ചന്ദ്രലേഖ എന്ന സിനിമയെക്കുറിച്ചും ആ ചിത്രത്തിലെ 'താമരപ്പൂവിൽ വാഴും' എന്ന് തുടങ്ങുന്ന ഗാനത്തെക്കുറിച്ചുമുള്ള ഓർമ്മകൾ പങ്കുവെച്ച് സംഗീത സംവിധായകൻ ബേണി. ആ ഗാനം ഏറെ വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു. ആ ഗാനം പാളിയാൽ ചിലപ്പോൾ സിനിമ തന്നെ പരാജയപ്പെട്ടേക്കാം എന്നതായിരുന്നു അവസ്ഥ എന്ന് ബേണി പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തതിൽ സംസാരിക്കുകയായിരുന്നു ബേണി.
ബേണിയുടെ വാക്കുകൾ:
താമരപ്പൂവിൽ വാഴും എന്ന പാട്ട് ഭയങ്കര വെല്ലുവിളി നിറഞ്ഞതായിരുന്നു. കാരണം ആ പാട്ട് പാളിപ്പോയിരുന്നെങ്കിൽ ആ സിനിമ തന്നെ ചിലപ്പോൾ പരാജയപ്പെടുമായിരുന്നു.അതിലെ പപ നിനി സസ രിരി സസ… എന്ന് തുടങ്ങുന്ന വരികൾ ഒറ്റ ശ്വാസത്തിൽ അറ്റം വരെ പാടി ഒപ്പിച്ചത് എം.ജി. ശ്രീകുമാറാണ്. സിനിമയിൽ ആ ഭാഗം പാടുന്നതായി അഭിനയിച്ച മോഹൻലാൽ ഇതെന്തൊരു ബുദ്ധിമുട്ടാണ്, എനിക്ക് ശ്വാസം വിടാനുള്ള സമയം വേണ്ടേ എന്നായിരുന്നു അന്ന് ചോദിച്ചത്. പക്ഷെ പുള്ളി ആ സീനിൽ തകർത്ത് അഭിനയിക്കുകയും ചെയ്തു.
ആ സിനിമ കവിത തീയേറ്ററിൽ റിലീസ് ചെയ്യുന്ന സമയം രണ്ടു മാസമായി നീണ്ടുനിൽക്കുന്ന ബസ് സമരമായിരുന്നു. അന്നത്തെ ബസ് സമരം ഇന്നത്തെപ്പോലെ ഒന്നുമല്ല, പടം പരാജയപ്പെടും എന്ന് ഉറപ്പാണ്, പ്രത്യേകിച്ച് സെക്കൻഡ് ഷോയുടെയൊക്കെ സമയത്ത്. ആ ഒരു അവസ്ഥയിൽ സിനിമ പൊളിഞ്ഞുപോവുമോ എന്നൊരു പേടിയുണ്ടായിരുന്നു. പക്ഷെ ഈ പടം സൂപ്പർ ഹിറ്റായി മുന്നേറി.