വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ നിപ വൈറസിന്റെ സാന്നിധ്യം ഇല്ല,  ഉറപ്പിക്കാന്‍ പൂനൈയില്‍ പരിശോധന 

വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ നിപ വൈറസിന്റെ സാന്നിധ്യം ഇല്ല, ഉറപ്പിക്കാന്‍ പൂനൈയില്‍ പരിശോധന 

നിപ വൈറസിന്റെ ഉറവിട പരിശോധന തുടരുകയാണ് 

നിപ ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ വൈറസിന്റെ സാന്നിധ്യം ഇല്ലാതായതായി പരിശോധനാപലം. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. മെഡിക്കല്‍ കോളേജില്‍ സജ്ജീകരിച്ച പ്രത്യേക ലാബില്‍ പൂനൈയില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്. സ്ഥിരീകരിക്കുന്നതിനായി സാമ്പിളുകള്‍ പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.

വിദ്യാര്‍ത്ഥിയുമായി ഇടപെട്ടവരെ തീവ്ര നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍ ആര്‍ക്കും രോഗ ലക്ഷണങ്ങളില്ല. ഈ പട്ടികയിലുള്ള 52 പേരും നിരീക്ഷണത്തിലാണ്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്ന നാലു പേരും ആശുപത്രി വിട്ടു. ഇവരുടെ പരിശോധനാഫലം കഴിഞ്ഞ ദിവസം വന്നിരുന്നു.

അതേസമയം നിപ വൈറസിന്റെ ഉറവിട പരിശോധന തുടരുകയാണ്. കേന്ദ്ര സംഘം തൊടുപുഴയില്‍ വിദ്യാര്‍ത്ഥി താമസിച്ചിരുന്ന വീടിന് സമീപം പരിശോധിക്കുകയാണ്. വൈറസിനെ പിടിച്ച് സാമ്പിളുകള്‍ പൂനൈയിലേക്ക് അയക്കും.

വിദ്യാര്‍ത്ഥിയുടെ പറവൂരിലെ വീട്ടിലും തൃശ്ശൂരിലെ തൊഴില്‍ പരിശീലന കേന്ദ്രത്തിലും പരിശോധന നടത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ചു അന്വേഷണം നടക്കുന്നുണ്ട്. ഏതൊക്കെ വഴികളിലൂടെ സഞ്ചരിച്ചുവെന്ന് കണ്ടെത്തുന്നതിനാണിത്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി,നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് എന്നിവ ചേര്‍ന്നാണ് വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള സാമ്പിളുകള്‍ ശേഖരിക്കുന്നത്. ഇതുവരെ ശേഖരിച്ച സാമ്പിളുകളുടെ ഫലം അടുത്ത ദിവസങ്ങളില്‍ ലഭിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in