മലയാള സിനിമ കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അറിയിച്ച് മലയാള സിനിമാ സംഘടനകൾ. താരങ്ങളുടെ ഉയർന്ന പ്രതിഫലം നിർമാതാക്കളെ വലയ്ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് മലയാള സിനിമ ഒരു സമ്പൂർണ്ണ ഷട്ട് ഡൗണിലേക്ക് പോവുകയാണെന്ന് കഴിഞ്ഞ ദിവസമാണ് സിനിമാ സംഘടനകൾ സംയുക്തമായി അറിയിച്ചത്. താരങ്ങളുടെ ഭീമമായ പ്രതിഫല തുക നിർമാതാക്കളെ ശ്വാസം മുട്ടിക്കുന്നുണ്ടെന്നും മലയാളത്തിലെ ഒരു പ്രമുഖ താരത്തിന്റെ അസിസ്റ്റന്റ്സ് അടക്കം വാങ്ങുന്നത് ലക്ഷകണക്കിന് രൂപയാണെന്നും നിർമാതാവ് ജി സുരേഷ് കുമാർ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. പല താരങ്ങളുടെയും സഹായികൾ വാങ്ങുന്ന ശമ്പള തുക പോലും അവരുടെ സിനിമകൾക്ക് തിരിച്ചു പിടിക്കാനാവാത്ത അവസ്ഥയിലൂടെയാണ് ഇപ്പോൾ മലയാള സിനിമ കടന്നു പോകുന്നതെന്നും ജി സുരേഷ് കുമാർ പറയുന്നു.
ഒടിടി ഇന്ത്യയിലെ എല്ലാ സിനിമ ഇൻഡസ്ട്രിയോടും ഇങ്ങനെയാണോ?
മലയാളത്തിൽ മാത്രമല്ല തിമിഴിലും തെലുങ്കിലും അടക്കം ഒടിടി വില കുറഞ്ഞിട്ടുണ്ട്. കോവിഡ് സമയത്ത് ഒടിടിയിൽ ഒരു ബൂം സംഭവിച്ചു. പക്ഷേ ഇപ്പോൾ അതിന്റെ ഒരു സാച്ച്യൂറേഷൻ പോയിന്റ് എത്തി എന്നാണ് തോന്നുന്നത്. ഇപ്പോൾ അവർക്ക് ആവശ്യമുണ്ടെങ്കിൽ മാത്രം എടുത്താൽ മതി. അവരുടെ കസ്റ്റമേഴ്സിനെ എൻഗേജ് ചെയ്യിക്കുന്ന തരത്തിലുള്ള പടങ്ങൾ മാത്രം മതി അവർക്ക്. ഒന്നോ രണ്ടോ പടമേ ഒരു മാസം അവർ ഇപ്പോൾ എടുക്കുന്നുള്ളൂ. മാത്രമല്ല ആമസോൺ അടക്കമുള്ള ഒടിടികൾ 'പേ പെർ വ്യൂ' എന്ന തരത്തിലാണ് ഇപ്പോൾ സിനിമകൾ എടുക്കുന്നത്. മുമ്പ് രണ്ട് മണിക്കൂറുള്ള പടത്തിന് എട്ട് രൂപയായിരുന്നു അവർ തന്നു കൊണ്ടിരുന്നത്, എന്നാൽ ഇപ്പോൾ അത് നാല് രൂപയാക്കി. ഇതിൽ ഒരു നിർമാതാവിന് ലാഭം ലഭിക്കണമെങ്കിൽ എത്ര പേർ ആ സിനിമ കാണണം എന്ന് ഒന്ന് ആലോചിച്ചു നോക്കൂ. 12 ലക്ഷം പേരെങ്കിലും കണ്ടാൽ മാത്രമേ ഒരു കോടി രൂപയെങ്കിലും നിർമാതാവിന് അതിൽ നിന്നും ലഭിക്കുകയുള്ളൂ. മൊത്തത്തിൽ നിർമാതാക്കൾക്ക് നഷ്ടം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഞാൻ നിർമ്മിച്ച വാശി എന്ന സിനിമയ്ക്ക് നെറ്റ്ഫ്ലിക്സിൽ നിന്ന് നല്ല വില ലഭിച്ചിരുന്നു. പക്ഷേ ഇന്നായിരുന്നുവെങ്കിൽ അതിന്റെ പകുതിയുടെ പകുതി മാത്രമേ എനിക്ക് കിട്ടുമായിരുന്നുള്ളൂ. മാത്രമല്ല പത്ത് കോടി രൂപയ്ക്ക് ഒടിടി പ്ലാറ്റ്ഫോം പടം സൈൻ ചെയ്താൽ അതിൽ രണ്ടരക്കോടി രൂപ കൊടുക്കും ബാക്കി മുഴുവൻ തുക ആറ് മാസമോ ഒരു വർഷമോ കൊണ്ടാണ് കൊടുത്ത് തീർക്കുന്നത്. ഉദാഹരണത്തിന് ഞാൻ ഒരു ഫൈനാൻസ് എടുത്ത് സിനിമ ചെയ്യുകയാണെങ്കിൽ തിയറ്റർ റിലീസിന് മുമ്പ് തന്നെ ആ പണം നമ്മുക്ക് സെറ്റിൽ ചെയ്യേണ്ടാതായുണ്ട്. റിലീസിന് മുമ്പ് നമുക്ക് ഒരു പൈസ പോലും കിട്ടുന്നില്ലല്ലോ പിന്നെ എങ്ങനെയാണ് അത് സെറ്റിൽ ചെയ്യുക? അതുകൊണ്ട് ഫൈൻനാൻസേഴ്സും ഇപ്പോൾ ഇതിൽ നിന്ന് പിന്നോട്ട് പോയിരിക്കുകയാണ്. പണം തിരികെ കിട്ടുമോ എന്ന ഭയമാണ് അവർക്ക്. അങ്ങനെ കുറേപ്പേരുടെ പണം പോയിട്ടുണ്ട് ഇവിടെ. ഇങ്ങനെ ഒരു അവസ്ഥയിൽ എങ്ങനെയാണ് സിനിമ റിലീസ് ചെയ്യുക? പ്രധാനപ്പെട്ട വരുമാന സ്രോതസ്സ് ഇപ്പോൾ ഇല്ലാതെയായി. പണ്ട് അത് സാറ്റ്ലൈറ്റ് ആയിരുന്നു, ഇപ്പോൾ അത് ഒടിടി ആണ്. അതും ഇപ്പോൾ ഡൗൺ ആയി. തിയറ്ററിലെ കളക്ഷൻ ഭയങ്കരമായി കുറഞ്ഞു. ഞങ്ങൾ പുറത്തു വിട്ട ലിസ്റ്റ് നിങ്ങൾ നോക്കൂ. അതിൽ ഐഡന്റിറ്റി എന്ന സിനിമയ്ക്ക് ഞങ്ങൾ മുപ്പത് കോടി രൂപയാണ് കോസ്റ്റ് ഇട്ടിരിക്കുന്നത് എന്നാൽ മുപ്പത്തെട്ട് നാൽപ്പത് കോടി രൂപയാണ് അതിന്റെ കോസ്റ്റ്. മമ്മൂട്ടിയുടെ പടവും നഷ്ടമാണ്. അതെല്ലാം ലാഭമാണെന്ന് പല മാധ്യമങ്ങളും എഴുതുന്നുണ്ട്. അത് ശരിയല്ല. മാത്രമല്ല പല താരങ്ങളും സിനിമയുടെ ഓവർസീസ് റൈറ്റും നമ്മുടെ കയ്യിൽ നിന്നും എഴുതി വാങ്ങിക്കുകയാണ്. എന്തൊരു ചതിയാണ് ഇതെല്ലാം? ഒരു സൂപ്പർസ്റ്റാർ പടത്തിന് ഓവർസീസിൽ കിട്ടുന്നത് 3-4 കോടി രൂപയാണ്. ശമ്പളത്തിന് പുറമേ ഇത് കൂടിയാണ് അവർ വാങ്ങിക്കൊണ്ട് പോകുന്നത്.
സിനിമ 100 കോടി ക്ലബ്ബിൽ കയറി എന്നത് നിർമാതാക്കളെക്കൊണ്ട് താരങ്ങൾ നിർബന്ധിച്ച് പറയിപ്പിക്കുന്നതാണെന്ന് പറഞ്ഞല്ലോ ശരിയായ കളക്ഷൻ യൂട്യൂബിലൂടെ പുറത്തു വിടും എന്ന തീരുമാനം ഉറച്ചതാണോ?
ഞങ്ങൾ ഇനി എല്ലാ മാസവും കണക്ക് പുറത്തു വിടും. നാട്ടുകാർ അറിയട്ടെ ഇതെല്ലാം. അവർ വാങ്ങുന്ന പണത്തിന് സിനിമ മുതലാകുന്നുണ്ടോ എന്ന് എല്ലാവരും മനസ്സിലാക്കട്ടെ, അതിന് വേണ്ടിയുള്ള യൂട്യൂബ് ചാനൽ തുടങ്ങിക്കഴിഞ്ഞു. അതിലൂടെ എല്ലാ മാസവും കണക്കുകൾ ഞങ്ങൾ പുറത്തു വിടുന്നതായിരിക്കും. എത്ര കോടി നഷ്ടം സംഭവിച്ചു എന്ന് അതിലൂടെ അറിയാമല്ലോ?
'തുടരും' എന്ന സിനിമയ്ക്ക് സംഭവിച്ചത് ഇത്തരത്തിൽ ഒടിടി മൂലമുണ്ടായ പ്രശ്നമാണെന്ന് കേട്ടിരുന്നു?
'തുടരും' എന്ന സിനിമ ഒടിടി വാങ്ങിയിട്ടുണ്ട്. പക്ഷേ അവർ ചാർട്ട് ചെയ്തു വച്ചിരിക്കുന്നത് പ്രകാരം മെയ്യ് മാസമേ അത് റിലീസ് ചെയ്യാൻ സാധിക്കുകയുള്ളൂ. ഇപ്പോഴേ അത് റിലീസ് ചെയ്താൽ ഒടിടിയിലേക്ക് എത്തുമ്പോഴേക്കും അതിന്റെ പുതുമ പോകുമല്ലോ? അത് അങ്ങനെ മാത്രമേ അവർക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. പക്ഷേ അതുകൊണ്ട് ഒരു പ്രൊഡ്യൂസർക്ക് ഉണ്ടാകുന്ന പലിശ നഷ്ടം എത്രയാണെന്ന് ആലോചിച്ചു നോക്കൂ. മൂന്ന് മാസം എന്നു പറയുമ്പോൾ ഒരു മാസം തന്നെ ലക്ഷക്കണക്കിന് രൂപയാണ് പലിശ വരുന്നത്. എമ്പുരാന്റെ കോസ്റ്റും വലിയ കോസ്റ്റ് ആണ്. 140 കോടി രൂപ മലയാള പടത്തിൽ എങ്ങനെ മുതലാകും എന്ന് ആലോചിച്ചു നോക്കൂ.
650 - 700 കോടി മലയാളം പോലെ ഒരു ചെറിയ ഇൻഡസ്ട്രിക്ക് വലിയ ലോസ് ആണെല്ലോ? സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ടോ?
ഇത് എത്രയോ കൊല്ലമായി നടന്നു കൊണ്ടിരിക്കുന്നതാണ്. ഞങ്ങളുടെ ഒരു ഏകദേശ കണക്ക് കൂട്ടൽ അനുസരിച്ച് കഴിഞ്ഞ വർഷം 700 കോടി രൂപയോളമാണ് നഷ്‍ടം സംഭവിച്ചത്. അതേ സമയം 110 കോടി രൂപയാണ് ജനുവരിയിൽ നമുക്ക് സംഭവിച്ച നഷ്ടം. അങ്ങനെ നോക്കുമ്പോൾ ഒരു വർഷം 1200 കോടി രൂപയുടെ നഷ്ടം മലയാള സിനിമയ്ക്ക് വരില്ലേ? അത് നമുക്ക് താങ്ങാൻ പറ്റുന്നതല്ല, ഇത് താങ്ങാനാവാതെ പലരും തകർന്നു പോയിക്കൊണ്ടിരിക്കുകയാണ്. ഞങ്ങളോട് സഹായം ചോദിച്ചു വന്ന ഒരു പ്രൊഡ്യൂസറുടെ കാര്യ പറയാം. അയാൾ മരിച്ചു പോയി, അയാളുടെ ഭാര്യയാണ് വന്നത്. അവർ വീട് വിറ്റിട്ട് ഇപ്പോൾ താമസിക്കുന്നത് ഒരു വിറക് പുരയിലാണ്. അതാണ് ഇവിടുത്തെ ഒരോ നിർമാതാക്കളുടെയും ഗതികേട്. ഗവൺമെന്റ് നമുക്ക് ഒരു സഹായവും നൽകിയിട്ടില്ല. ജിഎസ്ടി വന്നപ്പോൾ ഒരു രാജ്യം ഒരു ടാക്സ് എന്നുള്ളത് മുഴുവൻ മാറ്റിയിട്ട് എന്റർടെയ്മെന്റ് ടാക്സ് വാങ്ങിക്കുകയും അതിന് പുറത്ത് ജിഎസ്ടിയും കൊടുത്താണ് നമ്മൾ ഇപ്പോൾ നിലനിൽക്കുന്നത്. അതെങ്കിലും മാറ്റി തന്നിരുന്നെങ്കിൽ ഒരു ചെറിയ ആശ്വാസം എങ്കിലും ഉണ്ടായേനെ. ഗവൺമെന്റ് വലിയ ഫിലിം പോളിസി ഉണ്ടാക്കിയിട്ടും അതിൽ നിന്നും ഒരു സഹായവും നമുക്കുണ്ടായിട്ടില്ല.
ആർട്ടിസ്റ്റുകളോട് ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചില്ലെന്ന് പറഞ്ഞു, പക്ഷേ മിക്ക ആർട്ടിസ്റ്റുകളും ഇപ്പോൾ പ്രൊഡ്യൂസേഴ്സ് ആണ്, അവരോടെല്ലാം ഈ തീരുമാനത്തെക്കുറിച്ച് ചർച്ച ചെയ്തിരുന്നോ?
ഞങ്ങൾ എന്തിനാണ് അവരോട് സംസാരിക്കുന്നത്, അവർക്ക് ഒരു അസോസിയേഷനും ഇല്ല. അവർ മുന്നോട്ട് വരട്ടെ അപ്പോൾ സംസാരിക്കാം.
ദിവസ വേതനത്തിന് ജോലി ചെയ്യുന്ന സിനിമ മേഖലയുമായി അടുത്ത് നിൽക്കുന്ന ഒരു കൂട്ടം മനുഷ്യരെ ഈ 'ഷട്ട് ഡൗൺ' മോശമായി ബാധിക്കില്ലേ?
ഒരു തൊഴിലുടമയുണ്ടെങ്കിൽ അല്ലേ തൊഴിലാളികൾക്ക് തൊഴിൽ ഉള്ളൂ. തൊഴിലുടമയ്ക്ക് പണം നൽകാനില്ലെങ്കിൽ പിന്നെ എവിടെയാണ് തൊഴിൽ, ഇപ്പോൾ തന്നെ സിനിമകൾ കുറഞ്ഞു. ഇപ്പോൾ തന്നെ വന്നിരിക്കുന്നത് ആറ് പ്രൊജക്ടുകളാണ്. അതും വലിയ പ്രൊജക്ടുകൾ ഒന്നുമല്ല. വലിയ സിനിമകൾ ചെയ്യാൻ ഇവിടെ ആളില്ല. പിന്നെ ഇതിനെക്കുറിച്ച് വലിയ ധാരണയില്ലാത്തവരെ പറഞ്ഞു കൊണ്ടു വന്ന് കുഴിയിൽ ചാടിച്ചാൽ അയാൾ 50 കോടിക്ക് പടം ചെയ്യും. അല്ലാതെ ഇവിടെ മറ്റാരും ചെയ്യും എന്ന് എനിക്ക് തോന്നുന്നില്ല. ഇതിനെക്കുറിച്ച് അറിയാവുന്ന ആരും ഇനി അത്രയും ബഡ്ജറ്റിൽ പടം ചെയ്യുമെന്ന് തോന്നുന്നില്ല. എല്ലാ നിർമാതാക്കളും കൂടി ആവശ്യപ്പെട്ടിട്ടാണ് നമ്മൾ ഇപ്പോൾ ഇത്തരം ഒരു തീരുമാനം എടുത്തിരിക്കുന്നത്,.
പൂർണ്ണമായ 'ഷട്ട് ഡൗൺ' എന്ന് പറയുമ്പോൾ നിലവിൽ ഷൂട്ട് നടന്നു കൊണ്ടിരിക്കുന്ന അല്ലെങ്കിൽ റിലീസ് പ്രഖ്യാപിക്കപ്പെട്ട സിനിമകളെ ഇത് ബാധിക്കുമോ?
ഇപ്പോൾ ഷൂട്ട് നടന്നു കൊണ്ടിരിക്കുന്നതോ റിലീസ് പ്രഖ്യാപിക്കപ്പെട്ടതോ ആയ സിനിമകളെ ഇത് ബാധിക്കില്ല. ഇനി വരുന്ന പുതിയ പടങ്ങൾക്ക് അനുമതി കൊടുക്കുന്നില്ല എന്നതാണ്. ഫിയോക്കും ഫെഫ്കയും എല്ലാമായി തീരുമാനിച്ചിട്ടാണ് നമ്മൾ ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്. മെയ്യ് 31 വരെ എല്ലാവർക്കും ഷൂട്ട് ചെയ്യാം. അതിന് ശേഷം 1-ാം തീയതി മുതൽ പോസ്റ്റ് പ്രൊഡക്ഷൻ അടക്കമുള്ള എല്ലാം നിർത്തി വച്ചു കൊണ്ടിയിരിക്കും നമ്മൾ സമരം ആരംഭിക്കുക. നമുക്ക് ആകെ കിട്ടിക്കൊണ്ടിരുന്ന വരുമാനം ഒടിടി ആയിരുന്നു അത് താഴേക്ക് പോയി. പിന്നെയുണ്ടായിരുന്നത് ഓഡിയോ റൈറ്റ് ആണ്. അതിന് നല്ല വില കിട്ടിക്കൊണ്ടിരുന്നതാണ്. പക്ഷേ അതിന് എന്താണ് സംഭവിച്ചതെന്നു വച്ചാൽ ഇപ്പോഴത്തെ മ്യൂസിക് ഡയറക്ടേഴ്സ് പറയുന്നത് ഓഡിയോയുടെ മുഴുവൻ അവകാശവും അവർക്ക് ആണ് എന്നാണ്. അങ്ങനെ എഴുതിക്കൊടുത്താൽ അവർ വന്ന് മ്യൂസിക് ചെയ്യാം എന്നാണ്. ശബളം മാത്രം പോരാ ഇപ്പോൾ റൈറ്റും കൂടി വേണം. ഇൻഡസ്ട്രി എങ്ങോട്ടാണ് പോകുന്നതെന്ന് ചിന്തിക്കണം?
പ്രൊഫിറ്റ് ഷെയറിംഗ് എന്ന തരത്തിലേക്ക് ഇനി താരങ്ങളുടെ റെമ്യുണറേഷൻ മാറുമോ? അതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ? ബോളിവുഡ് അടക്കമുള്ള ഇൻഡസ്ട്രികൾ ഇത്തരം ഒരു കൾച്ചറിലേക്കാണല്ലോ പോകുന്നത്? അത് കുറച്ചു കൂടി നഷ്ടത്തെ ലഘൂകരിക്കാൻ സഹായിക്കില്ലേ?
ഞങ്ങൾ ഇപ്പോൾ കൊണ്ടുവരാൻ ഇരിക്കുന്നത് ഒരു 'ട്രൈപാർറ്റൈറ്റ്' എഗ്രിമെന്റ് ആണ്. നിർമാതാക്കളും ആർട്ടിസ്റ്റുകളും ഡയറക്ടറും ചേർന്നു കൊണ്ടുള്ളത്. സംയുക്തമായ ഒരു ഉത്തരവാദിത്തമാണ് സിനിമയ്ക്ക് വേണ്ടത്. കാശ് പോയാൽ അതിന്റെ നഷ്ടം എല്ലാം പ്രൊഡ്യൂസറുടെ തലയിൽ എന്ന തരത്തിലുള്ള സംവിധാനം ഇനി നടക്കില്ല. സിനിമ ലാഭം ആണെങ്കിൽ അത് പങ്കിടുന്ന തരത്തിലേക്ക് ഇനി ചെയ്യാം. പണ്ടും സിനിമ ലാഭം വന്നാൽ അവർക്ക് പങ്കിടാറുണ്ടായിരുന്നു. അത് തന്നെയാണ് നമ്മൾ ഇനി മുന്നോട്ട് വയ്ക്കാൻ പോകുന്നത്. 50- 60 ദിവസങ്ങൾകൊണ്ട് തീരുന്ന പടങ്ങൾ ഇപ്പോൾ 100- 120 ദിവസം കൊണ്ടാണ് ഇപ്പോൾ തീരുന്നത്. എങ്ങനെയെങ്കിലും ഒരു പടം വിജയിച്ചു കഴിഞ്ഞാൽ പിന്നീട് അവർ വാങ്ങിക്കുന്നത് ഒന്നോ ഒന്നരക്കോടിയോ രൂപയാണ്. മലയാളത്തിലെ ഏറ്റവും നല്ല ഡയറക്ടേഴ്സ് എത്രയാണ് വാങ്ങിക്കുന്നതെന്ന് ആലോചിച്ചു നോക്കൂ. 40-50 കൊല്ലം സിനിമയിൽ പിന്നിട്ട സംവിധായകർ പോലും ഇത്ര കാലമായി ഇത്രയും എമൗണ്ട് വാങ്ങിയിട്ടില്ല. പുതുതായിട്ട് വരുന്നവരുടെ ഇത്തരം രീതികൾ ഇനി അംഗീകരിക്കാൻ പറ്റില്ല.
ഇന്നലത്തെ പ്രസ്സ് മീറ്റിൽ അടക്കം താരങ്ങൾ നിർമ്മാതാക്കൾ ആവുന്നത് ഒരു പ്രശനം എന്ന നിലയിലാണ് അഡ്രസ്സ് ചെയ്തത്? എന്തുകൊണ്ടാണ് അത്തരം ഒരു സമീപനം?
ഈ ഒടിടി കണ്ടിട്ടാണ് പല താരങ്ങളും പ്രൊഡക്ഷൻ തുടങ്ങിയത്. ഈ ഒടിടി വരുന്നതിന് മുമ്പ് ഏതെങ്കിലും നടൻ ഇവിടെ സിനിമ പ്രൊഡ്യൂസ് ചെയ്തിട്ടുണ്ടോ? മോഹൻലാൽ മാത്രമാണ് അത്തരത്തിൽ പ്രൊഡ്യൂസ് ചെയ്തിട്ടുള്ളത്. എന്നാൽ ഒടിടി വന്നു കഴിഞ്ഞപ്പോൾ ലാഭം കിട്ടിയാൽ മുഴുവൻ ഇങ്ങോട്ട് പോരട്ടെ എന്നു കരുതിയാണ് പലരും ഇത് തുടങ്ങിയിട്ടുള്ളത്. ഇനിയിപ്പോൾ എത്രപേർ പ്രൊഡ്യൂസ് ചെയ്യും എന്നത് കാണാം.
ഇവർ ഇപ്പോൾ പ്രൊഡക്ഷൻ നിർത്തും, കാരണം അവർക്ക് കിട്ടിക്കൊണ്ടിരുന്ന ഒരു വലിയ സംവിധാനമായിരുന്നു ഒടിടി. അത് നിന്നു പോകും, പിന്നെ അവർ വിചാരിക്കുന്ന വില ഇനി കിട്ടില്ല.
മലയാളം പോലെ ഒരു ചെറിയ ഇൻഡസ്ട്രിയിൽ നിന്ന് 200 സിനിമകൾ കഴിഞ്ഞ വർഷം പ്രൊഡ്യൂസ് ചെയ്യപ്പെട്ടു എന്നു പറയുന്നു അതിൽ 24 മാത്രം ഹിറ്റ്, ഇത്തരത്തിൽ ബൾക്ക് ആയി ഫ്ലോപ്പ് സിനിമകൾ സംഭവിക്കുന്നത് മലയാളം ഇൻഡസ്ട്രിയുടെ മാർക്കറ്റ് ഇടിയാൻ സാധ്യതയുണ്ടാക്കില്ലേ? സിനിമ നിർമ്മാണത്തിൽ ഒരു നിയന്ത്രണം കൊണ്ടു വരണം എന്ന് പ്രൊഡ്യൂസേഴ്സ് കരുതുന്നുണ്ടോ?
മുമ്പ് ഞങ്ങൾ ഇതുപോലൊരു നിയന്ത്രണം കൊണ്ടു വന്നിരുന്നു. പ്രൊഡ്യൂസേഴ്സിനെ വിളിച്ച് ഒരു കൗൺസിൽ പോലെ ചെയ്യുമായിരുന്നു. ഈ പ്രൊജക്ട് നിങ്ങൾക്ക് പ്രായോഗികമാവില്ല, നിങ്ങൾ ചെയ്യരുത് എന്നു പറഞ്ഞപ്പോൾ ഇവിടെ വലിയ തരത്തിലുള്ള കോലാഹലമാണ് സംഭവിച്ചത്. ഞങ്ങൾ വരുന്ന നിർമാതാക്കളെയെല്ലാം പറഞ്ഞു വിടുകയാണ്, നിരുത്സാഹപ്പെടുത്തുകയാണ് എന്നൊക്കെയാണ് പലരും അന്ന് പറഞ്ഞത്. ഒരാൾ സിനിമ ചെയ്യാൻ വരുമ്പോൾ എന്തിനാണ് നമ്മൾ ഇനി നിരുത്സാഹപ്പെടുത്തുന്നത് അവർ ചെയ്യട്ടേ എന്നു വിചാരിച്ചു. ഇപ്പോൾ അവർക്ക് തന്നെ മനസ്സിലായി. ഞങ്ങൾ അന്ന് അങ്ങനെ പറഞ്ഞപ്പോൾ ഞങ്ങളായിരുന്നു വില്ലന്മാർ. ഇപ്പോൾ അവർക്ക് മനസ്സിലായി എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന്. ഇപ്പോഴും അങ്ങനെ പലരും വരുന്നുണ്ട്. അവർ പറഞ്ഞാൽ കേൾക്കില്ല. അതുകൊണ്ട് തന്നെ ഞങ്ങളാരും പറയാറുമില്ല. മാത്രമല്ല അത്തരത്തിൽ സിനിമ പ്രൊഡ്യൂസ് ചെയ്യാൻ തയ്യാറായി വരുന്നവരെ നമ്മുടെ അടുത്തേക്ക് പോലും അടുപ്പിക്കില്ല. ഞങ്ങളെയൊക്കെ വില്ലന്മാരായി ചിത്രീകരിച്ചിരിക്കുകയാണ് അവർക്ക് മുന്നിൽ. പിന്നീട് ആ സിനിമയ്ക്ക് അഡ്വാൻസും കൊടുത്തതിന് ശേഷമായിരിക്കും നമ്മൾ അത് അറിയുക. പടം ചെയ്യാനായി ഇറങ്ങിത്തിരിച്ചവർ പടം ചെയ്തിട്ടേ പോകൂ. അതിൽ നമ്മളാരും എന്ത് പറഞ്ഞിട്ടും കാര്യമില്ല. ചോദിച്ചാൽ പറഞ്ഞു കൊടുക്കാം എന്നല്ലാതെ നിങ്ങൾ സിനിമ ചെയ്യരുതെന്ന് ഞങ്ങൾ ആരും പറയില്ല. അത് അവരുടെ അവകാശമാണ്.
നാളുകളായി ഈ പ്രതിഫല പ്രശ്നം ഇവിടെ നിലനിൽക്കുന്നുണ്ടല്ലോ? എന്നെങ്കിലും ഇത്തരം ആവശ്യം ഉന്നയിച്ചത് പ്രകാരം പ്രതിഫലം കുറച്ച ചരിത്രം ഉണ്ടായിട്ടുണ്ടോ?
ഇതിന് മുമ്പ് ഒരിക്കൽ ഇത്തരത്തിൽ പ്രശ്നം ഉന്നയിച്ച സമയത്ത് അമ്മയുമായി ചർച്ച നടത്തിയതിന്റെ ഭാഗമായി പ്രതിഫലത്തിന്റെ കാര്യത്തിൽ ഒരു അനുകൂല നടപടി ഉണ്ടായിട്ടുണ്ട്. ഇവിടെ താരങ്ങളുടെ പ്രതിഫലം മാത്രമല്ല പ്രശ്നം. അവരുടെ അസിസ്റ്റൻസിന്റെ പ്രതിഫലവും ഭീകരമാണ്. താരങ്ങൾ കൊണ്ടു വരുന്നത് 6 - 8 പേരെയാണ്. ഇവർക്ക് ഒക്കെ ശമ്പളവും ഭക്ഷണവും എല്ലാം കൂടിയാകുമ്പോൾ എത്ര രൂപയാണ് ഒരു നിർമാതാവിന് ചിലവാക്കേണ്ടി വരുന്നത്. ഇവരുടെ അസിസ്റ്റൻസിന് കൊടുക്കുന്ന പൈസ പോലും അവരുടെ പടങ്ങൾ ഇവിടെ കളക്ട് ചെയ്യുന്നില്ല. ഒരു പ്രധാനപ്പെട്ട താരത്തിന്റെ അസിസ്റ്റന്റ് ഇവിടെ വാങ്ങുന്നത് ലക്ഷകണക്കിന് രൂപയാണ്. ആ പൈസ പോലും തിയറ്ററിൽ നിന്ന് കളക്ട് ചെയ്യാൻ സാധിക്കുന്നില്ല എന്നതാണ് ഏറ്റവും സങ്കടകരം.
സമരത്തിൽ പ്രതീക്ഷയുണ്ടോ?
ഞങ്ങൾ ഇറങ്ങിത്തിരിച്ചിരിക്കുന്നത് ഒരു നല്ല കാര്യത്തിന് വേണ്ടിയാണ് അതിന് അറ്റം കണ്ടതിന് ശേഷം മാത്രമേ ഇനിയൊരു തിരിച്ചു വരവുള്ളൂ.