Ashraf Thamarasery
Ashraf Thamarasery 
Inspirational Stories

മുറിഞ്ഞും മുടങ്ങിയും പോയ യാത്രകൾ, അഷ്‌റഫ് താമരശേരിയുടെ ആത്മകഥ

ഗൾഫിൽ വച്ച് മരിക്കുന്ന ലോകത്തിന്‍റെ പല ഭാഗങ്ങളിൽ ഉള്ളവരുടെയും മൃതദേഹം സ്വദേശത്ത് എത്തിക്കാനായി രാവും പകലുമില്ലാതെ, ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ യത്നിക്കുന്ന വ്യക്തിയാണ് അഫ്റഫ് താമരശ്ശേരി. അദ്ദേഹത്തിന്‍റെ ആത്മകഥ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പുറത്തിറങ്ങി. മലയാള സിനിമാ സംവിധായകനും എഴുത്തുകാരനുമായ ജി. പ്രജേഷ്സെൻ ആണ് പുസ്തകം രചിച്ചിരിക്കുന്നത്. ലിപി പബ്ലിഷേഴ്സ് ആണ് പ്രസാധകർ. പുസ്തകത്തിൽ നിന്നും ഒരു അധ്യായം

എന്തിനാണ് നമ്മൾ ജീവിക്കുന്നത്? ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. ഒരു വിശ്വാസി ആയതുകൊണ്ട് തന്നെ ദൈവത്തിന് നിരക്കാത്തത് ഒന്നും ചെയ്യരുതെന്ന് നിർബന്ധവുമുണ്ട്. ഇന്ന് ഇത് വരെ അത് പാലിക്കുകയും ചെയ്തിട്ടുണ്ട്. പലരും ഞാൻ ദൈവത്തെപ്പോലെയാണെന്ന് പറഞ്ഞിട്ടുണ്ട്. എന്‍റെ പ്രവൃത്തികൾ എന്‍റെ നിയോഗമാണ്. അത് പൂർത്തിയാക്കാതെ മനസ്സമാധാനത്തോടെ ഒരിക്കലും ഉറങ്ങാനാവില്ല. അത്രമാത്രമേ ഞാൻ ചിന്തിക്കാറുള്ളൂ.

പണം. അതിനോടുള്ള ആർത്തിയാണ് പലപ്പോഴും മനുഷ്യരെ ചീത്ത പ്രവൃത്തികളിലേക്ക് നയിക്കുന്നത്. പണത്തിന് വേണ്ടി കൊള്ളയും കൊലയും വെട്ടും കുത്തും. പക്ഷേ ജീവിതകാലം മുഴുവൻ നമ്മൾ സമ്പാദിക്കുന്നതൊന്നും അന്ത്യയാത്രയിൽ ആവശ്യമില്ലല്ലോ. അതാരും ഓർക്കുന്നില്ല. രണ്ട് കഷ്ണം വെള്ളത്തുണി മാത്രമാണ് നമ്മുടെ ശരീരം പുതക്കാൻ വേണ്ടത് അല്ലേ. ആ തിരിച്ചറിവുണ്ടായാൽ മാത്രമേ അനുകന്പയോടെ നൻമയുള്ള ഒരു ജീവിതം നയിക്കാനാവൂ.

Ashraf Thamarasery

മൃതദേഹവുമായി ലോകത്തിന്‍റെ പലഭാഗങ്ങളിലും , ഏതാണ്ട് മുപ്പത്തി എട്ടോളം രാജ്യങ്ങളിൽ പോയിട്ടുണ്ട്. കൂടുതലും നമ്മുടെ രാജ്യത്തേക്കാണ്. മൃതദേഹം വീട്ടിലെത്തിക്കുന്പോഴുള്ള ഉറ്റവരുടെ ഹൃദയം പൊട്ടിയുള്ള കരച്ചിൽ എത്രയോ രാത്രികളിൽ ഉറക്കം കളഞ്ഞിട്ടുണ്ട്. പിന്നെ പിന്നെ ഒരു മരവിപ്പ് മാത്രമായി. മണ്ണോട് ചേരുന്നതിന് മുന്പ് പ്രിയപ്പെട്ടവരുടെ സാന്നിധ്യം ഓരോ ആത്മാവും അറിയുമെന്ന് ചിലർ പറയാറുണ്ട്.

അത് വിശ്വസിച്ചാലും ഇല്ലെങ്കിലും തങ്ങൾക്ക് വേണ്ടപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാൻ ബന്ധുക്കളും സുഹൃത്തുക്കളും കാത്തിരിക്കും. കഴിയുന്നത്ര അത് സാധ്യമാക്കുക തന്നെ വേണം എന്നാണ് എന്‍റെയും ആഗ്രഹം. ഏതാണ്ട് പതിനാല് വർഷം മുൻപാണ്. ഒരു ശരീരവുമായി ഒറീസയിലേക്ക് പോകുന്നത്. നാട്ടിലെത്തിയാൽ വിളിക്കേണ്ട മൂന്നോ നാലോ പേരുടെ നന്പറും ഉണ്ടായിരുന്നു. ഭുവനേശ്വർ വിമാനത്താവളത്തിലിറങ്ങി എല്ലാ നന്പറിലും മാറിമാറി വിളിച്ചു. ആരും ഫോണെടുത്തില്ല. പിന്നെ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. എന്നെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. മരിച്ചയാളുടെ ബന്ധുക്കളെ കണ്ടെത്താൻ സഹായിക്കാമെന്ന് പൊലീസും ഉറപ്പു നൽകി.

എന്തോ പൊലീസിൽ അനാഥനെപ്പോലെ അയാളുടെ ശരീരം ഏൽപ്പിച്ച് പോരാൻ എനിക്ക് തോന്നിയില്ല. ബന്ധുക്കൾ എത്തുന്നതുവരെ കാത്തിരിക്കാൻ ഞാൻ തീരുമാനിച്ചു. പൊലീസുകാരും സമ്മതിച്ചു. പകൽ ഞാൻ ആ പ്രദേശത്തൊക്കെ ചുറ്റി നടക്കും. കയ്യിലുള്ള നമ്പറുകളിൽ വിളിച്ച് നോക്കും.ഭക്ഷണം പൊലീസുകാർ തരും. രാത്രി സ്റ്റേഷനിലെ സെല്ലിൽ കിടന്നുറങ്ങും. ചില ദിവസങ്ങളിൽ പൊലീസ് പിടികൂടിയ കള്ളൻമാരോ മറ്റോ ഉണ്ടാകും . അപ്പോൾ മാത്രം സെൽ പൂട്ടിയിടും. ഒരു തെറ്റും ചെയ്യാത്ത ഞാൻ എന്തിന് അവിടെ കിടക്കുന്നു എന്നായിരുന്നു അവർക്കൊക്കെ സംശയം.

പൊലീസ് അവരുടെ രീതിയിൽ അന്വേഷണം തുടരുന്നുണ്ടായിരുന്നു. പക്ഷേ മൂന്ന് ദിവസമായിട്ടും ബന്ധുക്കളെ കണ്ടെത്താനായില്ല. നാലാം ദിവസം പേരും നമ്പറും കൊടുത്ത് വിഷമത്തോടെ ഞാൻ മടങ്ങി.

ദുബായിലെത്തി മൂന്നോ നാലോ മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ഭുവനേശ്വറിൽ നിന്നും എസ്ഐ വിളിച്ചു. അയാളുടെ ബന്ധുക്കളെത്തി മൃതദേഹം കൊണ്ടുപോയെന്ന് പറഞ്ഞു. എനിക്ക് വലിയ വിഷമം തോന്നി. ഞാൻ കുറച്ചു സമയം കൂടി കാത്തുനിൽക്കേണ്ടതായിരുന്നു അല്ലേ സർ എന്ന് ഞാൻ ചോദിച്ചു.

ഒരു നിമിഷം മിണ്ടാതിരുന്ന ശേഷം എസ്ഐ പറഞ്ഞു. സർ അതല്ല കാര്യം. അദ്ദേഹം പറഞ്ഞത് കേട്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയി. സ്റ്റേഷനിൽ ഇരിക്കുകയും പുറത്ത് നടക്കുകയും ഒക്കെ ചെയ്യുന്ന സമയത്ത് ഒരു പഴയ സ്കൂട്ടറിൽ വരുന്ന ചെറുപ്പക്കാരനെ ഞാൻ ശ്രദ്ധിച്ചിരുന്നു. രാവിലെയും വൈകീട്ടും അയാളെ കാണും.

പാൽപാത്രം സ്കൂട്ടറിൽ കെട്ടിവച്ചിരുന്നു. അയാൾ പാൽവിതരണത്തിന് വരുന്നയാളാണെന്ന് ഞാൻ കരുതി. എന്നാൽ സത്യത്തിൽ അയാൾ എന്നെ നിരീക്ഷിക്കുകയായിരുന്നു.

പ്രജേഷ് സെന്‍ അഷ്‌റഫ് താമരശേരിക്കൊപ്പം

മരിച്ചയാളുടെ ബന്ധുവാണ് സ്കൂട്ടറിൽ എത്തിയിരുന്നതെന്ന് എസ്ഐ പറഞ്ഞു. ദുബായിൽ നിന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഏതാണ്ട് ഒരു ലക്ഷം രൂപയോളം ചെലവ് വരും. അത്രയും പണം തരാനില്ലാത്തതുകൊണ്ട് അവർ മുന്നിൽ വരാൻ മടിച്ചു. താങ്കൾ പണം ചോദിക്കുമെന്ന് അവരെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ് സർ. അതുകൊണ്ടാണ് അവർ ഫോണെടുക്കാതിരുന്നതും. താങ്കൾ അത്തരക്കാരനല്ലെന്ന് ഞാൻ പറഞ്ഞപ്പോൾ നേരിട്ട് നന്ദി പറയാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ് അവർ കരച്ചിലായിരുന്നു.

ശരിക്കും പാവങ്ങളാണ് സർ. മൃതദേഹം അടക്കാൻ പോലും പണമില്ലാത്തവർ. എസ് ഐ പിന്നെ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല. എന്തൊരു അവസ്ഥയാണ് അല്ലേ. ചിലർ ഏത് വിധേനയും പണമുണ്ടാക്കാൻ ഓടി നടക്കുന്നു. മറ്റ് ചിലരുടെ അവസ്ഥ ഇങ്ങനെയും.

അഷ്‌റഫ് താമരശേരി

പിന്നീട് ഒരിക്കൽ കൊൽക്കത്തയിൽ പോയി. എയർപോർട്ടിൽ കൊണ്ടുപോകാനെത്തിയത് ഒരു കാളവണ്ടിയാണ്.മൃതദേഹം ഒരു ആംബുലൻസിലും കയറ്റി. എന്നോട് മടങ്ങിപ്പൊയ്ക്കാളാൻ അവർ പറഞ്ഞു. പക്ഷേ വീടുവരെ വരണമെന്ന് പറഞ്ഞപ്പോൾ അവർ എന്നെയും കാളവണ്ടിയിൽ കയറ്റി. എന്തുകൊണ്ടാവും ഇവർ കാളവണ്ടിയിൽ കൂട്ടിപ്പോകുന്നതെന്ന് ഞാൻ ആലോചിച്ചു. ചിലപ്പോൾ വല്ല ആചാരത്തിന്‍റെയും ഭാഗമായിരിക്കും എന്നും വിചാരിച്ചു. അങ്ങനെ ദുർഘടം പിടിച്ച വഴിയിലൂടെയടക്കം കുറേ ദൂരം സഞ്ചരിച്ചു.

ഒടുവിൽ ഒരു കുഗ്രാമത്തിലാണ് എത്തിയത്. നൂറ്റിയൻപതിലധികം കുടിലുകൾ. ദാരിദ്ര്യം വിളിച്ചുപറയുന്ന തരം മുഖങ്ങൾ. പരേതന്‍റെ വീട്ടിലെ അവസ്ഥയും വ്യത്യസ്തമല്ല. പെൺകുട്ടികളടക്കം ആറ് മക്കളാണ് അയാൾക്കുണ്ടായിരുന്നു. അച്ഛൻ അയക്കുന്ന തുച്ഛമായ പണം കൊണ്ടാണ് ആ കുടുംബം കഴിഞ്ഞിരുന്നത്. അവർ പതം പറഞ്ഞ് കരയുന്നുണ്ടായിരുന്നു.

ഒടുവിലത്തെ കൂട്ട് പ്രകാശനം

അയാളുടെ പ്രായമായ അച്ഛനും അവിടുണ്ടായിരുന്നു. വൃദ്ധനായ ഒരാൾ. കണ്ണൊന്നും ശരിക്ക് കാണുന്നുണ്ടായിരുന്നില്ല. പണ്ട് മുത്താറി കൃഷി ചെയ്യുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പണം വാങ്ങി മടങ്ങാമെന്ന് ആംബുലൻസ് ജീവനക്കാർ പറഞ്ഞു. എയർപോർട്ടിൽ നിന്നും അവിടം വരെ 4500 രൂപയാണ് അവർ പറഞ്ഞത്. അയാളുടെ ഭാര്യയും മക്കളും അത് കേട്ട് സ്തബ്ധരായി. അഞ്ച് രൂപ പോലും എടുക്കാനില്ലെന്ന് അവർ കരഞ്ഞുപറഞ്ഞു.

ഇതുകേട്ട് ആ വൃദ്ധൻ അകത്ത് പോയി ഒരു തുണിക്കെട്ട് എടുത്തുകൊണ്ടുവന്നു. തന്‍റെ ജീവിതകാലത്തിലെ ആകെയുള്ള

സമ്പാദ്യമാണെന്നും മകന്‍റെ മരണച്ചടങ്ങുകൾ നടത്താനാണല്ലോ വിധിയെന്നും അയാൾ വിഷമിച്ചു. പെൺകുട്ടികളിൽ ഒരാൾ ആ സഞ്ചി തുറന്നപ്പോൾ ഞങ്ങളെല്ലാം സ്തബ്ധരായി. എല്ലാം നിരോധിച്ച അഞ്ഞൂറിന്‍റെ നോട്ടുകൾ. ഇന്ത്യയിൽ നോട്ടുനിരോധനം വന്ന് ഏതാനും മാസങ്ങളായിരുന്നു. ആ പാവത്തിന് അത് അറിയില്ലായിരുന്നു.

ആ പണം പോരെന്ന് ആംബുലൻസ് ജീവനക്കാർ പറഞ്ഞതോടെ വൃദ്ധൻ ദേഷ്യത്തിലായി. താനും ഇന്ത്യക്കാരനാണെന്നുംഇന്ത്യയിലെ നോട്ട് എന്താണ് എടുക്കാത്തതെന്നും അയാൾ ബഹളം വട്ടു. ഇതൊക്കെ കേട്ട് നിന്ന ആ പ്രദേശത്തെ പലരും തലയിൽ വട്ടു. എനിക്കുറപ്പായിരുന്നു ആ ഗ്രാമത്തിലെ പലരും നോട്ട് നിരോധിച്ചത് അറിഞ്ഞിട്ടുണ്ടാവില്ലന്ന്. തങ്ങളുടെ തുച്ഛമായ സമ്പാദ്യം കൊണ്ട് ഇനിയൊരു കാര്യവുമില്ലെന്ന അറിവ് അവരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിട്ടുണ്ടാകുമെന്ന്.

ഒടുവിൽ ദേഷ്യം വന്ന ആംബുലൻസ് ജീവനക്കാർ മൃതശരീരം മുറ്റത്തിറക്കിവച്ച് മടങ്ങിപ്പോയി. പാവപ്പെട്ട ആ വൃദ്ധനും പെൺമക്കളും ചേർന്ന് , ആർത്തലച്ച് കരഞ്ഞുകൊണ്ട് ഒരു കുഴി മൂടി അയാളെ മറവ് ചെയ്യുന്നത് ഉള്ളിൽ ഉറക്കെ കരഞ്ഞുകൊണ്ട് ഞാനും നോക്കി നിന്നു. ആവശ്യത്തിന് ഉപകരിച്ചില്ലെങ്കിൽ പണം വെറും കടലാസുകഷ്ണം മാത്രമാണ് അല്ലേ. ആ കടലാസുകഷ്ണത്തിന് പിന്നാലെ മനുഷ്യത്വം മറന്നുകൊണ്ടുള്ള ഓട്ടം അവസാനിപ്പിച്ചില്ലെങ്കിൽ അന്ത്യയാത്രയിൽ പോലും അത് ഉപയോഗശൂന്യമാകും. ജീവിതം കൊണ്ട് പഠിച്ച വലിയ പാ‌ഠം.

(പ്രജേഷ്സെൻ എഴുതിയ ഒടുവിലത്തെ കൂട്ട്, ക്യാപ്റ്റൻ തിരക്കഥ, ആത്മഭാഷണങ്ങൾ എന്നീ മൂന്ന് പുസ്തകങ്ങളാണ് ഷാർജ ഫെസ്റ്റിൽ പുറത്തിറക്കിയത്. അന്വേഷണങ്ങൾക്ക്- ലിപി ബുക്സ്- 9847262583)

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

SCROLL FOR NEXT