'കള്ളപ്പണക്കേസ് പിന്‍വലിക്കാന്‍ 5 ലക്ഷം വാഗ്ദാനം ചെയ്തു'; ഇബ്രാംഹിംകുഞ്ഞിനെതിരെ പരാതിക്കാരന്‍

'കള്ളപ്പണക്കേസ് പിന്‍വലിക്കാന്‍ 5 ലക്ഷം വാഗ്ദാനം ചെയ്തു'; ഇബ്രാംഹിംകുഞ്ഞിനെതിരെ പരാതിക്കാരന്‍

കള്ളപ്പണക്കേസ് പിന്‍വലിക്കാനായി മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് നേരിട്ട് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന് പരാതിക്കാരന്‍ ഗിരീഷ് ബാബു. പരാതിക്ക് പിന്നില്‍ ചില ലീഗ് നേതാക്കളാണെന്ന് പറയാന്‍ നിര്‍ബന്ധിച്ചതായും ഗിരീഷ് ബാബു ആരോപിച്ചു. പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം വിജിലന്‍സ് ഗിരീഷ് ബാബുവിന്റെ മൊഴി രേഖപ്പെടുത്തി.

കേസ് പിന്‍വലിക്കാന്‍ ഇബ്രാഹിംകുഞ്ഞിന്റെ ആളുകള്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയപ്പോഴാണ് പരാതിയുമായി കോടതിയെ സമീപിച്ചതെന്ന് പരാതിക്കാരന്‍ പറഞ്ഞു. കള്ളപ്പണക്കേസ് പിന്‍വലിക്കാന്‍ കരാര്‍ ഒപ്പിടാനും നിര്‍ബന്ധിച്ചു. നാട്ടില്‍ തനിക്ക് പരിചയമുള്ള ഇബ്രാഹംകുഞ്ഞുമായി അടുപ്പമുള്ള ചിലരാണ് ആദ്യം സമീപിച്ചതെന്നും, പിന്നീട് ഇബ്രാഹിംകുഞ്ഞ് നേരിട്ട് അഞ്ചുലക്ഷം രൂപ വാഗ്ദാനം ചെയ്തതായും പരാതിക്കാരന്‍ പറയുന്നു. ഗിരീഷ് ബാബു ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ രണ്ടാഴ്ചക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഐജിയോട് കോടതി നിര്‍ദേശിച്ചിരുന്നു.

നോട്ട് നിരോധന കാലത്ത് ഇബ്രാഹിംകുഞ്ഞിന്റെ നിയന്ത്രണത്തിലുള്ള മാധ്യമസ്ഥാപനത്തിന്റെ രണ്ട് അക്കൗണ്ടുകള്‍ വഴി 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. പാലാരിവട്ടം പാലം അഴിമതിയില്‍ നിന്ന് ലഭിച്ച പണമാണ് ഇതെന്നാണ് ആരോപണം. ഗിരീഷ് ബാബുവിന്റെ പരാതിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇബ്രാഹിംകുഞ്ഞിനെതിരെ കേസെടുത്തിരുന്നു. ഈ കേസില്‍ നിന്ന് പിന്‍മാറാന്‍ ഇബ്രാഹംകുഞ്ഞ് അഞ്ച് ലക്ഷം വാഗ്ദാനം ചെയ്‌തെന്നാണ് ഗിരീഷ് ബാബുവിന്റെ ആരോപണം.

Related Stories

No stories found.
logo
The Cue
www.thecue.in