മാധ്യമപ്രവര്‍ത്തകനടക്കം 3 പേരെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തത് പന്തീരാങ്കാവ് കേസില്‍

മാധ്യമപ്രവര്‍ത്തകനടക്കം 3 പേരെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തത് പന്തീരാങ്കാവ് കേസില്‍

പന്തീരാങ്കാവ് യു.എ.പി.എ കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. വയനാട് സ്വദേശികളായ എല്‍ദോ വില്‍സണ്‍, വിജിത്ത്, ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനായ അഭിലാഷ് പടച്ചേരി എന്നിവരെയാണ് എന്‍ഐഎ കൊച്ചി യൂണിറ്റ് കസ്റ്റഡിയിലെടുത്തത്. മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

യുഎപിഎ ചുമത്തി കോഴിക്കോട് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും പിന്തുണക്കുന്ന പോസ്റ്ററുകള്‍, ലഘുലേഖകളും ഇവരുടെ താമസസ്ഥലത്ത് നിന്ന് പിടിച്ചെടുത്തതായി പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്യുന്നു. അലന്റെയും താഹയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് എന്‍ഐഎ അറിയിച്ചതായി മീഡിയാ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വയനാട്ടില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി ജലീലിന്റെ സഹോദരന്‍ സിപി റഷീദിന്റെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് മുപ്പതോളം പൊലീസുദ്യോഗസ്ഥര്‍ വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നുവെന്ന് സി.പി റഷീദ് ആരോപിക്കുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ചെറുകുളത്തൂരിലെ പരിയങ്ങാടില്‍ വാടകക്ക് താമസിക്കുകയായിരുന്നു എല്‍ദോയും വിജിത്തും. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് എന്‍ഐഎ സംഘം വീട് വളഞ്ഞ് ഇവരെ കസ്റ്റഡിയിലെടുത്തത്. കല്ലേരിയിലെ ട്യൂഷന്‍ സെന്ററിലെ അധ്യാപകരാണ് ഇവര്‍. കോഴിക്കോട്ടെ വീട്ടില്‍ നടത്തിയ പരിശോധനക്ക് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകനായ അഭിലാഷിനെ കസ്റ്റഡിയില്‍ എടുത്തത്. 2018ല്‍ വടയമ്പാടി ജാതിമതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അഭിലാഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related Stories

No stories found.
The Cue
www.thecue.in