സഹപ്രവർത്തകയിൽ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് പൊതുവേദിയില്‍ നടി സിമ്രാൻ നടത്തിയ തുറന്നു പറച്ചിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. അടുത്തിടെ ഒരു നടി അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ച് അവരോട് സംസാരിക്കവെ വളരെ മോശം പ്രതികരണം ആണ് തനിക്ക് അവരിൽ നിന്ന് ലഭിച്ചതെന്നാണ് സിമ്രാൻ പറഞ്ഞത്. സിനിമയില്‍ നല്ല പ്രകടനമായിരുന്നു, ആ റോളില്‍ താങ്കളെ പ്രതീക്ഷിച്ചില്ല എന്ന സന്ദേശത്തിന് സഹപ്രവർത്തക നൽകിയ മറുപടി 'ആന്‍റി റോള്‍ ചെയ്യുന്നതിനേക്കാള്‍ ഭേദമാണിത്' എന്നായിരുന്നു എന്നും ആ മറുപടി തന്നെ വേദനിപ്പിച്ചുവെന്നും ഒരു പുരസ്കാര ദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേ സിമ്രാൻ പറഞ്ഞു. എന്നാൽ സിമ്രാന്റെ ഈ തുറന്നു പറച്ചിൽ വൈറലായതിന് പിന്നാലെ ആരാണ് ആ നടി എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ജ്യോതികയാണ് സിമ്രാനോട് മോശമായി സംസാരിച്ചത് എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. സിമ്രാന്‍ സൂചിപ്പിച്ച ‘ഡബ്ബ’ റോൾ എന്ന വാക്ക് ജ്യോതിക അടുത്തിടെ ഹിന്ദിയിൽ അഭിനയിച്ച ‘ഡബ്ബാ കാർട്ടൽ’ എന്ന സീരീസിനെ ഉദ്ദേശിച്ചാണെന്നാണ് സോഷ്യൽ മീഡിയയുടെ വാദം.
സിമ്രാൻ പറഞ്ഞത്:
30 വര്‍ഷമായി ഞാൻ സിനിമ മേഖലയില്‍ പ്രവർത്തിക്കുന്നു. അതിന് ദൈവത്തിന് നന്ദി, ഈ അടുത്ത് എന്റെ ഒരു ഫീമെയിൽ കോ ആക്ടറിന് ഞാൻ മെസ്സേജ് അയച്ചിരുന്നു. അവരെ ഒരു അപ്രധാനറോളിൽ ഒരു ചിത്രത്തിൽ കണ്ടപ്പോൾ എന്തിനാണ് ആ റോൾ ചെയ്തത് എന്ന അർഥത്തിൽ ഞാൻ ആശ്ചര്യപ്പെട്ടുപോയി എന്ന് പറഞ്ഞുകൊണ്ട് ആയിരുന്നു മെസേജ്. എന്നാൽ ഒരു ആന്റിയുടെ റോൾ ചെയ്യുന്നതിനേക്കാൾ ഭേദമാണ് അത് എന്നാണ് അവർ എനിക്ക് റിപ്ലൈ തന്നത്. വളരെ മോശം പ്രതികരണമായിരുന്നു അവരിൽ നിന്നും എനിക്ക് ലഭിച്ചത്. അത്തരമൊരു റിപ്ലൈ ഞാൻ പ്രതീക്ഷിച്ചില്ല. ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞത്. കുറച്ചുകൂടി നല്ല ഒരു ഉത്തരം അവർക്ക് തരാമായിരുന്നു. ഒരു പ്രാധാന്യവുമില്ലാത്ത ‘ഡബ്ബാ’ റോളുകൾ ചെയ്യുന്നതിലും അഭിനയിക്കാതിരിക്കുന്നതിലും എത്രയോ നല്ലതാണ് അർഥവത്തായ ആന്റി കഥാപാത്രങ്ങളും അമ്മ വേഷങ്ങളും ചെയ്യുന്നത്. കന്നത്തിൽ മുത്തമിട്ടാൽ എന്ന സിനിമയിൽ അന്നത്തെ കാലത്ത് തന്നെ ഞാൻ അമ്മ വേഷം ചെയ്തിട്ടുണ്ട്.
അജിത് ചിത്രമായ ഗുഡ് ബാഡ് അഗ്ലിയാണ് സിമ്രാന്റെതായി അവസാനം തിയറ്ററുകളിലെത്തിയ സിനിമ. ചിത്രത്തിൽ അതിഥി വേഷത്തിലാണ് സിമ്രാൻ എത്തിയത്. 25 വർഷങ്ങൾക്കിപ്പുറം ആണ് സിമ്രാനും അജിത്തും ഒരു സിനിമയിൽ വീണ്ടും ഒന്നിക്കുന്നത്. അവൾ വരുവാല (1998), വാലി (1999), ഉന്നൈ കൊടു എന്നൈ തരുവേൻ (2000) എന്നീ ചിത്രങ്ങളിലാണ് അജിത്തും സിമ്രാനും മുമ്പ് ഒന്നിച്ചത്. ആദിക് രവിചന്ദ്രന്റെ സംവിധാനത്തിൽ എത്തിയ ചിത്രം മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നേടുന്നത്.