അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങളെക്കാള്‍ പ്രാധാന്യം അര്‍ണബിന്, സുപ്രീം കോടതി ഭരണഘടനാ ഉത്തരവാദിത്തം നിറവേറ്റുന്നില്ല

അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങളെക്കാള്‍ പ്രാധാന്യം അര്‍ണബിന്, സുപ്രീം കോടതി ഭരണഘടനാ ഉത്തരവാദിത്തം നിറവേറ്റുന്നില്ല

കൊവിഡ് 19 ലോക്ക് ഡൗണ്‍ പ്രതിസന്ധിയില്‍ സുപ്രീം കോടതിയുടെ പ്രവര്‍ത്തനം നിരാശപ്പെടുത്തുന്നതെന്ന് മുന്‍ ജഡ്ജി മദന്‍ ബി ലോക്കൂര്‍. ഭരണഘടനാ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ വീഴ്ചയുണ്ടായെന്നും ജസ്റ്റിസ് ലോക്കൂര്‍. ഇത് പോലൊരു സാഹചര്യത്തില്‍ അതിഥി തൊഴിലാളികളുടെ പ്രശ്‌നത്തിനാണ് മറ്റെന്തിനെക്കാളും പ്രധാന്യം കല്‍പ്പിക്കേണ്ടത്. നാട്ടിലേക്ക് മടങ്ങണമെന്നതും ഭക്ഷണവും താമസവും കൂലിയും ഉറപ്പാക്കണമെന്നുമാണ് അവരുടെ ആവശ്യം. നിര്‍ണായകവും അടിയന്തര പ്രാധാന്യമുള്ളതുമായ വിഷയം ഇതാണ്. അല്ലാതെ പത്ത് എഫ്.ഐ.ആര്‍ നേരിടുന്നതല്ല. അന്തര്‍സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നത്തെക്കാള്‍ പ്രാധാന്യം അര്‍ണബ് ഗോസ്വാമിയുടെ ഹര്‍ജിക്ക് നല്‍കിയ സുപ്രീം കോടതിയെ വിമര്‍ശിച്ച് ജസ്റ്റിസ് ലോക്കൂര്‍ പറയുന്നു. ദ വയര്‍ അഭിമുഖത്തില്‍ കരണ്‍ ഥാപ്പറിനോടാണ് സുപ്രീം കോടതി മുന്‍ ജഡ്ജി ലോക്കൂറിന്റെ പ്രതികരണം.

റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരായ ഹര്‍ജി അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് സുപ്രീം കോടതി തെറ്റായ തീരുമാനമാണ് ഇക്കാര്യത്തില്‍ കൈക്കൊണ്ടതെന്നും മദന്‍ ബി ലോക്കൂര്‍. എന്താണ് ആ കേസില്‍ അടിയന്തര സാഹചര്യം, എഫ് ഐ ആറിന് മേല്‍ പൊലീസ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും ഇല്ലായിരുന്നു. അതേ സമയം അന്തര്‍സംസ്ഥാന തൊഴിലാളികളുടെ കാര്യമോ, ഈ കേസുമായി താരതമ്യം പോലും സാധ്യമല്ല. ദരിദ്രരായ മനുഷ്യര്‍ നേരിടുന്ന ഗുരുതര സാഹചര്യത്തിന് മറ്റെന്തുമായി താരതമ്യം സാധ്യമാകും. എല്ലാ നിലക്കും തെറ്റായ തീരുമാനമാണ്.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികളും ജമ്മു കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജികളും വാദം കേള്‍ക്കുന്നത് മാറ്റിയത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും ലോക്കൂര്‍.

കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ മാര്‍ച്ച് 13ന് ദൈനംദിനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ച് സുപ്രീം കോടതി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. അടിയന്തര സ്വഭാവമുള്ള കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പരിഗണിക്കുമെന്നതായിരുന്നു തുടര്‍ തീരുമാനം. അന്തര്‍സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി ഏപ്രില്‍ 27നാണ് പരിഗണിച്ചിരുന്നത്. ഏപ്രില്‍ 17നാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. സുപ്രീം കോടതിയുടെ മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതിലെ വീഴ്ചയെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും രംഗത്ത് വന്നിരുന്നു.

AD
No stories found.
The Cue
www.thecue.in