റ്റേഷനിലെ രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ സ്ഥലം മാറ്റി. കസ്റ്റഡി മരണത്തില്‍ മദ്രാസ് ഹൈക്കോടതി സ്വമേധേയ കേസെടുത്തിട്ടുണ്ട്.

സര്‍ക്കാരിനെതിരെ രാഷ്ട്രീയനേതാക്കള്‍

കസ്റ്റഡി മരണത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ നടക്കുന്നത്. രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും നീതി ആവശ്യപ്പെട്ട് രംഗത്തെത്തി. മുഖ്യ പ്രതിപക്ഷ കക്ഷിയായ ഡിഎംകെ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. നിയമം കൈയ്യിലെടുക്കാന്‍ പൊലീസിനെ അനുവദിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന്‍ ആരോപിച്ചു. ലോക്ഡൗണില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട പൊലീസ് നിയമം കൈയ്യിലെടുക്കുകയായിരുന്നുവെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. ഇരുവരുടെയും കുടുംബത്തിന് 25 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനെയും ഡിഎംകെ സമീപിച്ചുണ്ട്.

പ്രതികരണവുമായി രാഹുല്‍ ഗാന്ധി

സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും പ്രതിഷേധിച്ചു. സംരക്ഷിക്കേണ്ടവര്‍ തന്നെ ദ്രോഹിക്കുന്നവരായി മാറുന്നുവെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. അതിന്റെ ദുരന്തമാണിതെന്ന് രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു. ഇരുവരുടെയും കുടുംബത്തിന് അനുശോചനം അറിയിച്ച രാഹുല്‍ഗാന്ധി നീതി ഉറപ്പാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ട്രെന്‍ഡിംഗ് ആയി #JusticeforJayarajAndBennix

തൂത്തുക്കുടി കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ പ്രതിഷേധം സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു. #JusticeforJayarajAndBennix എന്ന ഹാഷ്ടാഗിലാണ് പ്രതിഷേധം. സിനിമാ താരങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും കാമ്പെയിനിന് പിന്തുണയുമായെത്തിയിട്ടുണ്ട്. സംവിധായകന്‍ കാര്‍ത്തിക സുബ്ബരാജ്, ഖുഷ്ബു, ഹന്‍സിക മോട്വാനി, ജയം രവി. ഗൗതം കാര്‍ത്തിക് എന്നിവര്‍ പ്രതിഷേധിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in