ആഭ്യന്തര ബോക്സ് ഓഫീസിൽ 23 കോടി നേടി വിഷ്ണു മഞ്ചു ചിത്രം കണ്ണപ്പ. വലിയ ക്യാൻവാസിൽ വമ്പൻ താരനിരയുമായി തിയറ്ററുകളിലെത്തിയ പാൻ ഇന്ത്യൻ ചിത്രമാണ് കണ്ണപ്പ. പ്രഭാസ്, അക്ഷയ് കുമാർ എന്നിവരെക്കൂടാതെ മോഹൻലാലും ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ട്. സ്കാനിൽക്കിന്റെ കണക്കനുസരിച്ച് , ഞായറാഴ്ച മാത്രം കണ്ണപ്പ ഇന്ത്യയിൽ നിന്നും 7.25 കോടി നേടി. ഇതോടെ മുന്ന് ദിനസത്തെ മുഴുവൻ കളക്ഷൻ 23 കോടിയായി. വിഷ്ണു മഞ്ചുവിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗ് കൂടിയാണ് കണ്ണപ്പ. സംവിധായകൻ രാം ഗോപാൽ വർമ ചിത്രം കണ്ട് വിഷ്ണു മഞ്ചുവിനെ പ്രശംസിച്ചിരുന്നു.
മോഹന്‍ ബാബു, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍, മധുബാല തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് കണ്ണപ്പ. കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.കിരാത എന്ന കഥാപാത്രത്തെയാണ് കണ്ണപ്പയിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. രുദ്ര എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയിൽ എത്തുന്നത്. ഭഗവാൻ ശിവൻ ആയാണ് അക്ഷയ് കുമാർ എത്തുന്നത്. മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്‍റര്‍ടെയ്ന്‍മെന്റ്സ് എന്നീ ബാനറുകളാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
അർപ്പിത് രങ്ക, ബ്രഹ്മാനന്ദൻ, ശിവ ബാലാജി, ബ്രഹ്മാജി, കൗശൽ മന്ദ, ദേവരാജ്, മുകേഷ് ഋഷി, രഘു ബാബു, പ്രെറ്റി മുകുന്ദൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് 'കണ്ണപ്പ'യ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ് എന്നിവരാണ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസിനായി എത്തിയിരിക്കുന്നത്. ആശീർവാദ് സിനിമാസ് ആണ് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണക്കാർ.