Film News

‘വർഷങ്ങൾക്ക്‌ ശേഷം’ കഴിഞ്ഞ ഉടനെ ഒരു സിനിമ കൂടി ചെയ്യണം; രണ്ട് വർഷത്തേക്ക് ഇനി അഭിനയത്തിലേക്കില്ലെന്ന് വിനീത് ശ്രീനിവാസൻ

'ഹൃദയം' എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച് ഏപ്രിൽ 11 ന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. തമിഴ് നാടിന്റെ പശ്ചാത്തലത്തിൽ ധ്യാൻ ശ്രീനിവാസൻ പ്രണവ് മോഹൻലാൽ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധാന രം​ഗത്തും അഭിനയത്തിലും സജീവമായ വ്യക്തിയാണ് വിനീത്. എന്നാൽ രണ്ട് വർഷത്തേക്ക് ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വിനീത് ശ്രീനിവാസൻ പറയുന്നു. സംവിധായകൻ എന്ന നിലയിൽ ഒരു സിനിമ കൂടി ചെയ്യണമെന്നും ചെയ്യാമെന്ന് സമ്മതിച്ച ചില സിനിമകൾ കൂടി കഴിഞ്ഞാൽ 2026 വരെ ഇനി അഭിനയത്തിലേക്കില്ലെന്നും വിനീത് ശ്രീനിവാസൻ ദേശാഭിമാനി വാരാന്തപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വിനീത് പറഞ്ഞത്:

‘വർഷങ്ങൾക്ക്‌ ശേഷം’ കഴിഞ്ഞ ഉടനെ സംവിധായകൻ എന്ന നിലയിൽ ഒരു സിനിമ കൂടി ചെയ്യണം. രണ്ടു വർഷത്തേക്ക്‌ എന്തായാലും അഭിനയത്തിൽ ശ്രദ്ധ കൊടുക്കുന്നില്ല. സുഹൃത്തുക്കളുടെ ചില പടങ്ങൾ ചെയ്യാമെന്ന്‌ ഏറ്റിട്ടുണ്ട്‌. അതിനുശേഷം 2026വരെ അഭിനയിക്കുന്നില്ല. അതിനു ശേഷമേ അഭിനയത്തിലേക്ക്‌ തിരിച്ച്‌ വരുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നുള്ളൂ.

കോടമ്പാക്കത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് സിനിമാമോഹിയായ ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രത്തിന്റെ നിർമാണം. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

പൂർണ്ണിമ ഇന്ദ്രജിത്ത് - ഹക്കീം ഷാ ചിത്രം 'ഒരു കട്ടിൽ ഒരു മുറി' ; പുതിയ റിലീസ് തീയതി പുറത്തുവിട്ടു

'വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിൽ' ; ഒരു ദിവസം നടക്കുന്ന ഫൺ മൂവി ആണ് മന്ദാകിനിയെന്ന് അൽത്താഫ് സലിം

SCROLL FOR NEXT