Film Review

ബെത്‌ലഹേം കുടുംബ യൂണിറ്റ്; നമ്മളോടൊപ്പം ഇരുന്ന് ചിരിക്കുന്ന, പ്രണയിക്കുന്ന സിനിമ

മനസ്സിന്റെ ഏതോ കോണിൽ സൂക്ഷിച്ചു വെച്ച പഴയൊരു ഓർമ്മപ്പുസ്തകത്തിലേക്ക് അറിയാതെ കൈനീട്ടുന്നത് പോലെയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'നെ കുറിച്ച് ഓർക്കുമ്പോൾ. വലിയ അവകാശവാദങ്ങളോ ആർഭാടങ്ങളോ ഇല്ലാതെ വന്ന്, നമ്മുടെ സ്വന്തം ഇടവഴികളിലെവിടെയോ കണ്ടുമുട്ടിയ പ്രണയം പോലെ, വീടിൻ്റെ ഉമ്മറത്തോളം വന്ന് നെഞ്ചോട് ചേർന്നുനിന്നൊരു കൊച്ചു സിനിമ. ഒരു നാടിന്റെ, അവിടത്തെ മനുഷ്യരുടെ, അവരുടെ ചെറിയ ചെറിയ വഴക്കുകളുടെയും അതിനേക്കാൾ വലിയ സ്നേഹത്തിന്റെയും കഥയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. നമ്മുടെയൊക്കെ അയൽപക്കങ്ങളിൽ കാണുന്ന, അല്ലെങ്കിൽ നമ്മൾ തന്നെയെന്ന് തോന്നുന്ന കുറച്ച് കഥാപാത്രങ്ങൾ. അവരിലൂടെ കടന്നുപോകുമ്പോൾ ഏതോ ഒരു സന്ധ്യാസമയത്ത് സ്വന്തം വരാന്തയിലിരുന്ന് കാറ്റുകൊള്ളുന്ന അതേ ശാന്തതയാണ് അനുഭവപ്പെടുക. വലിയ സംഘർഷങ്ങളേക്കാൾ, മനസ്സിൽ തങ്ങിനിൽക്കുന്ന കൊച്ചു കൊച്ചു വികാരങ്ങളാണ് ഈ സിനിമയെ പ്രിയപ്പെട്ടതാക്കുന്നത്.

ഈ സിനിമയെക്കുറിച്ച് പൊതുവായി ഉയർന്നു കേട്ടൊരു ചോദ്യം മനസ്സിലുണ്ട്. പ്രായത്തിൽ മുതിർന്ന ജസ്റ്റിനും പ്രായം കുറഞ്ഞ ആഷ്‌ലിയും തമ്മിലുള്ള ഈ പ്രണയകഥ, നേരെ തിരിച്ചായിരുന്നെങ്കിലോ? ജസ്റ്റിന് പ്രായം കുറവും ആഷ്‌ലിക്ക് പ്രായം കൂടുതലും ആയിരുന്നെങ്കിൽ ആളുകൾ ഇത്ര എളുപ്പത്തിൽ ഇത് സ്വീകരിക്കുമായിരുന്നോ? ഇതൊരു വിമർശനം പോലെ പലരും പറയുന്നത് കേട്ടിട്ടുണ്ട്. ആഷ്‌ലിയും ജസ്റ്റിനും തമ്മിലുള്ള പ്രായവ്യത്യാസം കാരണം കൊണ്ട് മാത്രമാണോ ഈ സിനിമ ആളുകൾ സ്വീകരിച്ചത്? ഒരിക്കലുമല്ല. മുതിർന്ന സ്ത്രീകളോടുള്ള പ്രണയം മലയാള സിനിമ മുൻപും പറഞ്ഞിട്ടുണ്ട്. പ്രായവ്യത്യാസം പറയുന്നില്ലെങ്കിലും 'പ്രേമം' സിനിമയിലെ ജോർജും മലർ ടീച്ചറും തമ്മിലുള്ള ബന്ധം പ്രേക്ഷകർ അത്രമേൽ ആഴത്തിലാണ് ഏറ്റെടുത്തത്. 'രതിനിർവേദം' മുതൽ 'ക്രിസ്റ്റി', 'കിസ്മത്ത്' തുടങ്ങി എത്രയോ ചിത്രങ്ങളിൽ ഇത്തരം വിഷയങ്ങൾ വന്നിരിക്കുന്നു. എങ്കിലും, അതൊരു ഭാരമുള്ള വിഷയമാക്കാതെ, തിയേറ്ററിൽ ശാന്തമായി കണ്ടിരിക്കാൻ പറ്റുന്ന രീതിയിൽ അവതരിപ്പിച്ചു എന്നതാണ് ഗിരീഷ് എ.ഡി.യുടെ ബെത്‌ലഹേമിനെ വ്യത്യസ്തമാക്കുന്നത്.

സങ്കീർണ്ണമായ കഥയോ മനസ്സിൽ ഭാരം ബാക്കി വെക്കുന്ന സംഭവങ്ങളോ ഒന്നുമില്ലാതെ, തുടക്കം മുതൽ ഒടുക്കം വരെ നല്ല സമാധാനത്തോടെ ചിരിയോടെ കണ്ടുതീർക്കാം ഈ ചിത്രം. സിനിമ വിജയിക്കുന്നതും പരാജയപ്പെടുന്നതും കേവലം പ്രമേയം കൊണ്ടുമാത്രമല്ല. പ്രായവ്യത്യാസം എന്നത് കഥയിലെ ഒരു ഘടകം മാത്രമാണ്. ഒരു പ്രമേയം സ്ഥാപിച്ചെടുക്കാൻ വേണ്ടി മാത്രം കഥയുണ്ടാക്കിയാൽ അത് പ്രേക്ഷകർക്ക് ഇഷ്ടമാവാതെ പോകും . എന്നാൽ ബെത്‌ലഹേം പോലെ നമ്മളെ തൊട്ടുരുമ്മി പോകുന്ന, നല്ല ഒഴുക്കുള്ള മികച്ചൊരു തിരക്കഥയുണ്ടെങ്കിൽ പ്രണയത്തിലെ ഈ പ്രായവ്യത്യാസവും ആൺ പെൺ വ്യത്യാസവുമൊന്നും ഒരു തടസ്സമേയല്ല. മികച്ച അഭിനേതാക്കളെ ഉൾപ്പെടുത്തി ശക്തമായ തിരക്കഥയിലൂടെ ഇത്തരം വിഷയങ്ങൾ അവതരിപ്പിച്ചാൽ ഇന്നത്തെ പ്രേക്ഷകർ അത് നെഞ്ചിലേറ്റും എന്നതിൽ സംശയമില്ല.

ചിരിപ്പിക്കണമെങ്കിൽ എന്തെങ്കിലും കാട്ടിക്കൂട്ടണമെന്നോ മറ്റുള്ള മനുഷ്യരെ കളിയാക്കണമെന്നോ ഉള്ള ധാരണ മലയാള സിനിമയിൽ ഒരുകാലത്ത് ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ടാകാം. പക്ഷേ, അതൊന്നുമില്ലാതെയും ഒരു സിനിമയ്ക്ക് നമ്മളെ മനസ്സുതുറന്ന് ചിരിപ്പിക്കാനും ഒടുവിൽ ഒരു നല്ല സന്തോഷം ബാക്കിവെക്കാനും കഴിയുമെന്ന് ഈ ചിത്രം വളരെ മനോഹരമായി ഓർമ്മിപ്പിക്കുന്നു. വലിയ ബഹളങ്ങളോ, കൃത്രിമ തമാശകളോ ഒന്നുമില്ലാതെ, വളരെ ലളിതമായി നമ്മളോടൊപ്പം ഇരുന്ന് ചിരിക്കുന്നതുപോലൊരു സിനിമ.

ഗിരീഷ് എ.ഡി.യുടെ സിനിമകൾ ട്രെൻഡിന് പിന്നാലെ പോകുന്നവയാണ്, കാഴ്ചക്കാരെ ആകർഷിക്കാനുള്ള ചില കാട്ടിക്കൂട്ടലുകൾ മാത്രമാണ് അവയിലുള്ളത് എന്നൊക്കെയുള്ള വിമർശനങ്ങൾ പലപ്പോഴും ഉയർന്നിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ സിനിമകളെ അത്ര ലളിതമായി അങ്ങനെ മാത്രം കാണാനാവില്ല. കാലത്തിന്റെ രുചിക്കൊപ്പം സഞ്ചരിക്കുമ്പോഴും, അതിനുള്ളിൽ തന്റേതായ ഒരു സിനിമാഭാഷയും, പറയാനുള്ള കാര്യങ്ങളും, അതിന്റേതായ കലാമൂല്യവും അദ്ദേഹം കാത്തുസൂക്ഷിക്കുന്നുണ്ട്. എല്ലാ സിനിമകളും വലിയ കലാമൂല്യം മാത്രം ലക്ഷ്യമിട്ട് ഉണ്ടാകണമെന്നില്ല. ചില സിനിമകൾ തിയേറ്ററുകളെ നിറയ്ക്കണം, ആളുകളെ രസിപ്പിക്കണം, പണം മുടക്കുന്നവർക്ക് അത് തിരികെ നേടിക്കൊടുക്കണം. അത്തരം സിനിമകളിൽ നിന്നുള്ള വിജയമാണ് പലപ്പോഴും കൂടുതൽ പരീക്ഷണങ്ങൾക്കും നല്ല സിനിമകൾക്ക് പണം മുടക്കാനും ഉള്ള ധൈര്യം നിർമ്മാതാക്കൾക്ക് നൽകുന്നത്.

സിനിമ എന്നത് കലയ്ക്കൊപ്പം ഒരു വ്യവസായം കൂടിയായതുകൊണ്ട്, ഇത്തരത്തിലുള്ള വിജയസിനിമകൾക്കും അതിന്റേതായ പ്രാധാന്യമുണ്ട്. അതുകൊണ്ട്, കാലത്തിനൊപ്പം സഞ്ചരിച്ച് പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കുന്ന ഗിരീഷ് എ.ഡി.യുടെ സിനിമകളെ വെറും ട്രെൻഡിന്റെ പിന്നാലെയുള്ള കാഴ്ചകളായി മാത്രം കാണുന്നത് ശരിയല്ല. ആളുകളെ രസിപ്പിക്കുന്നതിനൊപ്പം സ്വന്തം രീതിയിൽ ഒരു സിനിമ പറയാനും അതിനുള്ളിൽ ചെറിയ ചെറിയ ജീവിതങ്ങളും വികാരങ്ങളും ചേർത്തുവെക്കാനും അദ്ദേഹത്തിന് കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ, ഈ സിനിമകൾക്ക് ഒരു കച്ചവട വിജയത്തിനപ്പുറവും അവയുടേതായ ഒരു സ്ഥാനമുണ്ട്.സിനിമയ്ക്ക് കലയുടെ ഭംഗി മാത്രമല്ല, അതിനെ മുന്നോട്ട് കൊണ്ടുപോകാനുള്ള ഒരു കരുത്തും വേണം. ആ കരുത്തിന്റെ ഭാഗമാണ് ഗിരീഷ് എ.ഡി.യെപ്പോലുള്ള സംവിധായകരുടെ സിനിമകളും.

സിനിമ പുറത്തിറങ്ങിയ സമയത്ത് ഇതിലെ പാട്ടുകൾ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്നോ മികച്ചതല്ലെന്നോ ഉള്ള അഭിപ്രായങ്ങൾ കേട്ടിരുന്നു. എന്നാൽ ചില പാട്ടുകൾ അങ്ങനെയല്ലേ... ആദ്യ കേൾവിയിൽ പെട്ടെന്ന് പിടിതന്നില്ലെങ്കിലും, വീണ്ടും വീണ്ടും കേൾക്കുന്തോറും പതുക്കെപ്പതുക്കെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി നമ്മെ കീഴടക്കും. വിഷ്ണു വിജയിന്റെ മനോഹരമായ സംഗീതത്തിൽ, വിനായക് ശശികുമാറിന്റെ വരികളിൽ, കെ.എസ്. ഹരിശങ്കറും പൂർണിമ കണ്ണനും ചേർന്ന് പാടിയ "വർണജാലം..." എന്ന ഗാനം അത്തരത്തിലൊന്നാണ്. സിനിമ കണ്ട് തിയേറ്ററിലെ വെളിച്ചം തെളിയുമ്പോൾ ഈ ഈണം മനസ്സിലെവിടെയോ നനുത്ത അനുഭൂതിയാകും.

മഴ പെയ്തൊഴിഞ്ഞ ഒരു ഇടവഴിയിലൂടെ തനിച്ചു നടക്കുമ്പോൾ മനസ്സിൽ നിറയുന്ന ഒരു കുളിർമ്മയുണ്ട്. ആ കുളിർമ്മയാണ് ഈ പാട്ട്. പതുക്കെ പെയ്തിറങ്ങുന്ന മഞ്ഞുതുള്ളി പോലെ, ഹൃദയത്തിന്റെ ഏറ്റവും മനോഹരമായ ഏടുകളിലേക്ക് അത് പെയ്തിറങ്ങുന്നു. മനസ്സ് അസ്വസ്ഥമാകുന്ന സമയങ്ങളിൽ, ചുറ്റുമുള്ള ശബ്ദകോലാഹലങ്ങളിൽ നിന്ന് മാറിനിന്ന് ആ പാട്ടൊന്നു കേട്ട് നോക്കൂ. പഴയൊരു ഓർമ്മയുടെ സുഗന്ധം പോലെ സിനിമയിലേക്ക് കടന്നുവരുന്ന മറ്റൊരു ഗാനമുണ്ട് 'അന്ന' എന്ന ചിത്രത്തിനുവേണ്ടി ഷിബു ചക്രവർത്തിയുടെ വരികൾക്ക് ഔസേപ്പച്ചൻ ഈണമിട്ട "യവനകഥയിൽ..." എന്ന മനോഹര ഗാനം. പുറത്തിങ്ങാത്ത ആ സിനിമയ്ക്കും അതിലെ ഈ പാട്ടിനും കൂടിയാണ് ബെത്‌ലഹേം ജീവൻ നൽകിയത്.

സിനിമയുടെ പുതിയ പാട്ടുകൾക്കൊപ്പം തന്നെ, പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയ ഒന്നായിരുന്നു ഈ ഗാനത്തിന്റെ സാന്നിധ്യം. ഒരു പഴയ ഹിറ്റ് പാട്ടിന്റെ തണൽ സിനിമയ്ക്ക് വേണ്ടി വന്നു എന്നൊക്കെ ചില നിരീക്ഷണങ്ങൾ ഉണ്ടായെങ്കിലും, വർത്തമാനകാലത്തെ പ്രണയത്തിലേക്ക് ആ പഴയ ഈണം പെയ്തിറങ്ങിയപ്പോൾ അത് തിയേറ്ററിൽ നൽകിയ അനുഭൂതി വേറെത്തന്നെയായിരുന്നു. മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു പഴയ പ്രണയഗാനം യാദൃച്ഛികമായി വീണ്ടും കേൾക്കുമ്പോൾ തോന്നുന്ന ആ സുഖമുള്ള കുളിർമ്മയോടെയാണ് പ്രേക്ഷകർ അതിനെ നെഞ്ചിലേറ്റിയത്.

ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന സിനിമ ഒരു ഓർമ്മപ്പെടുത്തലാണ്. മനുഷ്യബന്ധങ്ങളുടെ ആഴത്തെക്കുറിച്ചും, സ്നേഹത്തിന്റെ നനുത്ത സ്പർശനങ്ങളെക്കുറിച്ചുമുള്ള ഒരു കൊച്ചു ഓർമ്മപ്പെടുത്തൽ. "പേരിടാ ദ്വീപുപോൽ നിന്നോരെൻ ഉൾതടം ഏത് സഞ്ചാരിയാലിതാ കാൽപതിഞ്ഞാർദ്രമാകയോ..... ഹേ വർണ്ണജാലം...ഹേമന്ദകാലം....മൗനഭംഗി പോലും ലോലമെന്ത് ലോലം " എന്ന പാട്ടിന്റെ വരികൾ തന്നെയാണ് ഒറ്റവാക്കിൽ ഈ സിനിമ നമുക്ക്.

ജോജുവിനെതിരെ ഉർവശിയുടെ നിയമപോരാട്ടം; 'ആശ' സെൻസറിങ് പൂർത്തിയായി

വൈറലായി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' സിനിമയിലെ വേടന്‍ പാടിയ 'പുരട്ച്ചി' തീം സോങ്

ഡോൺ പാലത്തറയുടെ 'ഏകദേശം' ഫിലിംഫെസ്റ്റ് ആഖൻ 2026-ൽ ലോക പ്രീമിയറിന്

ദുബായ് വിമാനത്താവളങ്ങളിൽ ക്ലിക്ക് ആൻഡ് ട്രാവൽ’ സംവിധാനം ആരംഭിച്ചു; എമിഗ്രേഷൻ സേവനം യാത്രക്കാരെ തേടിയെത്തും

'കാഞ്ചന, വെരി ഡേഞ്ചറസ് വുമണ്‍'; സജീവ് പാഴൂരിന്റെ തമിഴ് ചിത്രം 'എന്ന വിലൈ' ട്രെയ്‌ലര്‍ പുറത്ത്

SCROLL FOR NEXT