തിയറ്ററുകളില്ലാതെ റിലീസിന് മലയാളവും, ജയസൂര്യയുടെ സൂഫിയും സുജാതയും ആമസോണ്‍ പ്രൈമിലൂടെ

തിയറ്ററുകളില്ലാതെ റിലീസിന് മലയാളവും, ജയസൂര്യയുടെ സൂഫിയും സുജാതയും ആമസോണ്‍ പ്രൈമിലൂടെ

ലോക്ക് ഡൗണ്‍ നീളുന്ന സാഹചര്യത്തില്‍ ബോളിവുഡില്‍ ഉള്‍പ്പെടെ പ്രധാന താരങ്ങളുടെ സിനിമകള്‍ ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലൂടെ റിലീസിലേക്ക് കടക്കുകയാണ്. തിയറ്ററുകള്‍ എന്ന് തുറക്കാനാകുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ മാര്‍ച്ച്, ഏപ്രില്‍,മേയ് റിലീസുകളായി പ്ലാന്‍ ചെയ്തിരുന്ന സിനിമകളാണ് വിവിധ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വഴി റിലീസ് ചെയ്യുന്നത്. മലയാളത്തില്‍ ആദ്യമായി ഡിജിറ്റല്‍ റിലീസിന് തയ്യാറെടുക്കുകയാണ് ജയസൂര്യ നായകനായ സൂഫിയും സുജാതയും. നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത സിനിമ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മിച്ചിരിക്കുന്നത്. അദിതി റാവു ഹൈദരിയാണ് നായിക. ജയസൂര്യയാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. സൂഫിയും സുജാതയും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുനരാരംഭിച്ചിട്ടുണ്ട്.

പൊന്‍മകള്‍ വന്താല്‍, ആദ്യം വിവാദം പിന്നെ പരിഹാരം

സൂര്യയുടെ 2ഡി എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിച്ച് ജ്യോതിക നായികയായ 'പൊന്‍മകള്‍ വന്താല്‍' എന്ന സിനിമ ഡിജിറ്റല്‍ റിലീസ് പ്രഖ്യാപിച്ചത് തമിഴകത്ത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സൂര്യ സഹകരിക്കുന്ന ഒരു സിനിമയും തിയറ്ററുകളില്‍ റിലീസ് ചെയ്യില്ലെന്ന് പ്രഖ്യാപിച്ചാണ് തമിഴകത്തെ തിയറ്ററുടമകള്‍ തീരുമാനത്തെ നേരിട്ടത്. സൂര്യക്ക് പിന്തുണയുമായി നിര്‍മ്മാതാക്കളും രംഗത്ത് വന്നു. 400ലേറെ സിനിമകള്‍ റിലീസ് വൈകുന്ന സാഹചര്യത്തില്‍ കോളിവുഡിലും കൂടുതല്‍ ചിത്രങ്ങള്‍ ഡിജിറ്റല്‍ റിലീസിന് തയ്യാറെടുക്കുകയാണ്.

ഗുലാബോ സിതാബോ മുതല്‍ ബോളിവുഡും

അമിതാബ് ബച്ചനെയും ആയുഷ്മാന്‍ ഖുരാനയെയും നായകന്മ#ാരാക്കി ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത ഗുലാബോ സിതാബോ ആണ് ബോളിവുഡില്‍ ആദ്യം ഡിജിറ്റല്‍ റിലീസ് പ്രഖ്യാപിച്ചത്. 51 വര്‍ഷത്തെ അഭിനയജീവിതത്തില്‍ ആദ്യമെന്നാണ് ബച്ചന്‍ ഇതിനെ വിശേഷിപ്പിച്ചത്. ആമസോണ്‍ പ്രൈം ആണ് ഗുലാബോ സിതാബോ പ്രേക്ഷകരിലെത്തിക്കുന്നത്.

ലക്ഷ്മി ബോംബും പരിഗണനയില്‍

കാഞ്ചനയുടെ റീമേക്ക് ആയി രാഘവ ലോറന്‍സ് ബോളിവുഡില്‍ ഒരുക്കിയ ലക്ഷ്മി ബോംബ് ഡിജിറ്റല്‍ റിലീസിനായി ഒരുങ്ങുകയാണ്. ബി ടൗണിലെ സൂപ്പര്‍താരം അക്ഷയ്കുമാര്‍ തിയറ്റര്‍ ഒഴിവാക്കി തന്റെ സിനിമ റിലീസ് ചെയ്യുന്നതിന് പിന്നാലെ കൂടുതല്‍ പേര്‍ ഇതിന് തയ്യാറെടുക്കുമെന്നാണ് സൂചന. ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ ആയിരിക്കും ലക്ഷ്മി ബോംബ് പ്രിമിയര്‍ ചെയ്യുക.

ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്നറിയപ്പെട്ടിരുന്ന ശകുന്തളാ ദേവിയുടെ ജീവിതം പ്രമേയമാക്കിയ വിദ്യാ ബാലന്‍ ചിത്രം ശകുന്തളാ ദേവി ഡിജിറ്റല്‍ റിലീസായിരിക്കും. മലയാളത്തില്‍ നിലവില്‍ 49 സിനിമകള്‍ മാര്‍ച്ച്, ഏപ്രില്‍, മേയ് റിലീസുകളായി ചാര്‍ട്ട് ചെയ്തിരുന്നതാണ്. സൂഫിയും സുജാതയും എന്ന സിനിമക്ക് പിന്നാലെ കൂടുതല്‍ ചിത്രങ്ങള്‍ ഡിജിറ്റല്‍ റിലീസിന് ഒരുങ്ങുമെന്നാണ് സൂചന.

Related Stories

No stories found.
logo
The Cue
www.thecue.in