മമ്മൂട്ടി ചിത്രം 'പോക്കിരിരാജ'യുടെ ഓർമ്മകൾ പങ്കുവെച്ച് സംവിധായകൻ വൈശാഖ്. സിനിമയിലെ മമ്മൂട്ടിയുടെ ഇൻട്രോ രംഗത്തിനായി കാറുകൾ സംഘടിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും 15 ഇന്നോവകൾ മാത്രമാണ് ലഭിച്ചത്. എഡിറ്റർ മഹേഷ് നാരായണനാണ് ബാക്കി കാറുകൾ എഡിറ്റ് ചെയ്ത് ചേർത്തതെന്ന് വൈശാഖ് പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വൈശാഖ്.
'പോക്കിരിരാജയിലെ മമ്മൂക്കയുടെ ഇൻട്രോ സീനിന് വേണ്ടി വണ്ടികൾ ചോദിച്ചപ്പോൾ ഷോറൂമിൽ നിന്നും മറ്റുമൊക്കെയായി ഒരു പതിനഞ്ചെണ്ണം കിട്ടി. അന്ന് കേരളത്തിൽ അത്ര ഇന്നോവയെ കിട്ടാനുള്ളൂ. പക്ഷെ എഡിറ്റിങ്ങിൽ ഇരുന്നപ്പോൾ ഇത് പോരല്ലോ എന്ന് തോന്നി. അത് കേട്ടപ്പോൾ അതിന് എന്താ ഇപ്പോൾ ശരിയാക്കിത്തരാം എന്ന് പറഞ്ഞ് സ്‌ക്രീനിലെ കാർ എടുത്ത് ക്രോപ്പ് ചെയ്ത് പുറകോട്ട് പുറകോട്ട് വെക്കാൻ തുടങ്ങി,'
'പിന്നെ ചില സീൻസിന് ഇവിടെ കുറച്ച് ഇടി വെട്ടുന്ന ഇഫക്ട് ഇടാം, കൊള്ളാമായിരിക്കും എന്ന് പറഞ്ഞു കുറേ എന്തൊക്കെയോ ചെയ്തു. ഈ ആഫ്റ്റർ ഇഫക്ട്സ് സോഫ്റ്റ്‌വെയർ ഒക്കെ വരുന്ന സമയമാണപ്പോൾ. അങ്ങനെ അതൊക്കെ വച്ച് ആ സിനിമയുടെ അകത്ത് ചെയ്യാൻ പറ്റുന്ന അക്രമമൊക്കെ ചെയ്തിരുന്നു. പക്ഷെ ഭയങ്കര ഫൺ ആയിരുന്നു,' വൈശാഖ് പറഞ്ഞു.