താമസം കാറ്റിലും മഴയിലും തകരുന്ന പ്ലാസ്റ്റിക് ഷീറ്റിട്ട ഷെഡില്‍,നാല്‌വര്‍ഷമായിട്ടും വീടെടുക്കാന്‍ സഹായം കിട്ടാത്തതിനെതുടര്‍ന്ന് ആത്മഹത്യ

താമസം കാറ്റിലും മഴയിലും തകരുന്ന പ്ലാസ്റ്റിക് ഷീറ്റിട്ട ഷെഡില്‍,നാല്‌വര്‍ഷമായിട്ടും വീടെടുക്കാന്‍ സഹായം കിട്ടാത്തതിനെതുടര്‍ന്ന് ആത്മഹത്യ

വയനാട് മുള്ളന്‍കൊല്ലി സ്വദേശി പാറക്കടവ് വിജയകുമാറിന്റെ ആത്മഹത്യ ഭവന നിര്‍മ്മാണ സഹായം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നെന്ന് ബന്ധുക്കള്‍. പ്ലാസ്റ്റിക് ഷീറ്റ് മറച്ചുള്ള ഷെഡില്‍ ആയിരുന്നു മൂന്ന് കുട്ടികള്‍ക്കും ഭാര്യക്കുമൊപ്പം വിജയകുമാര്‍ താമസിച്ചിരുന്നത്.

സ്വന്തമായി വീട് എന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ വിജയകുമാര്‍ നാല് വര്‍ഷമായി ഭവന നിര്‍മ്മാണ സഹായം തേടി അധികൃതരുടെ പിന്നാലെയായിരുന്നു. വയനാട്ടില്‍ മൂന്ന് മാസത്തിനിടെ ഭവന നിര്‍മ്മാണ സഹായം ലഭിക്കാത്തതിനെ തുടര്‍ന്നുള്ള രണ്ടാമത്തെ ആത്മഹത്യയാണിത്. കഴിഞ്ഞ ശനിയാഴ്ചയാണ് വിജയകുമാര്‍ ആത്മഹത്യ ചെയ്തത്. പ്രളയത്തില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മ്മിക്കാന്‍ സഹായം ലഭിക്കാത്തതിനെ തുടര്‍ന്ന് മേപ്പാടി സ്വദേശി സനില്‍ മാര്‍ച്ച് മൂന്നിന് ആത്മഹത്യ ചെയ്തിരുന്നു.

വിജയകുമാറും ഭാര്യ സ്മിതയും കൂലിപ്പണിയെടുത്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. മരപ്പണിയായിരുന്നു വിജയകുമാറിന്. അനുഗ്രഹ പേരില്‍ പഞ്ചായത്ത് നടപ്പാക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഈ കുടുംബം ഉള്‍പ്പെട്ടിരുന്നു. രണ്ട് ലക്ഷം രൂപയാണ് ഇതില്‍ നിന്ന് സഹായമായി ലഭിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതി വന്നപ്പോള്‍ നാല് ലക്ഷം രൂപ സഹായം ലഭിക്കുമെന്നതിനാല്‍ അതിലേക്കും അപേക്ഷിച്ചു. എന്നാല്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടില്ല. പിഎംഎവൈ സ്‌കീമിലേക്ക് അപേക്ഷിച്ചപ്പോള്‍ 51ാമത്തെ ഗുണഭോക്താവായാണ് പരിഗണിക്കപ്പെട്ടത്. പരിഗണനാ പട്ടികയില്‍ പിന്നിലായതിനാല്‍ അടുത്ത വര്‍ഷങ്ങളിലൊന്നും വീടെടുക്കാനുള്ള സഹായം കിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചതെന്ന് വിജയകുമാറിന്റെ ഭാര്യ സ്മിത ദ ക്യു'വിനോട് പ്രതികരിച്ചു.

ഭാര്യ സ്മിതയുടെ വാക്കുകള്‍

പണിയില്ലാതായതോടെ കടം കയറി. മുമ്പെടുത്ത ലോണുകളുടെ അടവും മുടങ്ങി. ഈ ബാധ്യത കൂടുന്നതിനിടെയാണ് വീടുനുള്ള സഹായം ലഭിക്കില്ലെന്ന വിവരവും ലഭിച്ചത്.

കാറ്റും മഴയും ഉള്ളപ്പോള്‍ ഷെഡില്‍ കഴിയുന്ന ഞങ്ങള്‍ ഇല്ലാതാകുമെന്ന് തോന്നും.

ഷീറ്റ് കൊണ്ട് മറച്ച ഷെഡിന് എത്ര സംരക്ഷിക്കാനാകും. വീടുണ്ടാക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ അദ്ദേഹം വലിയ മാനസിക വിഷമത്തിലായിരുന്നു. ഈ ഷെഡില്‍ എന്നെയും മക്കളെയും തനിച്ചാക്കി ദൂരെ ജോലി നോക്കി പോകാനും അദ്ദേഹത്തിന് ധൈര്യമുണ്ടായിരുന്നില്ല. പ്ലസ് ടുവിലും, പത്താംതരത്തിലും രണ്ടാം ക്ലാസിലും, പഠിക്കുന്ന മൂന്ന് ആണ്‍കുട്ടികളാണ് സ്മിതയ്ക്ക്.

പിഎംഎവൈ പദ്ധതിയില്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതില്‍ വ്യാപക ക്രമക്കേട് നടന്നതായി വിജയകുമാറിന്റെ കുടുംബം ആരോപിക്കുന്നു. സ്വന്തമായി ഭൂമിയും താമസയോഗ്യമായ വീടും ഉള്ളവരെ പട്ടികയില്‍ മുമ്പിലാക്കിയതോടെയാണ് പിന്‍തള്ളപ്പെട്ടതെന്നാണ് ഇവര്‍ പറയുന്നത്.

സ്മിതയുടെ കുടുംബത്തിന് വീട് വച്ച് നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ദ ക്യുവിനോട് പറഞ്ഞു.

ഷെഡില്‍ താമസിക്കുന്നതിനാല്‍ ഇവരെ ആദ്യം പരിഗണിക്കേണ്ടവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താമെന്നാണ് അധികൃതര്‍ ഇപ്പോള്‍ വിശദീകരിക്കുന്നത്. വിജയകുമാറിന്റെ ആത്മഹത്യ വിവാദമായതോടെ പഞ്ചായത്ത് ഭവനനിര്‍മ്മാണ പദ്ധതയില്‍ ഇവരെ വീണ്ടും ഉള്‍പ്പെടുത്തി. നാട്ടുകാരും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കര്‍മ്മസമിതി രൂപീകരിച്ച് വീട് നിര്‍മ്മാണം തുടങ്ങാനാണ് പഞ്ചായത്തിന്റെ ശ്രമം.

Related Stories

No stories found.
logo
The Cue
www.thecue.in