നേതാജി സുഭാഷ് ചന്ദ്രബോസിനും, ഭഗത് സിംഗിനും, ഖുദിറാം ബോസിനും സവര്‍ക്കര്‍ പ്രചോദനമായെന്ന വാദവുമായെത്തുന്ന ബോളിവുഡ് ചിത്രത്തിനെതിരെ സുബാഷ് ചന്ദ്രബോസിന്റെ കുടുംബം രംഗത്ത്. സവര്‍ക്കറിന്റെ ജീവിതം അടിസ്ഥാനമാക്കി രണ്‍ദീപ് ഹൂഡ സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'സ്വതന്ത്ര വീര്‍ സവര്‍ക്കര്‍'. ചിത്രത്തിലെ ടീസറിലാണ് നേതാജി സുഭാഷ് ചന്ദ്രബോസിനും, ഭഗത് സിംഗിനും, ഖുദിറാം ബോസിനും സവര്‍ക്കര്‍ പ്രചോദനമായെന്ന വാദം സംവിധായകന്‍ ഉന്നയിച്ചിരിക്കുന്നത്. ഈ വാദം വെറും പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്ര കുമാര്‍ ബോസ് ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും സവര്‍ക്കറുടെയും പ്രത്യയശാസ്ത്രങ്ങള്‍ നേര്‍വിപരീതങ്ങളായിരുന്നുവെന്നും, അദ്ദേഹം സവര്‍ക്കറിനെ എതിര്‍ത്തിരുന്നുവെന്നും ചന്ദ്രകുമാര്‍ ബോസ് പറയുന്നു.
രണ്‍ദീപ് ഹൂഡയുടെ വാദം തീര്‍ത്തും തെറ്റാണ്, അദ്ദേഹം പ്രമുഖ നടനാണ്, അദ്ദേഹത്തോട് ചരിത്രം ശരിയായി കാണിക്കാന്‍, ഇന്ത്യയുടെ ശരിയായ സ്വതന്ത്ര സമരം കാണിക്കാന്‍ ഞാന്‍ അപേക്ഷിക്കുന്നുവെന്ന് ചന്ദ്രകുമാര്‍ ബോസ് അഭിമുഖത്തില്‍ പറയുന്നു. തെറ്റായ ചരിത്രം കാണിക്കുന്നത് നീതികേടാണ് എന്നും ചന്ദ്ര ബോസ് അഭിപ്രായപ്പെട്ടു.
നേതാജി ഒരു മതേതര നേതാവായിരുന്നു. വര്‍ഗീയവാദികളെ അദ്ദേഹം എതിര്‍ത്തിരുന്നു. ശരത് ചന്ദ്രബോസും, സുഭാഷ് ചന്ദ്രബോസും ഒരേ പോലെ വര്‍ഗ്ഗീയവാദം എതിര്‍ത്തിരുന്നവരാണ്. അങ്ങനെയുള്ളപ്പോള്‍ എങ്ങനെയാണ് നേതാജി സവര്‍ക്കറിനെ പിന്തുടര്‍ന്നിരുന്നു എന്ന് പറയാനാകുക ചന്ദ്ര കുമാര്‍ ബോസ് ചോദിക്കുന്നു.
ചിത്രത്തിന്റെ സംവിധായകന്‍ ഒരു വിവാദം സൃഷ്ടിക്കാന്‍ നോക്കുകയാണ്. ചിത്രത്തിന്റെ പ്രചാരണത്തിന് വേണ്ടി ചരിത്രം തെറ്റായി ചിത്രീകരിക്കുന്നത് കുറ്റകരമാണ്. അത് അനുവദിച്ചുകൂടാ. എല്ലാവര്‍ക്കും എന്തു വേണമെങ്കിലും കാണിക്കാനുള്ള അവകാശമുണ്ട്, എന്നാല്‍ തെറ്റായ ചരിത്രം പറയാനുള്ള അവകാശം ആര്‍ക്കുമില്ല.ചന്ദ്ര കുമാര്‍ ബോസ്
രണ്‍ദീപ് ഹൂഡയുടെ പബ്ലിസിറ്റി സ്റ്റണ്ട് ആണിത്. നേതാജി സുഭാഷ് ചന്ദ്രബോസ് രണ്ടു മഹാന്മാരില്‍ നിന്നു മാത്രമേ പ്രചോദനമുള്‍ക്കൊണ്ടിട്ടുള്ളൂ എന്നും അതില്‍ ഒന്ന് അദ്ദേഹത്തിന്റെ ആത്മീയഗുരുവായ സ്വാമി വിവേകാനന്ദനില്‍ നിന്നും, മറ്റൊന്ന് സ്വാതന്ത്ര്യസമര സേനാനിയായ ദേശ്ബന്ധു ചിത്രഞ്ചന്‍ ദാസില്‍ നിന്നുമാണെന്നും ചന്ദ്ര ബോസ് പറയുന്നു. ഇവരല്ലാതെ മറ്റാരു സ്വാതന്ത്ര്യസമര സേനാനിയില്‍ നിന്നും നേതാജി സുഭാഷ് ചന്ദ്രബോസ് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ട് എന്ന് തനിക്ക് തോന്നുന്നില്ല. സവര്‍ക്കര്‍ ഒരു മഹാനാണ്, സ്വാതന്ത്ര്യസമര സേനാനിയാണ്, എന്നാല്‍ സവര്‍ക്കറിന്റെ പ്രത്യയശാസ്ത്രവും, നേതാജിയുടെ പ്രത്യയശാസ്ത്രവും നേര്‍വിപരീതങ്ങളാണ്. അതുകൊണ്ട് തന്നെ നേതാജി സവര്‍ക്കറിനെ പിന്തുടരാനുള്ള ഒരു കാരണവും താന്‍ കാണുന്നില്ലെന്നും അദ്ദേഹം സവര്‍ക്കറിനെ എതിര്‍ത്തിരുന്നു എന്നും ചന്ദ്ര ബോസ് വ്യക്തമാക്കി.
ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെയുള്ള സ്വാതന്ത്ര സമരത്തില്‍ ഹിന്ദു മഹാസഭയില്‍ നിന്നോ സവര്‍ക്കറില്‍ നിന്നോ, മുഹമ്മദ് അലി ജിന്നയില്‍ നിന്നോ നമുക്ക് ഒന്നും തന്നെ പ്രതീക്ഷിക്കാന്‍ കഴിയില്ലെന്ന് നേതാജി അദ്ദേഹത്തിന്റെ എഴുത്തില്‍ കൃത്യമായി പറയുന്നുണ്ട് എന്നും ചന്ദ്ര കുമാര്‍ ബോസ് കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര സമരത്തില്‍ ചിലര്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂവെന്നും, മറ്റുള്ളവരെല്ലാം അധികാരത്തിനുള്ള വിശപ്പിലായിരുന്നുവെന്നും പറഞ്ഞുകൊണ്ടാണ് ചിത്രത്തിന്റെ ടീസര്‍ തുടങ്ങുന്നത്. ഗാന്ധിജി മോശമായിരുന്നില്ല എന്നാല്‍ അദ്ദേഹം തന്റെ അഹിംസാവാദത്തില്‍ ഉറച്ചു നിന്നില്ലായിരുന്നുവെങ്കില്‍ 35 വര്‍ഷം മുന്‍പ് തന്നെ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമായിരുന്നുവെന്നും ടീസറില്‍ പറയുന്നു. ആനന്ദ് പണ്ഡിറ്റ്, രണ്‍ദീപ് ഹൂഡ, സന്ദീപ് സിംഗ്, സാം ഖാന്‍, യോഗേഷ് രഹര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് ഉത്കര്‍ഷ് നൈതനിയും രണ്‍ദീപ് ഹൂഡയുമാണ് തിരക്കഥയെഴുതുന്നത്.