Film News

ഡീപ് ഫേക്ക് വീഡിയോകൾ പേടിപ്പെടുത്തുന്നതാണ്, സർക്കാർ നിയന്ത്രണം കൊണ്ടു വരിക എന്നതാണ് പരിഹാര മാർ​ഗം; അനന്യ പാണ്ഡേ

ഡീപ് ഫേക്ക് വീഡിയോകൾ വളരെ പേടിപ്പെടുത്തുന്ന കാര്യമാണെന്ന് നടി അനന്യ പാണ്ഡേ. ഒരു പബ്ലിക്ക് ഫി​ഗർ എന്ന തരത്തിൽ തങ്ങളുടെ മുഖവും ശബ്ദവും പൊതു മണ്ഡലത്തിൽ ഉള്ളത് കൊണ്ട് തന്നെ ഇത്തരം വീഡിയോകളെ ഒരു തടയാനോ അതിൽ നിന്നും സ്വയം സംരക്ഷിക്കാനോ സാധിക്കുന്നതല്ലെന്നും ഇത്തരം കാര്യങ്ങൾ സർക്കാരിന്റെ നിയന്ത്രണത്തിൽ കൊണ്ടു വരിക എന്നത് മാത്രമാണ് ഒരേയൊരു പരിഹാര മാർ​ഗം എന്നും അനന്യ പാണ്ഡേ പിടിഐയോട് പറഞ്ഞു. ഐഐഎഫ്എ അവാർഡിന്റെ ഗ്രീൻ കാർപെറ്റിൽ നടത്തിയ മീഡിയ ഗ്രൂപ്പ് ഇൻ്ററാക്ഷനിൽ സെലിബ്രിറ്റികളുടെ ഡീപ്ഫേക്ക് വീഡിയോകളെക്കുറിച്ചുള്ള ചോദ്യത്തിനാണ് അനന്യയുടെ പ്രതികരണം. ഇതിനു മുന്നേ നടിമാരായ രശ്മിക മന്ദാന, കരീന കപൂര്‍, ആലിയ ഭട്ട് , ഐശ്വര്യ റായി തുടങ്ങി നിരവധി താരങ്ങൾ ഡീപ് ഫേക്കിന് ഇരയായിട്ടുണ്ട്.

അനന്യ പാണ്ഡേ പറഞ്ഞത്:

ഇത് വളരെ ഭയാനകമാണ്. ഒരു പബ്ലിക്ക് ഫി​ഗർ എന്ന നിലയിൽ ഞങ്ങളുടെ മുഖങ്ങളും ശബ്ദങ്ങളും ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ എത്രത്തോളം നമ്മളെ നമുക്ക് സംരക്ഷിക്കാൻ കഴിയുമെന്ന് എനിക്കറിയില്ല. ഇത് സർക്കാരിൻ്റെ നിയന്ത്രണത്തിൽ കൊണ്ടുവരേണ്ട ഒരു കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. അത് മാത്രമാണ് ഏക പരിഹാരം മാർ​ഗമായി എനിക്ക് തോന്നുന്നത്.

വിക്രമാദിത്യ മൊട്‌വാനി സംവിധാനം ചെയ്യുന്ന CTRL എന്ന ചിത്രമാണ് അനന്യയുടേതായി ഇനി റിലീസിനെത്താനിരിക്കുന്നത്. സൈബര്‍ ലോകത്തിന്‍റെയും സാങ്കേതികവിദ്യയുടെയും ഇരുണ്ട ലോകത്തേക്ക് ആഴത്തിൽ ഇറങ്ങുന്നു ഒരു കഥയാണ് ചിത്രം പറയുന്നത്. അനന്യ പാണ്ഡേ അവതരിപ്പിക്കുന്ന നെല്ല എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. അനന്യ പാണ്ഡേയുടെ നെല്ല എന്ന കഥാപാത്രവും വിഹാന്‍ സമത്തിന്‍റെ ജോ എന്ന കഥാപാത്രവും പ്രണയത്തിലായിരുന്നു. ഇരുവരും തങ്ങളുടെ ബന്ധത്തിന്‍റെ ഒരോ നിമിഷവും സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചിരുന്നു. അതിനാല്‍ തന്നെ ഇരുവര്‍ക്കും വലിയ ആരാധക വൃന്ദം തന്നെ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നു. ശരിക്കും ഈ ഫാന്‍സ് ഇവരുടെ ജീവിതം ഏറ്റെടുക്കുകയാണ്. എന്നാല്‍ ജോ തന്നെ ചതിച്ചെന്ന് ഒരു ഘട്ടത്തില്‍ നെല്ല മനസിലാക്കുന്നു. ഇതും സോഷ്യല്‍ മീഡിയ വഴി തന്നെ പുറത്ത് എത്തുന്നു. ഇവരെ രണ്ടുപേരെയും ആഘോഷിച്ച ആരാധക വൃന്ദം തന്നെ ഇവരെ പരിഹസിക്കുന്നു. ഇതോടെ നെല്ല പൂര്‍ണ്ണമായും തകരുന്നു. ഈ വിഷമഘട്ടത്തില്‍ നിന്നും മറികടക്കാന്‍ ഒരു എഐയുടെ സഹായം തേടുന്നു. പിന്നീട് ഈ എഐ നെല്ലയുടെ ജീവിതത്തിലുണ്ടാക്കുന്ന അസാധാരണ സംഭവങ്ങളാണ് CTRL യുടെ ഇതിവൃത്തം.

ഒക്ടോബര്‍ 4 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസിനെത്തുന്നത്. ആമസോണ്‍ സീരിസ് കോള്‍ മീ ബേയ്ക്ക് ശേഷം വീണ്ടും ഒടിടിയില്‍ സജീവമാകുകയാണ് ഈ ചിത്രത്തിലൂടെ അനന്യ പാണ്ഡേ. നിഖില്‍ ദിവേദിയും, ആര്യ എ മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മാധവ് ധനഞ്ജയ ഗാഡ്ഗില്‍ (1942-2026); പശ്ചിമഘട്ടത്തോട് ചേര്‍ത്തു വെച്ച പേര്

'ഹൃദയം തകരുന്നു വിജയ് അണ്ണാ...നിങ്ങൾക്ക് ഒരു തീയതിയുടെ ആവശ്യമില്ല'; പിന്തുണ അറിയിച്ച് രവി മോഹൻ

കേസ് നേരത്തെ വിളിച്ചു; നിഖില വിമൽ ചിത്രം ‘പെണ്ണ് കേസ്' ജനുവരി 10ന്

പെപ്പെയ്ക്കൊപ്പം വമ്പൻ താരനിരയും; കാട്ടാളൻ ഒരുങ്ങുന്നു, ടീസർ ജനുവരി 16ന്

'പെണ്ണ് കേസു'മായി നിഖില വിമൽ; ചിത്രം ജനുവരി 16ന് തിയറ്ററുകളിലേക്ക്

SCROLL FOR NEXT