രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ജി.സി.സിയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ എച്ച്.എം അസോസിയേറ്റ്സാണ്. കൂലിയുടെ ചാർട്ടിങ് സംബന്ധിച്ചുള്ള ചർച്ചകൾ നടക്കുന്നതേയുള്ളൂ എന്നും സിനിമയ്ക്ക് കേരളത്തിൽ മികച്ച റിലീസ് തന്നെ ഒരുക്കാൻ ശ്രമിക്കുമെന്നും എച്ച്.എം അസോസിയേറ്റ്സ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ഹരീന്ദ്രൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
'ലോകേഷ് കനകരാജിനെ പോലൊരു ഹിറ്റ് മേക്കർ, ഇന്ത്യൻ സിനിമയുടെ അഭിമാനമായ രജനി സാറിനൊപ്പം ഒരു സിനിമ ചെയ്യുന്നു. അതിൽ ആമിർ ഖാൻ, നാഗാർജുന, സൗബിൻ ഒകെ ഭാഗമാകുന്നു. അത്തരത്തിൽ വലിയൊരു ക്യാൻവാസിൽ സൺ പിക്ചേഴ്സ് ഒരു സിനിമ ഒരുക്കിയപ്പോൾ അതിന്റെ വിതരണം ഏറ്റെടുക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. അങ്ങനെയാണ് ആ സിനിമയിലേക്ക് എത്തിയതും. കൂലിയുടെ ചാർട്ടിങ് സംബന്ധിച്ച ചർച്ചകൾ ആരംഭിക്കുന്നതേയുള്ളൂ. വാർ 2 എന്ന സിനിമയും കൂലിക്കൊപ്പം റിലീസ് ചെയ്യുന്നുണ്ട്. ഇരു സിനിമകളും വലിയ ബജറ്റിലുള്ളവയാണ്. ഇരു സിനിമകളും വലിയ വിജയമാകട്ടെ എന്നാണ് ഞങ്ങളുടെ ആഗ്രഹം. കൂലിക്കും കേരളത്തിൽ മികച്ച റിലീസ് തന്നെയാണ് ഒരുക്കാൻ ഞങ്ങൾ ശ്രമിക്കുന്നത്,' എന്ന് ഹരീന്ദ്രൻ പറഞ്ഞു.
കൂലിക്ക് മുന്നേ വിജയ് സേതുപതിയും നിത്യ മേനോനും അഭിനയിച്ച 'തലൈവൻ തലൈവി' എന്ന സിനിമയും എച്ച്.എം അസോസിയേറ്റ്സ് കേരളത്തിലെത്തിക്കുന്നുണ്ട്. 'എച്ച്. എം വിതരണത്തിനെത്തിക്കുന്ന രണ്ടാമത്തെ സിനിമയായിരിക്കും കൂലി. വിജയ് സേതുപതി, നിത്യ മേനൻ ചിത്രം 'തലൈവൻ തലൈവി' ആണ് ആദ്യം ചെയ്യുന്നത്. ആ ചിത്രം ഈ മാസം 25 ന് റിലീസ് ചെയ്യും,' എന്നും ഹരീന്ദ്രൻ പറഞ്ഞു.