അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുന്നുവെന്ന് പ്രഖ്യാപിച്ച് ഹോളിവുഡ് നടന്‍ ടോം ഹോളണ്ട്. 'ദ ക്രൗഡഡ് റൂം' എന്ന ആപ്പിള്‍ ടി.വി ക്രൈം ത്രില്ലറിലെ അഭിനയത്തിന്റെ കാഠിന്യം കൊണ്ടാണ് താന്‍ ഇടവേളയെടുക്കുന്നതെന്നും താന്‍ ഇതുവരെ കടന്നു പോകാത്ത വികാരങ്ങളിലൂടെയുള്ള യാത്രയായിരുന്നു ഈ ഷോ യെന്നും ടോം പറയുന്നു. കഠിനാധ്വാനമെന്ന ആശയത്തില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍ പക്ഷേ ആ ഷോ എന്നെ തകര്‍ത്തെന്നും എക്സ്ട്രാ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ ടോം ഹോളണ്ട് പറഞ്ഞു.
70കളില്‍ അമേരിക്കയിലെ കോളേജ് ക്യാംപസുകളെ ഭീതിയിലാഴ്ത്തിയ കുറ്റവാളി ബില്ലി മില്ലിഗന്റെ കഥാപാത്രത്തെയാണ് 'ദ ക്രൗഡഡ് റൂം' എന്ന സീരീസില്‍ ടോം അവതരിപ്പിക്കുന്നത്. ബുദ്ധിമുട്ടേറിയ സമയമായിരുന്നു ചിത്രീകരണവേളയെന്ന് അഭിമുഖത്തില്‍ ടോം ഹോളണ്ട് വെളിപ്പെടുത്തുന്നുണ്ട്. തന്റെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് ഹോളണ്ട് അഭിനയ ജീവിത്തില്‍ നിന്നും ഒരു വര്‍ഷത്തെ നീണ്ട ഇടവേളയെടുക്കുന്നത്.
ടോം ഹോളണ്ട് പറഞ്ഞത്.
ഇത് തീര്‍ച്ചയായും വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. ഞാന്‍ ഒരിക്കലും അനുഭവിക്കാത്ത തരത്തിലുള്ള വികാരങ്ങളാണ് ഞാന്‍ അതില്‍ എക്സ്പ്ലോര്‍ ചെയ്തിരിക്കുന്നത്. കൂടാതെ അതിന്റെ നിര്‍മ്മാതാവെന്ന നിലയില്‍ എല്ലാ ഫിലിം സെറ്റുകളിലും സംഭവിക്കുന്ന ദിവസേനയുള്ള പ്രശ്നങ്ങള്‍ അത് എനിക്ക് കുറച്ചുകൂടി സമ്മര്‍ദ്ദം നല്‍കിയിരുന്നു. എങ്കില്‍പ്പോലും ഞാനത് ആസ്വദിച്ചിരുന്നു. ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന കാര്യത്തില്‍ ഞാന്‍ അപരിചിതനല്ല, ഞാന്‍ എപ്പോഴും 'ഹാര്‍ഡ് വര്‍ക്ക് ഈസ് ഗുഡ് വര്‍ക്ക്' എന്ന ആശയത്തില്‍ വിശ്വസിക്കുന്നയാളാണ്. പക്ഷേ ആ ഷോ എന്നെ തകര്‍ത്തു. എനിക്ക് ഒരു ഇടവേള ആവശ്യമെന്ന് തോന്നി തുടങ്ങി. ഞാന്‍ അപ്രത്യക്ഷനായി ഒരാഴ്ച്ച മെക്സിക്കോയിലേക്ക് പോയി അവിടെ ബീച്ചില്‍ ചിലവഴിച്ചു.
ഒരു വര്‍ഷത്തേക്ക് ഇടവേളയെടുക്കുകയാണ് ഞാന്‍. ഈ ഷോ എനിക്ക് എത്രത്തോളം ബുദ്ധിമുട്ടായിരുന്നു എന്നതിന്റെ ഫലമാണിത്. കൂടാതെ ഞാന്‍ ആവേശഭരിതനുമാണ് ഇതെങ്ങനെയാവും എന്നത് കാണാന്‍. ഞങ്ങളുടെ കഠിനധ്വാനം വെറുതെയാവില്ലെന്ന് എനിക്ക് തോന്നുന്നു.
'കാമ്പസ് റേപ്പിസ്റ്റ്' എന്ന് അറിയപ്പെട്ട 24 തരത്തിലുള്ള ഇതര വ്യക്തിത്വങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന യു.എസ് പൗരനായിരുന്നു ബില്ലി മില്ലിഗന്‍. ഡിസോസിയേറ്റീവ് ഐഡന്റിറ്റി ഡിസോഡറിന്റെ അടിസ്ഥാനത്തില്‍ തന്റെ കുറ്റകൃത്യങ്ങളില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ ആദ്യത്തെയാളും കൂടിയാണ് ബില്ലി മില്ലിഗന്‍. ടോം ഹോളണ്ട് അഭിനയിച്ച സീരിസിലെ ആദ്യ മൂന്ന് എപ്പിസോഡുകള്‍ ഇന്നലെ ആപ്പിള്‍ ടിവിയില്‍ റിലീസ് ചെയ്തിരുന്നു. അമന്‍ഡ സെയ്‌ഫ്രൈഡ്, എമ്മി റോസ്സും, വില്‍ ചെയ്സ് എന്നിവരാണ് സീരിസില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.