തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തന്നെയെന്ന് കേന്ദ്രം; രാജ്യസഭയില്‍ ഒരുമിച്ച് എതിര്‍ത്ത് ഇടത്-കോണ്‍ഗ്രസ് എംപിമാര്‍ 

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തന്നെയെന്ന് കേന്ദ്രം; രാജ്യസഭയില്‍ ഒരുമിച്ച് എതിര്‍ത്ത് ഇടത്-കോണ്‍ഗ്രസ് എംപിമാര്‍ 

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കുന്ന നടപടികളുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്രസര്‍ക്കാര്‍. വ്യോമയാനമന്ത്രി ഹര്‍ദീര്‍ സിംഗ് പുരി രാജ്യസഭയെ ഇക്കാര്യം അറിയിച്ചു. കൊച്ചി വിമാനത്താവളം സ്വകാര്യമേഖലയിലാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനയെ കോണ്‍ഗ്രസും ഇടതുപക്ഷവും ഒരുമിച്ച് എതിര്‍ത്തു.

വ്യോമയാന മേഖലയില്‍ പരിചയ സമ്പത്തുള്ള കമ്പനികളെയാണ് വിമാനത്താവളങ്ങള്‍ ഏല്‍പ്പിക്കുന്നത്. കമ്പനികളുടെ സാമ്പത്തിക സ്ഥിതിയും സര്‍ക്കാര്‍ പരിശോധിക്കും. എയര്‍പോര്‍ട്ടിന്റെ സുരക്ഷ, കസ്റ്റംസ് എന്നിവയുടെ മേല്‍നോട്ടം സര്‍ക്കാറിനായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ആറ് വിമാനത്താവളങ്ങളാണ് സ്വകാര്യ കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കുന്നത്. ലേല നടപടികള്‍ പൂര്‍ത്തിയായി. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി രംഗത്തുണ്ട്. കേരളത്തിന്റെ ആശങ്ക മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ടെന്ന് വ്യോമയാന മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. കൊച്ചി വിമാനത്താവളം സ്വകാര്യവത്കരിച്ച കേരളം എന്തിനാണ് ഇപ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതെന്ന് മന്ത്രി ചോദിച്ചു. ഇത് ബഹളത്തിനിടയാക്കി.

തിരുവനന്തപുരത്തിന് പുറമേ അഹമ്മദാബാദ്, ലക്നൗ, ജെയ്പുര്‍, ഗുവാഹട്ടി, മംഗലാപുരം വിമാനത്താവളങ്ങളാണ് കൈമാറുന്നത്. അമ്പത് വര്‍ഷത്തേക്കാണ് നടത്തിപ്പ് ചുമതല. ലേലത്തിലൂടെയാണ് അദാനി ഈ ആറ് വിമാനത്താവളങ്ങള്‍ പിടിച്ചത്. അദാനിയെ ഏല്‍പ്പിക്കുന്നത് വിമാനത്താവളത്തിന്റെ വികസനത്തിന് തടസ്സമാകുമെന്നും സര്‍ക്കാറിനെ ശത്രുപക്ഷത്ത് നിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാറിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള കെ എസ് ഐ ഡി സി ലേലത്തില്‍ പങ്കെടുത്തിരുന്നെങ്കിലും രണ്ടാമത് എത്താനേ കഴിഞ്ഞിരുന്നുള്ളു.

Related Stories

No stories found.
logo
The Cue
www.thecue.in