Around us

‘ഏഷ്യാനെറ്റ് ക്ഷമ ചോദിച്ചു’; ഒരേ കുറ്റത്തിന് രണ്ട് ശിക്ഷ പാടില്ലെന്നതിനാല്‍ മീഡിയ വണ്ണിന്റെ വിലക്കും പിന്‍വലിച്ചെന്ന് വി മുരളീധരന്‍ 

നിരുപാധിക ക്ഷമാപണം നടത്തിയതിനാലാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ സംപ്രേഷണ വിലക്ക് പിന്‍വലിച്ചതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഒരേ കുറ്റത്തിന് രണ്ട് ശിക്ഷ നല്‍കാന്‍ പറ്റില്ലെന്നതിനാലാണ് മീഡിയ വണ്ണിന്റെ വിലക്ക് പിന്നീട് പിന്‍വലിച്ചതെന്നും വി മുരളീധരന്‍ തിരുവനന്തപുരത്ത് അവകാശപ്പെട്ടു. ആര്‍എസ്എസ്സിനെതിരെ വാര്‍ത്ത കൊടുക്കാം, എന്നാല്‍ ജനങ്ങളില്‍ വിദ്വേഷം ഉളവാക്കുന്ന തരത്തില്‍, ജയ്ശ്രീറാം വിളിക്കാത്തവരെ മര്‍ദ്ദിച്ചു, പള്ളികള്‍ പൊളിച്ചു എന്നെല്ലാം വസ്തുതാവിരുദ്ധമായ വിവരങ്ങളാണ് ഈ ചാനലുകള്‍ പ്രചരിപ്പിച്ചതെന്നും വി മുരളീധരന്‍ ആരോപിച്ചു. അതിനാലാണ് നടപടിയുണ്ടായതെന്നും വി മുരളീധരന്‍ വാദിക്കുന്നു.

Also Read: ‘അഭ്യര്‍ത്ഥനയോ, മാപ്പപേക്ഷയോ നടത്തിയിട്ടില്ല, വിലക്ക് കേന്ദ്രം സ്വയം നീക്കിയത്’; ഇതുവരെയുള്ള പാത തന്നെ പിന്‍തുടരുമെന്നും മീഡിയ വണ്‍ 

ജനരോഷം ഭയന്ന് പിന്‍വലിച്ചതാണെന്ന വാദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഉത്തരം താങ്ങുന്ന പല്ലി എന്ന പ്രയോഗമാണ് ഓര്‍മ്മവരുന്നത്. നിയമം പാലിക്കാന്‍ മാധ്യമസ്ഥാപനങ്ങള്‍ക്കും അതിലെ പ്രവര്‍ത്തകര്‍ക്കും ബാധ്യതയുണ്ട്. പരസ്പര വിദ്വഷേമുണ്ടാക്കുന്ന റിപ്പോര്‍ട്ടിംഗ് പാടില്ലെന്നത് ജനാധിപത്യ സംവിധാനത്തിലെ നിയമമാണ്. വാര്‍ത്താ പ്രക്ഷേപണത്തെക്കുറിച്ച് അംഗീകരിച്ചിട്ടുള്ള കേബിള്‍ ടിവി നിയമം ലംഘിച്ചതിനാണ് നടപടിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം