Film News

'കടുവ'യിലെ കുറുവച്ചൻ ഈ പറഞ്ഞ ആളല്ല, ഇതൊരു മാസ് സിനിമ; ജിനു എബ്രഹാം

പൃഥ്വിരാജ് ചിത്രം 'കടുവ'യുടെ വിവാദങ്ങൾ അവസാനിക്കുന്നില്ല. 2019 ഒക്ടോബറിൽ അനൗണ്‍സ് ചെയ്ത ചിത്രം ഡിസംബറോടെ ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ ചിത്രീകരണം പൂർത്തിയായാലും ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന വാദവുമായി രം​ഗത്ത് വന്നിരിക്കുകയാണ് ജോസ് കുരുവിനാക്കുന്നേൽ അഥവാ മ്ലാപറമ്പിൽ കുറുവച്ചൻ. തന്റെ ജീവിതത്തിലെ ചില സന്ദർഭങ്ങൾ വികലമാക്കി ചിത്രീകരിക്കുന്നതാണ് സിനിമ എന്ന് കുറുവച്ചൻ അവകാശപ്പെടുന്നു. എന്നാൽ, കടുവ ഒരു മാസ് സിനിമയാണ്. ജീവിച്ചിരിക്കുന്ന ആരുമായും അതിലെ കഥാപാത്രങ്ങൾക്ക് ബന്ധമില്ലെന്ന് തിരക്കഥാകൃത്ത് ജിനു എബ്രഹാം 'ദ ക്യു'വിനോട് പ്രതികരിച്ചു.

കടുവാക്കുന്നേൽ കുറുവച്ചൻ എന്ന പേരിനെ ചൊല്ലി മുമ്പും തർക്കങ്ങൾ ഉണ്ടായിരുന്നു. സുരേഷ് ഗോപിയുടെ 250ാമത് ചിത്രമായി പ്രഖ്യാപിച്ച സിനിമ, 'കടുവ'യുടെ നായക കഥാപാത്രത്തിന്റെ പേരും പ്രമേയവും പകര്‍ത്തിയതാണെന്നതായിരുന്നു വിവാദം. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരില്‍ സിനിമയുടെ തിരക്കഥ കോപ്പിറൈറ്റ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതാണെന്ന് കാണിച്ച് തിരക്കഥാകൃത്ത് ജിനു എബ്രഹാം കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ചിത്രത്തിന് അനുകൂലമായി കോടതി വിധി പ്രഖ്യാപിച്ചു. ഈ വിവാദങ്ങൾക്ക് ഒടുവിൽ ചിത്രം ഷൂട്ടിങിലേയ്ക്ക് കടക്കുന്നു എന്ന വാർത്തയും പുറത്തുവന്നു. ഇതിനു പിന്നാലെയാണ് കടുവ സ്വന്തം ജീവിത കഥയാണെന്ന് അവകാശപ്പെട്ട് കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന വ്യക്തി രം​ഗത്ത് എത്തിയിരിക്കുന്നത്. തന്റെ സമ്മതമില്ലാതെ തന്റെ കഥ സിനിമയാക്കിയാൽ അത് പൂർത്തിയാക്കാൻ കഴിയാതെ വരും. സിനിമ പൂർത്തിയായാലും അത് തീയറ്ററിൽ എത്തിക്കാൻ സമ്മതിക്കില്ല. കോടതിയിൽ നിന്നും തിരക്കഥ ഔദ്യോഗികമായി ശേഖരിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞെന്നും കുറുവച്ചൻ മാധ്യമങ്ങളോട് പറഞ്ഞു.

വിഷയത്തിൽ ജിനു എബ്രഹാമിന്റെ പ്രതികരണം ഇങ്ങനെ:

അറുപത്തിയഞ്ചോളം കഥാപാത്രങ്ങൾ ഈ സിനിമയിലുണ്ട്. അവർക്കൊക്കെ ഓരോ പേരുമുണ്ട്. ആ പേരുകളിലുളള ആളുകളൊക്കെ അവകാശം പറഞ്ഞ് വരാൻ തുടങ്ങിയാൽ എന്തുചെയ്യും. അങ്ങനെ നോക്കിയാൽ ആർക്കും ഒരു സിനിമ ചെയ്യാനാവില്ല. പരാതി നൽകിയിരിക്കുന്ന വ്യക്തിയും ഈ സിനിമയും തമ്മിൽ യാതൊരു ബന്ധവുമില്ല. ഇപ്പോൾ വന്നിരിക്കുന്ന പരാതി മറ്റുചില താൽപര്യങ്ങളുടെയും ചില തെറ്റിദ്ധാരണകളുടേയും പുറത്താണ്. തിരക്കഥ വായിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ട്, എങ്ങനെ കിട്ടിയെന്നുളളത് അദ്ധേഹം തന്നെ വെളിപ്പെടുത്തട്ടെ. ആർക്കുവേണമെങ്കിലും കഥയിൽ അവകാശം പറഞ്ഞ് വരാം, അതൊന്നും സിനിമയെ ബാധിക്കില്ല. ഏഴെട്ട് പേരെ ഇടിച്ചിട്ട് ജീപ്പിന് മുകളിൽ കയറി നിൽക്കുന്ന ഒരു നായകനെയാണ് ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നമ്മൾ കാണുന്നത്. എത്ര പേരുടെ ജീവിതത്തിലാണ് അങ്ങനെ സംഭവിച്ചിരിക്കുക! അവസാനം വന്ന പോസ്റ്ററിലുളളത് ജീപ്പിന്റെ ഹെഡ്ലൈറ്റിന്റെ വെട്ടത്തിൽ പൃഥ്വിരാജ് നടന്നുവരുന്നതാണ്. ഇത് വേണമെങ്കിൽ അയൾക്ക് അവകാശപ്പെടാം, ഞാനും ഇങ്ങനെ ജീപ്പ് നിർത്തിയിട്ടിട്ട് ഹെഡ്ലൈറ്റിന്റെ വെട്ടത്തിൽ നടന്നിട്ടുണ്ട്, അതുകൊണ്ട് എന്റെ കഥയാണെന്ന്. അല്ലാതെ തിരക്കഥയിലെ കുറുവച്ചനുമായി ഈ വ്യക്തിയ്ക്ക് യാതൊരു ബന്ധവുമില്ല. എന്റെ നാട്ടിൽ നടന്ന ചില സംഭവങ്ങളും വായിച്ച കുറച്ച് കാര്യങ്ങളും ചേർത്ത് ചെയ്തിട്ടുളള ഒരു മാസ് സിനിമയാണ് കടുവ.

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

'കണ്ണാടിച്ചില്ല് വെള്ളേ കണ്ണ്-ക്കുത്തലേ'; 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

SCROLL FOR NEXT