മന്ത്രി എ കെ ബാലന്‍
മന്ത്രി എ കെ ബാലന്‍
Around us

‘യൂത്ത് കോണ്‍ഗ്രസില്‍ ഒരു പ്രത്യേക ആശയത്തിന്റെ സ്വാധീനം’; ഉത്തരേന്ത്യയില്‍ കാണുന്ന വൈകൃതം കേരളത്തിലുമെന്ന് മന്ത്രി എ കെ ബാലന്‍

THE CUE

THE CUE

സിപിഐഎം എംല്‍എ ഗീതാ ഗോപിക്കെതിരെ ചാണകവെള്ളം തളിക്കല്‍ അധിക്ഷേപം നടത്തിയ യൂത്ത് കോണ്‍ഗ്രസിന് നേരെ രൂക്ഷവിര്‍ശനവുമായി സാംസ്‌കാരികവകുപ്പ് മന്ത്രി എ കെ ബാലന്‍. ഉത്തരേന്ത്യയില്‍ കാണുന്ന വൈകൃതം കേരളത്തിലും കണ്ടുതുടങ്ങിയെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിക്കാണ് ഇത്തരത്തില്‍ ഒരു അനുഭവമുണ്ടായത്. അതിന്റെ ഗൗരവത്തില്‍ തന്നെ പൊതുസമൂഹം ഇത് കാണണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇതൊക്കെ രൂപപ്പെടുന്നതിന്റെ ഒരു പ്രധാന കാരണം ഒരു പ്രത്യേക ആശയത്തിന്റെ സ്വാധീനമാണ്. ആ ആശയം ഉല്‍പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളാണ് ഇതൊക്കെ. പല രൂപത്തിലും ഇതൊക്കെ ഇനിയും പ്രത്യക്ഷപ്പെടും.

എ കെ ബാലന്‍

അയിത്തമൊക്കെ മാറിപ്പോയെങ്കിലും ഈ രൂപത്തിലുള്ള വൈകൃതങ്ങള്‍ ചിലരുടെ മനസില്‍ ഇപ്പോഴും ഉണ്ട്. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് ഇപ്പോഴും പറയുന്നതിന്റെ പ്രധാനകാരണം അതാണെന്നും മന്ത്രി വ്യക്തമാക്കി.

കുത്തിയിരിപ്പ് സമരം നടത്തിയ ഇടത്ത് ചാണകവെള്ളം തളിച്ച് പട്ടികജാതിക്കാരിയായ തന്നെ ജാതീയമായി അധിക്ഷേപിച്ച യൂത്ത് കോണ്‍ഗ്രസ് നടപടിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് നാട്ടിക എംഎല്‍എ ഗീതാഗോപി ദ ക്യുവിനോട് പറഞ്ഞിരുന്നു. വിഷയത്തില്‍ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമമന്ത്രി എകെ ബാലനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ജൂലൈ 30 ന് പരാതി നല്‍കും. വിഷയത്തില്‍ ചേര്‍പ്പ് പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ജാതീയ അധിക്ഷേപത്തിനെതിരെ ഫോട്ടോയില്‍ കാണുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം. ദളിത് വിഭാഗാംഗമായ തന്നെ ജാതീയമായി അവഹേളിച്ചത് കടുത്ത മാനസിക വേദനയുണ്ടാക്കിയെന്നും സിപിഐഎം എംഎല്‍എ പറഞ്ഞു.

ജനങ്ങള്‍ക്കുവേണ്ടി ഒരു പ്രശ്നത്തില്‍ ഇടപെട്ടതിന് ജാതിവെറിയോടെയും ജനാധിപത്യവിരുദ്ധമായും പെരുമാറുന്നത് അങ്ങേയറ്റം വേദനാജനകമാണ്. നാളെകളിലും വിവിധ വിഷയങ്ങളില്‍ പ്രതികരിക്കേണ്ടി വരും. വിവിധ ഓഫീസുകളില്‍ കുത്തിയിരിപ്പ് ഉള്‍പ്പെടെ നടത്തേണ്ടി വരും. അപ്പോഴൊക്കെ യൂത്ത് കോണ്‍ഗ്രസുകാര്‍ ചാണകവും ചൂലുമായി വരുമെന്ന ഭയമുണ്ട്.

ഗീതാ ഗോപി

ചേര്‍പ്പ് മുതല്‍ തൃപ്രയാര്‍ വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് എംഎല്‍എ പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റതില്‍ ഗീത ഗോപി എംഎല്‍എയെ നാട്ടുകാര്‍ വഴിയില്‍ തടഞ്ഞതിന് പിന്നാലെയാണ് സിവില്‍ സ്റ്റേഷനിലെ പൊതുമരാമത്ത് വകുപ്പ് ഓഫീസിലെത്തി പ്രതിഷേധിച്ചത്. ഒടുവില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പാറപ്പൊടിയിറക്കി കുഴി മൂടിയതോടെയാണ് എംഎല്‍എ സമരം അവസാനിപ്പിച്ചത്. ഇവര്‍ പോയ ഉടന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി ഇവിടെ ചാണകവെള്ളം തളിക്കുകയായിരുന്നു. എംഎല്‍എയുടെ സമരം പ്രഹസനമാണെന്ന് ആരോപിച്ചായിരുന്നു നടപടി. ഇതിനെതിരെയാണ് സിപിഐ എംഎല്‍എ കൂടിയായ ഗീതാഗോപിയുടെ പരാതി.