അട്ടപ്പാടി ആദിവാസി ഭൂമിയില്‍ അനധികൃത പാട്ടക്കൃഷി; ഊരുകളില്‍ വീടും കൃഷിയിടവും എന്‍ ജി ഒ കൈയടക്കുന്നെന്ന് ആരോപണം 

അട്ടപ്പാടി ആദിവാസി ഭൂമിയില്‍ അനധികൃത പാട്ടക്കൃഷി; ഊരുകളില്‍ വീടും കൃഷിയിടവും എന്‍ ജി ഒ കൈയടക്കുന്നെന്ന് ആരോപണം 

ആദിവാസി ഭൂമിയില്‍ പാട്ടക്കരാര്‍ ഉണ്ടാക്കുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ അട്ടപ്പാടിയില്‍ അനധികൃത വീട് നിര്‍മ്മാണവും 5000 ഏക്കറില്‍ എന്‍ ജി ഒയുടെ പാട്ടകൃഷിയും. ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി എന്ന എന്‍ ജി ഒയാണ് പദ്ധതിക്ക് പിന്നില്‍. അഞ്ച് വര്‍ഷത്തേക്കാണ് കരാറെന്ന് ആദിവാസികളെ വിശ്വസിപ്പിച്ച് 35 വര്‍ഷത്തേക്കുള്ള കരാറില്‍ കുരുക്കുകയാണെന്ന് ഐടിഡിപി പാലക്കാട് ജില്ലാ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് അപേക്ഷ ക്ഷണിച്ച ശേഷം ഊരു മൂപ്പനടക്കമുള്ളവരെ മുന്നില്‍ നിര്‍ത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ ആയിരം വീടുകള്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞാണ് ഈ സംഘടന രംഗപ്രവേശം ചെയ്തത്. ഇതില്‍ 163 വീടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിര്‍മ്മിച്ച വീടുകളില്‍ ഓരോന്ന് വീതം കൈവശപ്പെടുത്തി സൊസൈറ്റിയുടെ ഓഫീസാക്കി മാറ്റിയെന്ന് പരാതിയുണ്ട്. ആദിവാസി ഭൂമിയില്‍ പുറമേ നിന്നുള്ളവര്‍ നിര്‍മ്മാണം നടത്തുന്നതിന് ജില്ലാ കലക്ടറുടെ മുന്‍കൂര്‍ അനുമതി വേണമെന്നിരിക്കെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിലക്ക് മറികടന്ന് അനധികൃതമായി വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ആദിവാസി ഭൂമി മറ്റൊരാള്‍ക്ക് ഇഷ്ടദാനം നല്‍കണമെങ്കിലോ വികസന പ്രവര്‍ത്തനത്തിനായി വിട്ട് കൊടുക്കാന്‍ പോലും ജില്ലാ കളക്ടറുടെ അനുമതി വേണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഹൈറേഞ്ച് ഡവലപ്‌മെന്റ് സൊസൈറ്റിയുടെ പദ്ധതിക്ക് ഇത്തരം അനുമതികളൊന്നും തന്നെ വാങ്ങിയിരുന്നില്ല. തരിശ് ഭൂമിയില്‍ കൃഷി ചെയ്യാന്‍ സഹായിക്കുന്ന പദ്ധതിയെന്ന് പറഞ്ഞാണ് ആദിവാസികളെ സമീപിച്ചത്.

ഷോളയൂര്‍, പുതൂര്‍, അഗളി പഞ്ചായത്തുകളിലാണ് എന്‍ ജി ഒയുടെ പ്രവര്‍ത്തനം. പാട്ടകൃഷിക്കായി ആദിവാസികളില്‍ നിന്ന് 284 അപേക്ഷ ലഭിച്ചിട്ടുണ്ടെന്ന് പദ്ധതിയുടെ പ്രൊജക്ട് കണ്‍വീനറായ ഊരു മൂപ്പന്‍ ഡി നാരായണന്‍ ദ ക്യൂവിനോട് പറഞ്ഞു.

ആദിവാസികളുടെ ഉടമസ്ഥതയിലുള്ള തരിശ് ഭൂമികള്‍ കൃഷിയോഗ്യമാക്കി കൊടുക്കുന്നതാണ് പദ്ധതി. ജലസേചന സൗകര്യമുള്‍പ്പെടെ ഉണ്ടാകും. ജോലി ചെയ്യുന്നവര്‍ക്ക് കൂലി നല്‍കും. അയ്യായിരം ഏക്കറിലാണ് കൃഷി ചെയ്യുക. അട്ടപ്പാടിയിലെ എല്ലാ ഊരുകളിലും പദ്ധതി നടപ്പാക്കും. തരിശ് ഭൂമി ഇങ്ങനെ കിടക്കാന്‍ തുടങ്ങിയിട്ട് കുറെ കാലമായി. ആദിവാസികളോട് ഒരു പൈസ പോലും വാങ്ങാതെയാണ് പ്രൊജക്ട് നടപ്പാക്കുന്നത്. ഔഷധ സസ്യങ്ങളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. മറ്റ് കൃഷികളും ചെയ്യാം. എത്ര ഏക്കര്‍ വേണമെങ്കിലും ഓരോരുത്തര്‍ക്കും കൃഷി ചെയ്യാം. ആദിവാസികള്‍ക്ക് 60 ശതമാനം നല്‍കും. അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍. ഒറിജിനല്‍ രേഖകളൊന്നും നല്‍കേണ്ടതില്ല. ആദിവാസികള്‍ക്ക് വേണ്ടി മാത്രമുള്ള പദ്ധതിയാണിത്.

ഡി നാരായണന്‍

പദ്ധതി നിയമവിരുദ്ധമാണെന്നും കൃഷി ചെയ്യുന്നതിനുള്ള കരാര്‍ എത്ര വര്‍ഷത്തേക്കാണെന്നതോ ആദിവാസികള്‍ക്ക് ലഭിക്കുന്ന ലാഭവിഹിതത്തെക്കുറിച്ചോ കൃത്യമായ വ്യവസ്ഥയില്ലെന്നും ഐടിഡിപി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ കൃഷ്ണപ്രകാശ് പറയുന്നത്

‘സൊസൈറ്റി ആദിവാസികളുടെ ഭൂമിയില്‍ കൃഷി ചെയ്യാനുള്ള അപേക്ഷ ക്ഷണിച്ചു. എന്നാല്‍ ആ അപേക്ഷയില്‍ കരാറിന്റെ കാലാവധി നിശ്ചയിച്ചിട്ടില്ലായിരുന്നു. സൊസൈറ്റി പറയുന്ന നിര്‍ദേശങ്ങളെല്ലാം അംഗീകരിക്കുന്നുവെന്നും ഓരോ സമയത്തുമുള്ള നിബന്ധനകള്‍ അംഗീകരിക്കുമെന്നുമുള്ള കരാറാണിത്. എന്നാല്‍ ആദിവാസികള്‍ക്ക് ലഭിക്കുന്ന വരുമാനത്തെക്കുറിച്ചുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ഇതിലില്ല. കമ്പനിയുടെ നിബന്ധനകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന വ്യവസ്ഥയാണ് കരാറിലുണ്ടായിരുന്നത്. അതാണ് ഞങ്ങള്‍ എതിര്‍ത്തത്. ഭൂമി വിനിയോഗിക്കുന്നതിന്റെ സ്വഭാവം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂമി കൈമാറ്റമോ പാട്ടമോ പറ്റില്ല. എന്നാല്‍ ഭൂമി വിനിയോഗിക്കാനുള്ള അധികാരം താല്‍കാലികമായി നല്‍കാന്‍ കഴിയും. അത് സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ മാത്രമേ പാടുള്ളു. ജില്ലാ കലക്ടര്‍ വിവരങ്ങള്‍ രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കരാര്‍ കാലാവധിയില്‍ വ്യക്തതയില്ല. എന്‍ ജി ഒ നടത്തുന്ന പദ്ധതിയായതിനാല്‍ ഞങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നില്ല. ഏതെങ്കിലും തരത്തില്‍ ഒളിച്ചു വക്കേണ്ടതായി നിര്‍ദേശം നല്‍കിയതിനാലാവാം ആദിവാസികള്‍ ഇങ്ങനെ പറയുന്നത്. അവരുടെ ഭൂമി അന്യാധീനപ്പെടാതിരിക്കാനുള്ള നടപടികളാണ് ഞങ്ങള്‍ സ്വീകരിക്കുന്നത്. ആദിവാസികളോ സൊസൈറ്റിയോ ഞങ്ങളോട് ഇക്കാര്യം പറഞ്ഞിട്ടില്ല’.

35 വര്‍ഷത്തേക്കുള്ള കരാറാണ് ആദിവാസികളുമായി സൊസൈറ്റി ഉണ്ടാക്കാന്‍ ശ്രമിച്ചതെന്ന് അട്ടപ്പാടിയിലെ സാമൂഹ്യ പ്രവര്‍ത്തകരും വ്യക്തമാക്കുന്നു. എന്നാല്‍ കരാര്‍ അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ അവസാനിക്കുമെന്നാണ് പ്രൊജക്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആദിവാസികള്‍ ആവര്‍ത്തിക്കുന്നത്.

കരാറില്‍ മാത്രമല്ല എന്താണ് കൃഷി ചെയ്യുന്നതെന്നതിലും ദുരൂഹതയുണ്ട്. ഇതുസംബന്ധിച്ചുള്ള കാര്യങ്ങള്‍ കരാറിലില്ല. ആദിവാസികളും സൊസൈറ്റിയും നേരിട്ടായിരുന്നു എല്ലാ ചര്‍ച്ചകളുമെന്നാണ് ഉദ്യോഗസ്ഥരും പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in