അരങ്ങേറ്റം ‘കറുത്ത പൗര്‍ണമി’യിലൂടെ, സമ്മാനിച്ചത് ആയിരത്തിലേറെ മധുരഗാനങ്ങള്‍ ; വിടവാങ്ങിയത് നിത്യഹരിത ഈണങ്ങളുടെ ശില്‍പ്പി 

അരങ്ങേറ്റം ‘കറുത്ത പൗര്‍ണമി’യിലൂടെ, സമ്മാനിച്ചത് ആയിരത്തിലേറെ മധുരഗാനങ്ങള്‍ ; വിടവാങ്ങിയത് നിത്യഹരിത ഈണങ്ങളുടെ ശില്‍പ്പി 

നിത്യ ഹരിത ഈണങ്ങളുടെ സംഗീതകാരന്‍ എംകെ അര്‍ജുനന്‍ മാസ്റ്ററുടെ വിയോഗത്തില്‍ ആദരാഞ്ജലികളോടെ സാംസ്‌കാരിക കേരളം. കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 84 വയസ്സായിരുന്നു. ഇരുനൂറ് സിനിമകളിലായി ആയിരത്തിലേറെ ഗാനങ്ങള്‍ക്ക് ഈണമൊരുക്കിയിട്ടുണ്ട്. 1968 ല്‍ കറുത്ത പൗര്‍ണമി എന്ന ചിത്രത്തിന് സംഗീതമൊരുക്കിയായിരുന്നു സിനിമയിലെ അരങ്ങേറ്റം. നാടകഗാനങ്ങള്‍ ചിട്ടപ്പെടുത്തിയതാണ് സിനിമയിലേക്കെത്തിയത്. പള്ളിക്കുറ്റം എന്ന നാടകത്തിലാണ് ആദ്യം സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

തുടര്‍ന്ന് ചങ്ങനാശ്ശേരി ഗീത, പീപ്പിള്‍സ് തിയേറ്റര്‍, ദേശാഭിമാനി തിയേറ്റേഴ്‌സ്, ആലപ്പി തിയേറ്റേഴ്‌സ്, കാളിദാസ കലാകേന്ദ്രം, കെപിഎസി തുടങ്ങിയ നാടക സമിതികളില്‍ പ്രവര്‍ത്തിച്ചു. മുന്നൂറോളം നാടകങ്ങളിലായി എണ്ണൂറോളം പാട്ടുകള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. നാടകത്തിലെ മികച്ച സംഗീത സംവിധാനത്തിനുള്ള അംഗീകാരം പതിനഞ്ച് തവണ നേടി.നാടക ജീവിതത്തിനിടെ ദേവരാജന്‍ മാസ്റ്ററുമായി പരിചയപ്പെട്ടത് വഴിത്തിവായി. അദ്ദേഹത്തിന് വേണ്ടി ഹാര്‍മോണിയം വായിക്കുമായിരുന്നു. കറുത്ത പൗര്‍ണമി എന്ന ചിത്രത്തിലെ ഹൃദയമുരുകി നീ, മാനത്തിന്‍മുറ്റത്ത്,എന്നീ ഗാനങ്ങള്‍ ശ്രദ്ധേയമായതോടെ കൂടുതല്‍ അവസരങ്ങള്‍ തേടിയെത്തി.

ശ്രീകുമാരന്‍തമ്പി എംകെ അര്‍ജുനന്‍ ടീമിന്റെ ഗാനങ്ങളെല്ലാം മനോഹരമാണ്. വയലാര്‍, പി ഭാസ്‌കരന്‍, ഒഎന്‍വി കുറുപ്പ് എന്നിവര്‍ക്കൊപ്പവും മികച്ച ഗാനങ്ങളുണ്ടായി. പാലരുവി കരയില്‍, കസ്തൂരി മണക്കുന്നല്ലോ കാറ്റേ, ചെമ്പകത്തൈകള്‍ പൂത്താല്‍ , തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ, ചെട്ടികുളങ്ങര ഭരണി നാളില്‍.പാടാത്ത വീണയും പാടും, പൗര്‍ണമി ചന്ദ്രിക തൊട്ടുവിളിച്ചു, തുടങ്ങിയ ഗാനങ്ങള്‍ എല്ലാക്കാലവും മലയാളി മൂളുന്നവയാണ്. ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഓസ്‌കര്‍ വേദിയോളം യശസ്സുയര്‍ത്തിയ സംഗീതജ്ഞന്‍ എ ആര്‍ റഹ്മാന്‍ ആദ്യമായി കീബോര്‍ഡ് വായിച്ചത് അദ്ദേഹത്തിന്റെ കീഴിലായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in