മലപ്പുറത്തെ ഡിഫ്തീരിയ മരണം, കുട്ടിക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ വീട്ടുകാര്‍ അനുവദിച്ചില്ലെന്ന് ആരോഗ്യവകുപ്പ് 

മലപ്പുറത്തെ ഡിഫ്തീരിയ മരണം, കുട്ടിക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ വീട്ടുകാര്‍ അനുവദിച്ചില്ലെന്ന് ആരോഗ്യവകുപ്പ് 

ബിസിജി മാത്രമാണ് കുട്ടിക്ക് നല്‍കിയിരുന്നത് 

ഡിഫ്തീരിയ ബാധിച്ച് മരിച്ച മലപ്പുറം പെരുമ്പടപ്പ് സ്വദേശിയായ കുട്ടിക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കാന്‍ രക്ഷിതാക്കള്‍ അനുവദിച്ചില്ലെന്ന് ആരോഗ്യവകുപ്പ്. വാക്‌സിനേഷന്‍ കലണ്ടറിലെ ബിസിജി മാത്രമാണ് കുട്ടിക്ക് നല്‍കിയിരുന്നത്. ഈ മാസം ഒമ്പതാം തിയ്യതിയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് കുട്ടി മരിച്ചത്.

ഡിഫ്തീരിയ ലക്ഷണങ്ങളോടെ ചികിത്സ തേടിയ കുട്ടിയുടെ നില ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടര്‍ കെ കെ പുരുഷോത്തമന്‍ പറഞ്ഞു. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമായി അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത്തരം അവസ്ഥയിലേക്കെത്തുക. രാത്രിയോടെ ഹൃദയസ്തംഭനമുണ്ടായി മരിച്ചു.

മലപ്പുറം ജില്ലയില്‍ മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെപ്പെടുപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് അധികൃതര്‍ നിരന്തരം കയറിയിറങ്ങിയിട്ടും ഈ കുട്ടിയുടെ രക്ഷിതാക്കള്‍ തയ്യാറായില്ലെന്ന് മലപ്പുറം ഡി എം ഒ ഡോക്ടര്‍ സക്കീന പറഞ്ഞു. ഡിഫ്തീരിയ ലക്ഷണങ്ങളോടെയാണ് കുട്ടി മരിച്ചിരിക്കുന്നതെന്നും ബോധവത്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഡോക്ടര്‍ സക്കീന അറിയിച്ചു.

മലപ്പുറത്തെ വിവിധയിടങ്ങളിലായി വാടക വീടെടുത്ത് താമസിക്കുകയാണ് മരിച്ച കുട്ടിയുടെ കുടുംബം. ഓരോ പ്രദേശത്തേയും ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരുടെ വീട്ടിലെത്തി കുട്ടിക്ക് കുത്തിവെപ്പെടുക്കാന്‍ ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നാണ് ഡി എം ഒ പറയുന്നത്. മൂത്ത കുട്ടിക്ക് വാക്‌സിനുകള്‍ നല്‍കിയിട്ടുണ്ട്. എങ്കിലും നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിര്‍ബന്ധിത വാക്‌സിനുകള്‍ എടുക്കുന്നതില്‍ മലപ്പുറം ജില്ലയാണ് പുറകില്‍ നില്‍ക്കുന്നത്. 2016 ലാണ് കൂടുതല്‍ ഡിഫ്തീരിയ കേസുകള്‍ റിപ്പോര്‍്ട്ട് ചെയ്തിരുന്നത്. ആരോഗ്യവകുപ്പിന്റെ ഇടപെടലിലൂടെ പിന്നീടുള്ള രണ്ട് വര്‍ഷവും കേസുകളുടെ എണ്ണം കുറഞ്ഞിരുന്നു.

തൊണ്ടയിലും മൂക്കിലും ബാധിക്കുന്ന രോഗമാണ് ഡിഫ്തീരിയ. ശ്വാസതടസ്സം, ചുമ, മൂക്കൊലിപ്പ്, ശരീരവേദന,ശക്തികൂടി പനി, തൊണ്ടവേദന, വീക്കം എന്നിവയാണ് ലക്ഷണങ്ങള്‍. തൊണ്ടയില്‍ പാട കാണാം. രെസ്പിറേറ്ററി സിസ്റ്റത്തെ ബാധിക്കും. കോര്‍ണി ബാക്ടീരിയം ഡിഫ്തീരിയ പടര്‍ത്തുന്നത്. ബാക്ടീരിയ ടോക്സിന്‍ ഉത്പാദിപ്പിക്കുന്നു. ഇത് കോശങ്ങളുടേയും അവയവങ്ങളുടേയും പ്രവര്‍ത്തനത്തെ ബാധിക്കുന്നു. വായുവിലൂടെയാണ് രോഗം പടരുന്നത്. ഇതിന് പ്രതിരോധ മരുന്നുണ്ട്. കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ഡി പി ടി വാക്സിന്‍ ഡിഫ്തീരിയക്ക് എതിരായ പ്രതിരോധ വാക്സിനാണ് . ഒന്നര വയസ്സിലും അഞ്ച് വയസ്സിലും ബൂസ്റ്റര്‍ ഡോസും നല്‍കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in