സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സഭ പുറത്താക്കി; അപ്പീല്‍ നല്‍കും

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സഭ പുറത്താക്കി; അപ്പീല്‍ നല്‍കും

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ പരസ്യമായി പിന്തുണച്ച ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭാംഗം സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സഭയില്‍ നിന്ന് പുറത്താക്കി.സഭാചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചാണ് പുറത്താക്കല്‍. 10 ദിവസത്തിനകം മഠത്തില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് സൂപ്പീരിയര്‍ ജനറല്‍ അയച്ച കത്തില്‍ ആവശ്യപ്പെടുന്നു. എഫ്‌സിസി സന്യാസി സമൂഹത്തിന്റെ തീരുമാനത്തെ നിയമപരമായി നേരിടുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പ്രതികരിച്ചു.

മെയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗമാണ് സിസ്റ്റര്‍ ലൂസിയെ പുറത്താക്കാന്‍ തീരുമാനിച്ചത്. ദാരിദ്രവ്രതം ലംഘിച്ച് കാറ് വാങ്ങിയെന്നതും ശമ്പളം സഭയ്ക്ക് നല്‍കിയില്ലന്നതും സിനജ് തീരുമാനം ലംഘിച്ച് ചാനലുകളില്‍ ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നതുമാണ് പുറത്താക്കലിന് കാരണമായി സഭ പറയുന്നത്. സിസ്റ്റര്‍ ലൂസി നല്‍കിയ വിശദീകരണം തൃപ്തികരമല്ല. നോട്ടീസുകള്‍ക്ക് കൃത്യമായ മറുപടി നല്‍കിയില്ലെന്നും കത്തിലുണ്ട്.

കാനോന്‍ നിയമപ്രകാരം പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ച് കത്തോലിക്ക സഭ നേരത്തെ സിസ്റ്റര്‍ ലൂസിക്ക് നോട്ടീസ് നല്‍കിയിരുന്നു. സഭയുടെ വിലക്ക് മറികടന്ന് കന്യാസ്ത്രീ സമരത്തെ പിന്തുണച്ചതാണ് നടപടി നേരിടാന്‍ കാരണമായത്. പുറത്താക്കി കൊണ്ടുള്ള കത്ത് ഇന്ന് രാവിലെയാണ് ലഭിച്ചതെങ്കിലും നിയമപരമായി നേരിടാനാണ് ലൂസിയുടെ തീരുമാനം.

Related Stories

No stories found.
logo
The Cue
www.thecue.in