ലഹരി മാഫിയുമായി അങ്കം കുറിക്കുന്ന അഞ്ച് യുവ പൊലീസ് ഉദ്യോഗസ്ഥരുടെയും അവരുടെ സീനിയർ ഉദ്യോഗസ്ഥനായ ബാലഗോപാലും ഭാര്യ വേണിയും നടത്തുന്ന പോരാട്ടം. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന “ലോ ആൻഡ് ഓർഡർ” ഇതിനോടകം കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. സീനിയർ ഉദ്യോഗസ്ഥനായ ബാലഗോപാലായി നടൻ പ്രകാശ് വർമയും ഭാര്യ വേണിയായി അഭിരാമിയും എത്തിയപ്പോൾ മാഫിയ സംഘത്തിന്റെ ഇരയാകുന്ന അരുൺ അയ്യപ്പൻ ചിത്രം കാണുന്നവരുടെ മുഴുവൻ നോവായി മാറുന്നു.
കുടുംബങ്ങൾ ഇന്ന് ഏറെ ഭയപ്പെടുന്നത് പുതിയ തലമുറയുടെ കാഴ്ച്ചപ്പാടുകളെയാണ്. വലിയ പ്രതീക്ഷകളോടെ കുട്ടികളെ വളർത്താനുള്ള മാതാപിതാക്കളുടെ ശ്രദ്ധയിൽ അവർക്ക് കുട്ടികളുടെ ദൈനം ദിന ജീവിതത്തേക്കുറിച്ച് ഗഹനമായി ചിന്തിക്കാൻ കഴിയുന്നില്ല. കാരണം അവരിലെ വിശ്വാസം തന്നെയാണ്.
മെട്രോ നഗരങ്ങളുടെ പിന്നാമ്പുറങ്ങളിലും ക്യാമ്പസ്സിലുമൊക്കെ ഇപ്പോൾ വഴിതെറ്റിക്കാൻ എളുപ്പത്തിൽ കഴിയുന്ന ലഹരിയിലേക്കാണ് കുട്ടികൾ ആദ്യം ആകർഷിക്കപ്പെടുന്നത്. അതു നടന്നു കഴിഞ്ഞാൽ പിന്നെ അവർ അവരുടേതായ ലോകത്താണ്. അതിൽ തകർന്നടിയുന്ന കുരുന്നുകളുടെ വിധിയിൽ മനം നോവുന്ന മാതാപിതാക്കൾ വെന്തു വെണ്ണിറാകുന്നതു കാണാൻ ഇക്കൂട്ടർക്ക് കഴിയുന്നുമില്ല.
ഇത്തരത്തിൽ ബലിയാടാകുന്നവരുടെ ജീവിതത്തിലേക്കു കണ്ണോടിക്കുന്നതാണ് രഞ്ജിത്ത് സംവിധാനം ചെയ്യുന്ന “ലോ ആൻഡ് ഓർഡർ”. ശക്തമായ കുടുംബമുഹൂർത്തങ്ങൾ കോർത്തിണക്കിയ ഈ ചിത്രം കുടുംബ പ്രേഷകരെ ഏറെ ആകർഷിക്കുന്നു. പുതിയ അഭിനേതാക്കളെ പ്രേഷകർ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.