തുടരും സിനിമയിലെ വെട്ടിയിട്ട വാഴത്തണ്ട് പോലെയെന്ന ഡയലോഗ് മോഹൻലാലിന്റെ സജഷൻ ആയിരുന്നു എന്ന് നടൻ ബിനു പപ്പു. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് തുടരും. ഷൺമുഖൻ എന്ന ടാക്സി ഡ്രൈവർ ആയി മോഹൻലാൽ തകർത്താടിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററിൽ നിന്നും ലഭിക്കുന്നത്. പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച മോഹൻലാലിന്റെ പ്രകടനമാണ് സിനിമ മുഴുവനും എന്നാണ് സിനിമ കണ്ട് പ്രേക്ഷകർ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്. ചിത്രത്തിലെ മോഹൻലാലിന്റെ കുറച്ച് സെൽഫ് ട്രോളുകളും ഉണ്ട്. എന്നാൽ അതിൽ ചിലത് മോഹൻലാൽ തന്നെ സജസ്റ്റ് ചെയ്തതാണ് എന്ന് കൗമുദി മൂവിയ്ക്ക് നൽകിയ അഭിമുഖത്തിൽ ബിനു പപ്പു പറഞ്ഞു.
ബിനു പപ്പു പറഞ്ഞത്:
ഈ പടത്തിൽ ശോഭന മാമിനെക്കൊണ്ട് 'കഞ്ഞി എടുക്കട്ടേ' എന്ന് ചോദിപ്പിച്ചത് തരുണിന്റെ ഐഡിയ ആയിരുന്നു. ശോഭന മാം ഇങ്ങനെ വന്ന് ആദ്യം ഇത്തിരി കഞ്ഞി എടുക്കട്ടെ എന്ന് ചോദിക്കും. അത് ചോദിക്കുമ്പോൾ ഞങ്ങൾക്ക് ചെറിയ പേടിയുണ്ടായിരുന്നു. കാരണം ട്രോൾ ആണെല്ലോ അത്. പക്ഷേ അത് കേട്ടിട്ട് ആഹാ മോനെ കൊള്ളാം എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ വെട്ടിയിട്ട വാഴ തണ്ട് ലാലേട്ടന്റെ സജഷൻ ആയിരുന്നു. അത് എന്റെയോ തരുണിന്റെയോ മറ്റാരുടേതും ആയിരുന്നില്ല. വളരെ രസകരമായിട്ട് മാം അത് ചോദിക്കുകയും ചെയ്തു അതിലും രസകരമായിട്ട് അദ്ദേഹം അതിന് മറുപടി പറയുകയും ചെയ്തു.
പെർഫോമർ എന്ന തരത്തിൽ മോഹൻലാലിന്റെ കംബാക്ക് ആണ് തുടരും എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മോഹൻലാലിനെക്കൂടാതെ ചിത്രത്തില്‍ ശോഭന, പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ഇൻഡസ്ട്രി ഹിറ്റ് ചിത്രമായ എമ്പുരാന്റെ റെക്കോര്‍ഡ് തകര്‍ത്താണ് തുടരും മലയാള സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച തുടരും ഏപ്രിൽ 25നാണ് റിലീസ് ചെയ്തത്. കെ ആര‍് സുനിലും തരുൺ മൂർത്തിയുമാണ് തിരക്കഥ. ഷാജി കുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്.