‘ആ മരങ്ങള്‍ എനിക്ക് മക്കള്‍’, മുറിക്കാനനുവദിക്കില്ലെന്ന് 107 കാരി ; അലൈന്‍മെന്റ് മാറ്റാന്‍ കര്‍ണാടക സര്‍ക്കാര്‍ 

‘ആ മരങ്ങള്‍ എനിക്ക് മക്കള്‍’, മുറിക്കാനനുവദിക്കില്ലെന്ന് 107 കാരി ; അലൈന്‍മെന്റ് മാറ്റാന്‍ കര്‍ണാടക സര്‍ക്കാര്‍ 

റോഡ് വികസനത്തിന്റെ പേരില്‍ നൂറുകണക്കിന് മരങ്ങള്‍ വെട്ടിനിരത്തുന്നതിനെതിരെ കര്‍ണാടകയില്‍ നിന്നുള്ള 107 കാരിയായ പത്മശ്രീ ജേതാവ് സാലുമരദ തിമാക്ക രംഗത്ത്. ഈ ആവശ്യം ഉന്നയിച്ച് അവര്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെയും ഉപമുഖ്യമന്ത്രി ജി പരമേശ്വരയെയും കണ്ടു. ബാഗെപ്പള്ളി ഹലഗൂരു റോഡ് വികസനം ബംഗളൂരുവിനോട് ചേര്‍ന്നുള്ള മേഖലയില്‍ ഒഴിവാക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.

1960 ല്‍ ഇതേ ഹൈവേയുടെ കുഡൂര്‍-ഹൂഡിക്കല്‍ ഭാഗത്ത് റോഡിന്റെ വശങ്ങളില്‍ 385 ആല്‍മരങ്ങള്‍ തിമാക്ക നട്ടുവളര്‍ത്തിയിട്ടുണ്ട്. താന്‍ നട്ട മരങ്ങള്‍ റോഡ് വികസനത്തിനായി മുറിച്ചുമാറ്റാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കുമാരസ്വാമിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തിമാക്ക മാധ്യമങ്ങളോട് പറഞ്ഞു. തിമാക്കയുടെ അഭ്യര്‍ത്ഥനയ്ക്ക് പിന്നാലെ കുമാരസ്വാമി ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പ്രസ്തുത റോഡ് വികസന പദ്ധതി മുന്നോട്ടുകൊണ്ടുപോകേണ്ടെന്ന് നിര്‍ദേശിച്ചു.

കൂടാതെ മരം മുറിക്കാതെ മറ്റൊരു അലൈന്‍മെന്റ് നിര്‍ദേശിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തിമാക്ക, മക്കളായാണ് താന്‍ നട്ട മരങ്ങളെ കാണുന്നതെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര പറഞ്ഞു. ആ മരങ്ങളെ സംരക്ഷിക്കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. അതിനാല്‍ മറ്റൊരു അലൈന്‍മെന്റ് അവതരിപ്പിച്ച് മരം മുറിക്കുന്നത് ഒഴിവാക്കുമെന്നും പരമേശ്വര വ്യക്തമാക്കി. പരിസ്ഥിതി രംഗത്ത പ്രവര്‍ത്തനങ്ങളിലടക്കം ഒട്ടനവധി ഇടപെടലുകള്‍ നടത്തിയിട്ടുണ്ട് ഈ 107 കാരി.

പത്മശ്രീക്ക് പുറമെ കര്‍ണാടക രാജ്യോത്സവ അവാര്‍ഡ്. ഹംപി സര്‍വ്വകലാശാലയുടെ നഡോജ പുരസ്‌കാരം കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ സിറ്റിസണ്‍ അംഗീകാരം എന്നിവ ഇതില്‍ പ്രധാനമാണ്. 2016 ല്‍ ബിബിസിയുടെ ഏററവും സ്വാധീനശക്തിയുള്ള വനിതകളുടെ പട്ടികയിലും അവര്‍ ഇടംപിടിച്ചിരുന്നു. വൃക്ഷങ്ങളുടെ നിരയെന്നാണ് പേരിലെ സാലുമരദയുടെ കന്നഡ അര്‍ത്ഥം. വിവാഹം കഴിഞ്ഞ് ഏറെക്കാലത്തിന് ശേഷവും മക്കളില്ലാതിരുന്നതോടെ അവരും ഭര്‍ത്താവും മരങ്ങള്‍ നട്ടുവളര്‍ത്താന്‍ തുടങ്ങുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in