Gulf Stream

20 മണിക്കൂർ അദ്ധ്വാനം, 250 ചതുരശ്ര മീറ്റർ; യുഎഇ പ്രസിഡന്‍റിന് ആദരമർപ്പിച്ച് ആയിരത്തിലേറെ ആരോഗ്യപ്രവർത്തകരുടെ കൂറ്റൻ പൂക്കളം

പ്രതിസന്ധികളെ അതിജീവിക്കുന്ന യുഎഇയുടെ കരുത്തിനും പുരോഗതിക്കും ആദരമേകി തലസ്ഥാനത്ത് ആയിരത്തിലേറെ ആരോഗ്യപ്രവർത്തകർ ഒന്നിച്ചുചേർന്ന് തീർത്തത് കൂറ്റൻ പൂക്കളം. അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിൽ (ബിഎംസി) ഒരുക്കിയ 250 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഈ പൂക്കളം ഇത്തവണത്തെ ഓണാഘോഷങ്ങളിലെ പ്രധാന ആകർഷണമായി മാറി. 35 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലേറെ ആരോഗ്യപ്രവർത്തകർ ചേർന്ന് 20 മണിക്കൂർ നീണ്ട പരിശ്രമത്തിലൂടെയാണ് ഈ വിസ്മയം പൂർത്തിയാക്കിയത്. നെഞ്ചിൽ കൈവച്ച് അഭിവാദ്യം ചെയ്യുന്ന യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ ചിത്രമാണ് പൂക്കളത്തിന്‍റെ മുഖ്യ ആകർഷണം. ബിഎംസിയിലെ മലയാളി നഴ്‌സുമാർ, അഡ്മിൻ ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിലാണ് പൂക്കളത്തിന് ആശയമേകിയത്.

മുന്നോട്ട് നയിച്ച 'ആ വാക്കുകൾ'

യുഎഇ ശക്തവും കരുത്തുറ്റതുമാണ്, പ്രതിസന്ധികളെ അതിജീവിച്ച് രാജ്യം കൂടുതൽ കരുത്തോടെ ഉയർന്നുവരുമെന്ന യുഎഇ പ്രസിഡന്‍റിന്‍റെ വാക്കുകളിൽ നിന്നാണ് ഇത്തവണത്തെ പൂക്കളത്തിന്‍റെ ആശയം ഉരുത്തിരിഞ്ഞത്. രാജ്യത്തിന് മുഴുവൻ പ്രത്യാശയും ആത്മവിശ്വാസവും നൽകിയ ഈ വാക്കുകൾ തന്നെയാണ് പൂക്കളത്തിന്‍റെ പ്രമേയവും. പരമ്പരാഗത ഒട്ടകയാത്രയിൽ തുടങ്ങി ആധുനിക ഇത്തിഹാദ് റെയിലിൽ എത്തിനിൽക്കുന്ന യുഎഇയുടെ വികസനക്കുതിപ്പ് പൂക്കളത്തിൽ അതിമനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്. പാരമ്പര്യത്തിൽ നിന്ന് ഭാവിയിലേക്കുള്ള പ്രയാണവും മികച്ച കാഴ്ചപ്പാടും നിശ്ചയദാർഢ്യവുമാണ് രാജ്യത്തെ മുന്നോട്ട് നയിക്കുന്നതെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.

ബിഎംസിയുടെ നടുമുറ്റത്തുള്ള സാൻഡ് പെൻഡുലം കാലത്തിന്‍റെയും തുടർച്ചയുടെയും ചിഹ്നമായി ഈ പൂക്കളത്തിന് മധ്യത്തിൽ നിലകൊള്ളുന്നു. പരസ്പരമുള്ള കരുതലിന്‍റെയും ഒത്തുചേരലിന്‍റെയും സന്ദേശം പകരുന്ന ഓണവും, പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടുന്ന യുഎഇയുടെ മനോഭാവവും തമ്മിലുള്ള പൊരുത്തമാണ് ആരോഗ്യപ്രവർത്തകർ വരച്ചുകാട്ടുന്നത്.

നേതൃത്വത്തിലും പരസ്പരമുള്ള വിശ്വാസത്തിലുമാണ് നമ്മുടെ കരുത്തെന്നും യുഎഇ കൈവരിച്ച പുരോഗതിയാണ് പൂക്കളം പ്രതിനിധീകരിക്കുന്നതെന്നും എമിറാത്തി പൗരയും ബുർജീൽ മെഡിക്കൽ സിറ്റി അസിസ്റ്റന്‍റ് നഴ്‌സിംഗ് ഡയറക്ടറുമായ അമീറ അൽ കത്തേരി പറഞ്ഞു. പ്രതിസന്ധികളെ മറികടന്ന് മുന്നേറുന്ന യുഎഇയുടെ മനോഭാവത്തിനുള്ള സമർപ്പണമാണ് ഈ പൂക്കളമെന്ന് ബിഎംസി സിഇഒ ഡോ. മുജ്തബ അലി ഖാൻ വ്യക്തമാക്കി. പൂക്കളത്തിന് ചുറ്റും തിരുവാതിരയും ഓണക്കളികളുമായി ആരോഗ്യ പ്രവർത്തകർ ഒത്തുചേർന്നു. യുഎഇ ആരോഗ്യമേഖലയിലെ ഓണാഘോഷങ്ങളിലെ മുഖ്യ ആകർഷണമാണ് ഓരോ വർഷവും ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ പ്രമേയമാക്കി ബുർജീൽ മെഡിക്കൽ സിറ്റിയിൽ ഒരുക്കുന്ന പൂക്കളം.

പുതിയ പ്രതീക്ഷകളും കനത്ത പോരാട്ടങ്ങളും; 2026-27 പ്രീമിയർ ലീഗ് സീസണിന് പന്തുരുളുന്നു

ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യൻ

ഗീരീഷ് എ.ഡിയുടെ നിവിൻ സോൺ തൂക്ക്; മികച്ച പ്രതികരണവുമായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’

നൂറു രൂപയുടെ ക്ലബ്ബ് കച്ചവടവും ബ്രസീലും പിന്നെ നീണ്ടുപോകുന്ന ഐ എസ് എല്ലും : ഇന്ത്യൻ ഫുട്ബോളിൽ സംഭവിക്കുന്നതെന്ത്?

യഷ്-ഗീതു മോഹൻദാസ് ടീമിന്റെ ‘ടോക്സിക്’ റിലീസിന് ഇനി ഒരാഴ്ച; ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ഓഗസ്റ്റ് 21ന് ആരംഭിക്കും

SCROLL FOR NEXT