‘ആശ്വാസം സിനിമ; സാമ്പത്തിക മാന്ദ്യത്തില്‍ മനം മടുത്ത ജനത പ്രതിവിധി തേടുന്നത് തിയേറ്ററുകളില്‍’  

‘ആശ്വാസം സിനിമ; സാമ്പത്തിക മാന്ദ്യത്തില്‍ മനം മടുത്ത ജനത പ്രതിവിധി തേടുന്നത് തിയേറ്ററുകളില്‍’  

രാജ്യത്തെ തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും വര്‍ധിച്ചുകൊണ്ടിരിക്കെ അതില്‍ നിന്നുണ്ടാകുന്ന ഉണര്‍വില്ലായ്മയില്‍ നിന്ന് രക്ഷപെടാന്‍ ജനങ്ങള്‍ സിനിമയെ ആശ്രയിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വാഹന വിപണിയും വസ്ത്രവ്യാപാരവുമടക്കമുള്ളവയുടെ വളര്‍ച്ച താഴേക്ക് പോകുമ്പോഴും തിയ്യേറ്ററുകളില്‍ സിനിമ കാണാന്‍ എത്തുന്ന പ്രേക്ഷകരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് രാജ്യത്തെ പ്രധാന തിയ്യേറ്റര്‍ ശ്രംഖലയായ പിവിആര്‍ ലിമിറ്റഡ് പറയുന്നു.

ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള മൂന്ന് മാസത്തെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ അത് ഒരുപാട് പേരെ ഞെട്ടിപ്പിക്കുന്നതായിരിക്കുമെന്ന് പിവിആര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കമല്‍ ഗിനാചാന്ദനി പറഞ്ഞുവെന്ന് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തെ സാമ്പത്തിക മാന്ദ്യം തിയ്യേറ്റര്‍ ബിസിനസിനെ സഹായിക്കുന്നുണ്ടെന്നാണ് തോന്നുന്നത്. ആളുകള്‍ക്കിടയില്‍ വലിയൊരു മനംമടുപ്പുണ്ട്. അതില്‍ നിന്ന് രക്ഷപെടാനായി ആളുകള്‍ ശ്രമിക്കുകയാണ്. 

കമല്‍ ഗിനാചാന്ദനി

ജൂണില്‍ റിലീസ് ചെയ്ത കബീര്‍ സിംഗ് തിയ്യേറ്ററുകളില്‍ വിജയം നേടിയിരുന്നു. തുടര്‍ന്ന് റിലീസായ ചെറിയ ബജറ്റിലുള്ളതും താരതമ്യേന പരിചയമില്ലാത്ത അഭിനേതാക്കള്‍ അഭിനയിച്ചതുമായ സിനിമകള്‍ക്കും പ്രേക്ഷകരെ കിട്ടിയെന്ന് കമല്‍ പറയുന്നു. കണ്ടന്റ് മാത്രമല്ല അതിന്കാരണമെന്നും ബിസിനസിനെ സഹായിക്കുന്ന മറ്റെന്തോ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യം സാമ്പത്തികമാന്ദ്യം നേരിടുന്നതിന്റെ ഫലമായി വിവിധ മേഖലകള്‍ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ കുറച്ചുകാലമായി വന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ മാത്രം 300ലധികം ഷോറൂമുകള്‍ ഡീലര്‍ഷിപ്പ് നിര്‍ത്തി പൂട്ടിപ്പോയെന്ന് സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ്) അറിയിച്ചിരുന്നു.കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയാണിത്. 15000 പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.

മുംബൈ നഗരത്തിലെ ജീവിത ചെലവ് താങ്ങാനാകാതെ 9 ലക്ഷം പേര്‍ മറ്റ് സ്ഥലങ്ങളിലേക്ക് കുടിയേറിയെന്നതും സാമ്പത്തിക മാന്ദ്യം സാധാരണക്കാരെ എങ്ങനെ ബാധിച്ചുവെന്നതിന്റെ മറ്റൊരു തെളിവായിരുന്നു. 10 വര്‍ഷത്തിനിടെ ഒന്‍പത് ലക്ഷം പേരാണ് മഹാനഗരമായി വിശേഷിപ്പിക്കപ്പെടുന്ന മുംബൈ വിട്ട് മറ്റിടങ്ങളിലേക്ക് ചേക്കേറിയത്. താനെ ജില്ലയിലേക്ക് മാത്രം 8 ലക്ഷം പേര്‍ മാറിത്താമസിച്ചെന്നാണ് കണക്കെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നോട്ട് നിരോധനത്തിനും ജിഎസ്ടി നടപ്പാക്കലിനും പിന്നാലെ രാജ്യത്തെ സാധാരണക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും ജീവിത ചെലവ് വര്‍ധിച്ചതിനാല്‍ അടിവസ്ത്രത്തിന്റെയും ബിസ്‌കറ്റിന്റെയും കച്ചവടമുള്‍പ്പെടെ പ്രതിസന്ധി നേരിടുന്നുവെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in