'മുഖ്യമന്ത്രി സൈബര്‍ ഗുണ്ടയുടെ നിലവാരത്തിലേക്ക് താഴരുത്', കോടികളുടെ അഴിമതി തടഞ്ഞ പ്രതിപക്ഷത്തോട് അമര്‍ഷമെന്നും ചെന്നിത്തല

'മുഖ്യമന്ത്രി സൈബര്‍ ഗുണ്ടയുടെ നിലവാരത്തിലേക്ക് താഴരുത്', കോടികളുടെ അഴിമതി തടഞ്ഞ പ്രതിപക്ഷത്തോട്  അമര്‍ഷമെന്നും ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏതുകാര്യത്തിലാണ് പ്രതിപക്ഷം തുരങ്കം വെച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാണിക്കുക എന്നുള്ളത് പ്രതിപക്ഷത്തിന്റെ ധര്‍മ്മമാണ്. മഹാമാരിയെ നേരിടുന്നതില്‍ പ്രതിപക്ഷം ചുമതല നിറവേറ്റി. യോജിച്ച് പ്രവര്‍ത്തിച്ചപ്പോഴെല്ലാം സര്‍ക്കാര്‍ ഒറ്റയ്ക്ക് ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുഖ്യമന്ത്രി സൈബര്‍ ഗുണ്ടകളുടെ നിലവാരത്തിലേക്ക് താഴരുത്. സ്പ്രിങ്ക്‌ളര്‍ കേസ് തീര്‍ന്നിട്ടില്ല, ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടികളുടെ അഴിമതി തടഞ്ഞ പ്രതിപക്ഷത്തോട് മുഖ്യമന്ത്രിക്ക് അമര്‍ഷമാണ്. മുഖ്യമന്ത്രിയുടെ അമര്‍ഷം സ്വാഭാവികമാണ്, അത് സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ ചെന്നിത്തല, മുഖ്യമന്ത്രി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനും വെല്ലുവിളിച്ചു.

പ്രവാസികള്‍ അവിടെക്കിടന്ന് മരിക്കട്ടെ എന്ന നയമാണ് സര്‍ക്കാരിന്. പ്രതിപക്ഷ സംഘടനകളാണ് പ്രവാസികളെ സഹായിച്ചത്. കൊവിഡ് പ്രതിരോധത്തെ തളര്‍ത്തിയത് സര്‍ക്കാരിന്റെ പാളിച്ചകളാണ്. മുല്ലപ്പള്ളിയേക്കാള്‍ മോശം പദപ്രയോഗങ്ങള്‍ മുഖ്യമന്ത്രി നടത്തിയിട്ടുണ്ടെന്നും, അതുപോലെ ആളുകളെ അപമാനിക്കുന്ന പദപ്രയോഗം ആരും നടത്തിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. താമരശേരി ബിഷപ്പിനെ നികൃഷ്ട ജീവിയെന്ന് വിളിച്ചു. ദൈവദാസനായ അദ്ദേഹത്തെ നികൃഷ്ട ജീവിയെന്ന് വിളിച്ചിട്ട് ഇതുവരെ മാപ്പ് പറഞ്ഞില്ല. ഇന്ത്യന്‍ പാര്‍ലമെന്റിലെ മികച്ച അംഗമാണ് എന്‍കെ പ്രേമചന്ദ്രന്‍. അദ്ദേഹത്തെ പരനാറിയെന്ന് വിളിച്ചു, പിന്‍വലിച്ചില്ല. ടിപി ചന്ദ്രശേഖരനെ 51 വെട്ട് വെട്ടിക്കൊന്നിട്ട് ചോരയുടെ ചൂടാറും മുന്‍പ് കുലംകുത്തിയെന്ന് വിളിച്ചു. ചെറ്റ, ചെറ്റത്തരം എന്ന് പലവട്ടം മുഖ്യമന്ത്രി ഉപയോഗിച്ചു. മുല്ലപ്പള്ളിയുടെ പിതാവ് ഗോപാലനെ പോലും അപമാനിച്ചു.

മുല്ലപ്പള്ളിയുടെ പരാമര്‍ശത്തെ കുറിച്ച് മുല്ലപ്പള്ളി തന്നെ വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹം തന്നെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് വിശദീകരിച്ചു. കേരളത്തില്‍ ജനങ്ങള്‍ക്ക് അറിയാവുന്ന വ്യക്തിത്വമാണ് മുല്ലപ്പള്‌ലിയുടേത്. അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല. മുല്ലപ്പള്ളിയുടെ പിതാവിനെ സോഷ്യല്‍ മീഡിയയില്‍ അപമാനിക്കാന്‍ ശ്രമിക്കുന്ന സൈബര്‍ സഖാക്കളെ നിയന്ത്രിക്കാന്‍ പോലും പാര്‍ട്ടി നേതൃത്വം തയ്യാറാകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

സെക്രട്ടേറിയേറ്റില്‍ സമരം നടത്തിയത് പ്രവാസികളോടുള്ള ക്രൂരതയ്ക്ക് എതിരെയായിരുന്നു. സ്വാഭാവികമായി ആളുകള്‍ വന്നു. പ്രവര്‍ത്തകരോട് വരേണ്ടെന്ന് പറഞ്ഞിട്ടും വൈകാരികമായ വിഷയമായതിനാല്‍ ആളുകള്‍ വന്നു. കേസെടുക്കുന്നു, അതില്‍ പ്രശ്‌നമില്ല. ടിപി കേസിലെ കുറ്റവാളി കുഞ്ഞനന്തന്റെ സംസ്‌കാര ചടങ്ങില്‍ രണ്ടായിരം പേര്‍ പങ്കെടുത്തു. പോത്തന്‍കോട് സ്‌കൂളില്‍ മന്ത്രി പങ്കെടുത്ത പരിപാടിയിലും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് കേസെടുത്തില്ല. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹചടങ്ങില്‍ പരോളിലിറങ്ങിയ കൊലക്കേസ് പ്രതി പങ്കെടുത്തു. മാസ്‌ക് ധരിക്കാതെ ആളുകള്‍ കല്യാണത്തില്‍ പങ്കെടുത്തുവെന്നും ചെന്നിത്തല പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in