കേരള ക്രൈം ഫയൽസിലെ അയ്യപ്പൻ എന്ന കഥാപാത്രം പോലുള്ള വേഷങ്ങൾ മുമ്പ് ചെയ്തിട്ടില്ലെന്നും അത്തരം കഥാപാത്രങ്ങൾ കിട്ടുമ്പോൾ കൊതിയാണ് എന്നും നടൻ ഹരിശ്രീ അശോകൻ. അയ്യപ്പനെ ഓർക്കുമ്പോൾ തന്നെ ആദ്യം മനസിൽ വരുന്നത് അയാൾ കഞ്ചാവാണ് എന്നായിരിക്കും. അപ്പൊ അയാളുടെ നിൽപ്പും നോട്ടവും കണ്ണും എല്ലാം അങ്ങനെ വേണം. അവിടെ പിടിക്കേണ്ട മീറ്റർ വളരെ വ്യത്യസ്തമാണെന്നും ഹരിശ്രീ അശോകൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ഹരിശ്രീ അശോകന്റെ വാക്കുകൾ
ഒരു കഥാപാത്രം ചെയ്യുമ്പോൾ മുമ്പ് ചെയ്ത കഥാപാത്രങ്ങൾ കയറി വരാൻ പാടില്ല. പക്ഷെ, ഏതൊരു നടനും അവരുടേതായ ചില മാനറിസങ്ങൾ ഉണ്ട്. അത് എല്ലാ കഥാപാത്രത്തിലും ഉറപ്പായും പ്രകടമായിരിക്കും. പൂർണമായും ആ കഥാപാത്രമായി മാറുക അസാധ്യമാണ്. കേരള ക്രൈം ഫയൽസ് രണ്ടാം ഭാഗത്തിലെ അയ്യപ്പൻ എന്ന കഥാപാത്രത്തെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ മനസിൽ വരുന്ന ആദ്യത്തെ കാര്യം ഇയാൾ ഭയങ്കര കഞ്ചാവാണ് എന്നാണ്. കാരണം, ഇയാളുടെ ഇൻട്രോ തന്നെ കഞ്ചാവ് കടിച്ച് പിടിച്ചുകൊണ്ടാണ്. അപ്പൊ അയാളുടെ നിൽപ്പും നോട്ടവും കണ്ണും എല്ലാം അങ്ങനെ വേണം. അവിടെ പിടിക്കേണ്ട മീറ്റർ വളരെ വ്യത്യസ്തമാണ്. അണ്ടർ പ്ലേ മതി അവിടെ. അതുപോലുള്ള സംഭവങ്ങൾ നമ്മൾ ചെയ്തിട്ടില്ല. കിട്ടുമ്പോൾ ഉണ്ടാകുന്ന ഒരു കൊതിയാണ്. ഇപ്പോഴും അതുപോലുള്ള വേഷങ്ങൾക്കായി കാത്തിരിക്കുകയാണ്.