പ്രവാസികളുടെ മടക്കം: ട്രൂനാറ്റ് പരിശോധന അപ്രായോഗികം; കേരളത്തിന്റെ നിര്‍ദേശം തള്ളി കേന്ദ്രം

പ്രവാസികളുടെ മടക്കം: ട്രൂനാറ്റ് പരിശോധന അപ്രായോഗികം; കേരളത്തിന്റെ നിര്‍ദേശം തള്ളി കേന്ദ്രം

പ്രവാസികള്‍ക്ക് ട്രൂനാറ്റ് റാപ്പിഡ് ടെസ്റ്റ് നടത്തി മടക്കിക്കൊണ്ടുവരുന്നതിനുള്ള കേരളത്തിന്റെ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ തള്ളി. വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചു. കേരളത്തിന്റെ നിര്‍ദേശം അപ്രായോഗികമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.

കോവിഡ് പരിശോധനാ ഫലം വേഗത്തില്‍ ലഭിക്കുന്ന സംവിധാനമാണ് ട്രൂനാറ്റ്. ചെലവ് കുറവാണ്. കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാണെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. കേരളം മുന്നോട്ട് വെച്ച ട്രൂനാറ്റ് പരിശോധന ഗള്‍ഫ് രാജ്യങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് ഓരോ രാജ്യത്തിന്റെയും നിലപാട് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനയച്ച മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രൂനാറ്റ പരിശോധന നടത്തുന്നില്ല. അവിടെ റാപ്പിഡ് ആന്റിബോഡി ടെസ്റ്റുണ്ട്. എന്നാല്‍ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയെ വിമാന യാത്ര നടത്താന്‍ യുഎഇ അനുവദിക്കുന്നില്ല.

ബഹ്‌റൈനും സൗദി അറേബ്യയും ട്രൂനാറ്റ് പരിശോധന അംഗീകരിക്കുന്നില്ല. അപ്രായോഗികമാണെന്ന നിലപാട് ഇരുരാജ്യങ്ങള്‍ക്കും ഉള്ളത്. ട്രൂനാറ്റ് പരിശോധന സംവിധാനം എംബസികള്‍ വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. നെഗറ്റീവ് ഫലം ഉള്ളവരെ മാത്രം വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചാല്‍ മതിയെന്നാണ് സംസ്ഥാനം അറിയിച്ചിട്ടുള്ളത്. രോഗബാധിതര്‍ക്കൊപ്പം യാത്ര ചെയ്യുന്നവര്‍ക്കും വൈറസ് ബാധയുണ്ടാകുമെന്നതാണ് സംസ്ഥാനം ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. രോഗം ബാധിച്ചവര്‍ക്കായി പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം.

Related Stories

No stories found.
logo
The Cue
www.thecue.in