മമ്മൂട്ടിയും താനും ഒരുമിച്ച് അഭിനയിക്കുന്ന 55-ാമത് ചിത്രമാണ് മഹേഷ് നാരായണന്‍ ചിത്രമെന്ന് മോഹന്‍ലാല്‍. ഏറെക്കാലത്തിന് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചെത്തുന്ന ചിത്രത്തെക്കുറിച്ച് ആരാധകര്‍ക്ക് പ്രതീക്ഷകളേറെയാണ്. വളരെ താല്‍പര്യം തോന്നിയ ചിത്രമാണ് തനിക്ക് മഹേഷ് നാരായണന്റെ പ്രൊജക്ട് എന്നും ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ അസര്‍ബൈജാനിലെ ബാക്കു എന്ന സ്ഥലത്ത് നടക്കുകയാണെന്നും ദ ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.
മോഹന്‍ലാല്‍ പറഞ്ഞത്:
ശരിയാണ് ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ട് കുറച്ചു കാലമായി, എന്നാല്‍ അതൊരു വലിയ ഇടവേള അല്ല. ഞാനും മമ്മൂട്ടിയും ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച ചരിത്രം ഉള്ളവരാണ്. എനിക്ക് തോന്നുന്നത് ഇത് ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന 55-ാമത് ചിത്രമാണ് എന്നാണ്. പക്ഷേ ഇക്കഴിഞ്ഞ കാലങ്ങളിലായി മലയാള സിനിമയില്‍ നടന്മാരെ ഒരുമിച്ച് ഒരു സിനിമയിലേക്ക് കൊണ്ടുവരിക എന്നത് വലിയ പ്രയാസമാണ്. ആ സമയത്താണ് മഹേഷ് വളരെ ഇന്ററസ്റ്റിംഗ് ആയ ഒരു പ്രൊജക്ടുമായി ഞങ്ങള്‍ക്ക് അരികിലേക്ക് എത്തുന്നത്. അതിനെ തുടര്‍ന്ന് ഞങ്ങള്‍ ഇരുവരും ആ സിനിമയിലേക്ക് വരാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ അവര്‍ അസര്‍ബൈജാനിലെ ബാക്കു എന്ന സ്ഥലത്ത് ഷൂട്ട് ചെയ്തു കാണ്ടിരിക്കുയാണ്. ആ സിനിമ എങ്ങനെ പുറത്തു വരുമെന്ന് നമുക്ക് നോക്കാം.
അതേ സമയം ചിത്രത്തിൽ മുഴുനീള കഥാപാത്രമായാണ് മോഹൻലാൽ എത്തുക എന്ന് മുമ്പ് സംവിധായകൻ മഹേഷ് നാരായണൻ തന്നെ വ്യക്തമാക്കിയിരുന്നു. കൂടതെ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ചിത്രത്തിൽ ശക്തമായ കഥാപാത്രങ്ങളെ ആയിരിക്കും അവതരിപ്പിക്കുക എന്നും മഹേഷ് നാരായണൻ പറഞ്ഞു
മഹേഷ് നാരാണയൻ പറഞ്ഞത്:
എല്ലാ തരത്തിലുമുള്ള സിനിമകള്‍ ചെയ്യാന്‍ എനിക്ക് എനിക്ക് എപ്പോഴും ആഗ്രഹമുണ്ടായിരുന്നു. ഈ സിനിമ കുറേ നാളായി എന്റെ മനസ്സിലുള്ള ഒന്നായിരുന്നു. തുടക്കത്തില്‍ മമ്മൂട്ടി സാറിനെ മാത്രം വച്ച് തീരുമാനിച്ച ചിത്രമായിരുന്നു ഇത്. ഫഹദ് ഫാസില്‍ പ്രൊഡ്യൂസറായി എനിക്കൊപ്പം ചേരാനായിരുന്നു പ്ലാന്‍. പിന്നീട് ഡേറ്റിന്റെയും മറ്റും പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ ഫഹദും മോഹന്‍ലാല്‍ സാറും സിനിമയിലേക്ക് വരികയായിരുന്നു. ഞാന്‍ എഴുതിയ തിരക്കഥയില്‍ എന്റേതായ ഫിലിം മേക്കിംഗ് ശൈലിയില്‍ എനിക്ക് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അവതരിപ്പിക്കണമെന്നുണ്ട്. ഇതൊരു ഫാന്‍ ബോയ് നിമിഷം എന്നതിനപ്പുറത്തേക്ക് ഇതിനെ അതിശയകരമായ ഒരു കോളാബൊറേഷനായിട്ടാണ് ഞാന്‍ കാണുന്നത്. തിരക്കഥ ഇഷ്ടപ്പെട്ടിട്ടാണ് എല്ലാവരും ഈ സിനിമ ചെയ്യാന്‍ തയ്യാറായത്. ഇതെന്റെ മറ്റു സിനിമകളെപ്പോലെ യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സിനിമയല്ല, സിനിമയുടെ പ്രമേയത്തെപ്പറ്റി ഇപ്പോള്‍ കൂടുതലായി ഒന്നും തന്നെ പറയാന്‍ സാധിക്കില്ല. ഫഹദും ചാക്കോച്ചനും വെറുതെയൊരു കാമിയോ അല്ല, ഒരുപാട് കാര്യങ്ങള്‍ പെര്‍ഫോം ചെയ്യുന്ന ശക്തമായ കഥാപാത്രങ്ങളാണ് അവര്‍. മോഹന്‍ലാലും മുഴുനീളന്‍ കഥാപാത്രമാണ്. ഈ അഭിനേതാക്കളെയെല്ലാം മികച്ച രീതിയില്‍ ഒരുമിച്ച് സ്‌ക്രീനില്‍ അവതരിപ്പിക്കുക എന്നതാണ് എന്റെ വെല്ലുവിളി.
ആൻ്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആൻ്റോ ജോസഫ് ആണ് ചിത്രം നിർമിക്കുന്നത്. മമ്മൂട്ടിയെയും മോഹൻലാലിനെയും കൂടാതെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, ദർശന രാജേന്ദ്രൻ, രാജീവ് മേനോൻ, രേവതി, രൺജി പണിക്കർ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, സെറീൻ ഷിഹാബ് തുടങ്ങിയവർക്കൊപ്പം മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെൽവാടിയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫർ മാനുഷ് നന്ദനാണ് ഛായാഗ്രഹണം. പ്രൊഡക്ഷൻ ഡിസൈനർ: ജോസഫ് നെല്ലിക്കൽ, മേക്കപ്പ്:രഞ്ജിത് അമ്പാടി, കോസ്റ്റിയൂം:ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്‌സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ:ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടർ: ഫാന്റം പ്രവീൺ. ശ്രീലങ്കയ്ക്ക് പുറമേ ലണ്ടൻ, അബുദാബി, അസർബെയ്ജാൻ, തായ്‌ലൻഡ്, വിശാഖപട്ടണം, ഹൈദ്രാബാദ്, ഡൽഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂർത്തിയാകുക. ആൻ മെഗാ മീഡിയ പ്രദർശനത്തിനെത്തിക്കും.