Opinion

ഗുരുവായൂര്‍ സത്യാഗ്രഹ നവതി ആഘോഷിക്കുവാന്‍ നവകേരളത്തിന് അര്‍ഹതയുണ്ടോ?

ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ നവതി, തൊണ്ണൂറാം പിറന്നാള്‍, കേരളം കൊണ്ടാടുന്ന ദിവസമാണിന്ന്. പ്രധാനപ്പെട്ട പത്രമാധ്യമങ്ങള്‍ എല്ലാം ആ ചരിത്രസംഭവത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുന്നു. അയവിറക്കുക എന്ന പ്രക്രിയ മൃഗങ്ങള്‍ ചെയ്യുന്നത് കഴിച്ചതു ദഹിക്കുന്നതിന്റെ രണ്ടാം ഘട്ടമായാണ്. അതായത് വെട്ടിവിഴുങ്ങിയതിനെ ദഹിക്കുവാന്‍ പാകത്തിലാക്കുക എന്നതാണ് ആ പ്രക്രിയ.

2021 ലാണ് കേരളസമൂഹം ഗുരുവായൂര്‍ സത്യഗ്രഹത്തിനെ വീണ്ടും ഓര്‍ക്കുവാന്‍ ശ്രമിക്കുന്നത്. ഇന്നത്തെ കേരളസമൂഹം ഗുരുവായൂര്‍ സത്യഗ്രഹത്തെ ഓര്‍ക്കുവാന്‍ യോഗ്യതയുള്ളതാണോ എന്ന ചിന്തയാണ് ഇങ്ങനെയൊരു പോഡ്കാസ്റ്റ് ചെയ്യുവാന്‍ പ്രേരിപ്പിച്ചത്.

ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ ഏറ്റവും പ്രമുഖമായ നേതൃത്വം കൊടുത്തിരുന്നവര്‍ കെ. കേളപ്പന്‍, എ.കെ ഗോപാലന്‍, ടി. സുബ്രഹ്‌മണ്യന്‍ തിരുമുമ്പ്, പി കൃഷ്ണപ്പിള്ള, മന്നത്തു പത്മനാഭന്‍, എന്‍. പി ദാമോദരന്‍, ആര്യാ പള്ളം, വിഷ്ണുഭാരതീയന്‍, കെ മാധവന്‍, വി.ടി ഭട്ടതിരിപ്പാട് എന്നിവരായിരുന്നു. അവര്‍ സത്യഗ്രഹസമരത്തിലേക്ക് എടുത്തുചാടിയ 1931 ലെ ഇന്ത്യന്‍ സാഹചര്യമെന്തായിരുന്നു?

സ്വാത്രന്ത്ര്യവാഞ്ഛ ഉണ്ടായിരുന്ന ഏതൊരാളുടെ സിരകളിലും ചോര തിളച്ച ഒരു വര്‍ഷമായിരുന്നു അത്. അലഹബാദിലെ ആല്‍ഫ്രെഡ് പാര്‍ക്കില്‍ തന്നെ വളഞ്ഞ ബ്രിട്ടീഷ് പൊലീസിന് പിടി കൊടുക്കാതെ സ്വയം തലച്ചോറില്‍ വെടിവെച്ച് ചന്ദ്രശേഖര്‍ ആസാദ് രക്തസാക്ഷിത്വം വരിച്ച വര്‍ഷമായിരുന്നു അത്.

ഭഗത് സിംഗ്, രാജ് ഗുരു, സുഖ്ദേവ് എന്നിവരെ വധശിക്ഷയ്ക്ക് വിധേയമാക്കിയ വര്‍ഷമായിരുന്നു അത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൊടിയുടെ മദ്ധ്യത്തില്‍ ഒരു ചര്‍ഖ വരച്ചുവെച്ച വര്‍ഷമായിരുന്നു അത്. ന്യൂ ഡല്‍ഹി നഗരം ഇന്ത്യയുടെ തലസ്ഥാനമായ വര്‍ഷമായിരുന്നു അത്. അതിന് ഒരു കൊല്ലം മുന്‍പാണ് ഇന്ത്യ ബ്രിട്ടീഷ് സര്‍ക്കാരിനെ വെല്ലുവിളിച്ച് ഉപ്പുകുറുക്കിയത്, ഉണര്‍ന്നെണീക്കുന്ന ഇന്ത്യക്കൊപ്പം കേരളഗാന്ധി കേളപ്പന്‍ പയ്യന്നൂര്‍ കടപ്പുറത്ത് ഉപ്പുകുറുക്കിയത് .

ക്ഷേത്രത്തില്‍ ആരാധനാസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഹിന്ദുക്കള്‍ക്കായി നടന്നതായിരുന്നു ഗുരുവായൂര്‍ സത്യാഗ്രഹം. അതിനേഴുകൊല്ലങ്ങള്‍ക്കു മുമ്പുനടന്ന വൈക്കം സത്യാഗ്രഹം ക്ഷേത്രത്തിനടുത്ത വഴികളിലൂടെ അധഃസ്ഥിതര്‍ക്കു നടക്കാനുള്ള അവകാശത്തിനുവേണ്ടിയായിരുന്നു.

ഐക്യകേരളം അപ്പോള്‍ ഉണ്ടായിരുന്നില്ല എങ്കിലും മലയാളികളുടെ ഈ മാതൃഭൂമിയില്‍ അക്കാലത്തിന്റെ സവിഷേതകള്‍ എന്തൊക്കെയായിരുന്നു എന്നു നോക്കാം. വൈക്കം സത്യാഗഹം നടന്നിട്ട് ഏഴുകൊല്ലം കഴിഞ്ഞിരുന്നു . മലബാര്‍ കലാപം നടന്നിട്ട് പത്താണ്ടുകള്‍ കഴിഞ്ഞിരുന്നു. ശ്രീ നാരായണഗുരു മരിച്ചിട്ട് മൂന്നുകൊല്ലങ്ങള്‍ കഴിഞ്ഞിരുന്നു. ഗാന്ധിയുടെ ആദ്യ കേരളാസന്ദര്‍ശനം കഴിഞ്ഞിട്ട് പത്തുകൊല്ലങ്ങളായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ രൂപം കൊള്ളുന്നതിന് നാലുകൊല്ലങ്ങള്‍ക്കുമുന്‍പായിരുന്നു അത്.

ക്ഷേത്രത്തില്‍ ആരാധനാസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഹിന്ദുക്കള്‍ക്കായി നടന്നതായിരുന്നു ഗുരുവായൂര്‍ സത്യാഗ്രഹം. അതിനേഴുകൊല്ലങ്ങള്‍ക്കു മുമ്പുനടന്ന വൈക്കം സത്യാഗ്രഹം ക്ഷേത്രത്തിനടുത്ത വഴികളിലൂടെ അധഃസ്ഥിതര്‍ക്കു നടക്കാനുള്ള അവകാശത്തിനുവേണ്ടിയായിരുന്നു.

ഒരു സമരത്തിന്റെ പ്രാധാന്യത്തെ വര്‍ഷങ്ങള്‍ക്കു ശേഷം നിരീക്ഷിക്കുമ്പോള്‍ അത് രണ്ടുതരത്തില്‍ നമുക്കു ചെയ്യാം. ഒന്ന് വര്‍ത്തമാനകാലത്തുനിന്നും അതിനെ പൂര്‍ണ്ണമായി മുറിച്ചുനീക്കി, ധീരോദാത്തമായ ഒരു ചുവടുവെയ്പ്പെന്ന് പറഞ്ഞു പുകഴ്ത്തിപ്പാടാം. ഇന്ന് എല്ലാവിഭാഗം ഹിന്ദുക്കളും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറുന്നുണ്ടെങ്കില്‍ അതിനുള്ള കാരണം അതാണെന്നു പറയാം. മറ്റൊരു വീക്ഷണത്തിലാണ് ഗുരുവായൂര്‍ സത്യഗ്രഹത്തിലെ ആര്യാ പള്ളം എന്ന സ്ത്രീയുടെ പങ്ക് പ്രധാനമാകുന്നത്.

മറക്കുടയ്ക്കുള്ളിലെ മഹാനരകത്തില്‍ നിന്നും നമ്പൂതിരി സ്ത്രീകളെ മോചിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ച ആര്യാ പള്ളം .ഗുരുവായൂര്‍ സത്യാഗ്രഹവേദിയില്‍ ആര്യാ പള്ളം പ്രസംഗിച്ചു. കെ. കേളപ്പന്‍ അമ്പലനടയില്‍ നിരാഹാരസമരം തുടങ്ങിയപ്പോള്‍ ആര്യാ പള്ളം പ്രഖ്യാപിച്ചു, കേളപ്പനുശേഷം ഞാന്‍ നിരാഹാരം കിടക്കും എന്ന്.

എല്ലാവര്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന് 1931 ഡിസംബറില്‍ യോഗക്ഷേമസഭ പ്രമേയം പാസാക്കിയപ്പോള്‍ അധ്യക്ഷത വഹിച്ചത് ആര്യാ പള്ളം ആയിരുന്നു. കേരളം ഒരു സമൂഹം എന്ന നിലയില്‍ ആര്യാ പള്ളത്തിനോടോ, കേളപ്പനോടോ, ഗുരുവായൂര്‍ സത്യഗ്രഹത്തോടോ നീതി പുലര്‍ത്തിയോ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കരുതെന്നു പറഞ്ഞു നാടിളക്കി കോലാഹലം ഉണ്ടാക്കിയപ്പോള്‍ ? ഗുരുവായൂരില്‍ അധഃസ്ഥിതര്‍ കയറരുതെന്ന മാമൂല്‍ പോലൊന്നു മാത്രമായിരുന്നു ആധുനിക മലയാളി മുറുകെപ്പുണര്‍ന്ന ശബരിമല ക്ഷേത്രാചാരം. 1931 ല്‍ ഗുരുവായൂര്‍ ക്ഷേത്രപ്രവേശനം സംബന്ധിച്ച് കോണ്‍ഗ്രസ് പൊന്നാനി താലൂക്കില്‍ ഹിതപരിശോധന നടത്തിയപ്പോള്‍ 77 ശതമാനം പേരും ക്ഷേത്രം എല്ലാവര്‍ക്കും തുറന്നുകൊടുക്കണമെന്നാണ് ആവശ്യപ്പെട്ടത്.

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ ശബരിമലയില്‍ പ്രവേശിപ്പിക്കണം എന്ന ആവശ്യത്തിനനുകൂലമായി ചിന്തിക്കുവാന്‍ കേരളത്തിലെ ഹിന്ദുക്കള്‍ മാത്രമല്ല സര്‍വ്വമതസ്തരും തയ്യാറാകാതിരുന്നതില്‍ നിന്നും വ്യക്തമായ ഒരു കാര്യം അനാചാരങ്ങളുടെ സംരക്ഷണം ആവശ്യമുള്ള ഒരു സമൂഹമായി കേരളം മാറിയിരിക്കുന്നു എന്നതാണ്. ഗുരുവായൂര്‍ സത്യഗ്രഹത്തിന് അനുകൂലമായി കേരളം മുഴുവന്‍ തെരുവിലിറങ്ങിയെങ്കില്‍ ശബരിമല പ്രക്ഷോഭം അറിയപ്പെടുന്നത് സ്ത്രീകള്‍ക്ക് ഭരണഘടനാപരമായ അവകാശം നിഷേധിക്കുവാനുള്ള സമരമായിട്ടാണ് ...ഒരു വലിയ വിഭാഗം സ്ത്രീകള്‍ തന്നെ ഇതിനായി രംഗത്തിറങ്ങുകയും ചെയ്തു. ഗുരുവായൂര്‍ പ്രക്ഷോഭവും ശബരിമല പ്രശ്‌നവും തമ്മിലുള്ള കാതലായ വ്യത്യാസം ഗുരുവായൂര്‍ പ്രശ്‌നം ജനങ്ങള്‍ ഉയര്‍ത്തിയ ആവശ്യമായിരുന്നു, എന്നാല്‍ ശബരിമല പ്രശ്‌നം സുപ്രീം കോടതി ഒരു ഭരണഘടനാപ്രശ്‌നത്തില്‍ തീര്‍പ്പുകല്‍പ്പിച്ചതാണ് എന്നതാണ് . അത് ഒരു ജനാവശ്യമല്ലായിരുന്നു .

എന്നെ അലട്ടുന്ന പ്രശ്‌നം കോടതിവിധിയേ അല്ല ...എന്തുകൊണ്ട് സ്ത്രീകളുടെ ശബരിമല പ്രവേശനം ഗുരുവായൂര്‍ സത്യഗ്രഹം പോലെ ഒരു പൊതുജനാവശ്യം ആയില്ല എന്നതാണ്. അധഃസ്ഥിതര്‍ വൈക്കത്തെ വഴി നടക്കരുത് എന്നതിനും ഗുരുവായൂരില്‍ അവര്‍ണ്ണര്‍ കയറരുത് എന്നതിനും യാഥാസ്ഥിതികര്‍ ഉയര്‍ത്തിയ മാമൂല്‍ ന്യായം മാത്രമാണ് ശബരിമലയിലും ഉള്ളത്.

ആര്യാ പള്ളം കേളപ്പനു ശേഷം ഞാന്‍ നിരാഹാരം കിടക്കുമെന്നും, ക്ഷേത്രങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനം വേണമെന്ന പ്രമേയം അവതരിപ്പിച്ചപ്പോഴും, മറക്കുടയ്ക്കുള്ളില്‍ നിന്നും പുറത്തിറങ്ങി ഘോഷ ഉപേക്ഷിച്ചപ്പോഴും ഈ സമൂഹം ക്ഷേത്രത്തില്‍ പെണ്‍കുട്ടികള്‍ പ്രവേശിക്കാതിരിക്കാന്‍ തെരുവിലിറങ്ങുമെന്ന് പ്രതീക്ഷിച്ചു കാണില്ല.

കേരളത്തിലെ കൃസ്ത്യന്‍ -മുസ്ലിം യാഥാസ്ഥിതികരും സ്ത്രീവിരുദ്ധമായി നില്‍ക്കുന്ന ആധുനികതയാണ് കേരളസമൂഹം സൃഷ്ടിച്ചെടുത്തത്. 1925 സെപ്റ്റംബര്‍ 27 നാണ് രാഷ്ട്രീയ സ്വയം സേവക സംഘം ഉണ്ടായത്. 1931 ല്‍ ഗുരുവായൂര്‍ ക്ഷേത്രപ്രവേശനത്തിന് സമരം ചെയ്തത് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയായിരുന്നു.

സമരത്തില്‍ പങ്കെടുത്ത പ്രമുഖ നേതാക്കന്മാരില്‍ പലരും പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 2018 ല്‍ ശബരിമലയില്‍ ഭരണഘടനാപരമായി സുപ്രീം കോടതി സ്ത്രീകള്‍ക്കു പ്രവേശനം നല്‍കിയപ്പോള്‍ അതിനെതിരേ ഏറ്റവും ശക്തമായി രംഗത്തുവന്നത് ആര്‍.എസ്.എസും പരിവാര്‍ സംഘടനകളുമായിരുന്നു. ഇന്ന് ഇന്ത്യയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്നവരായി അവര്‍ വളര്‍ന്നിരിക്കുന്നു. കേരളം മതവര്‍ഗീയതയെ ചെറുക്കുന്നു എന്ന് അഭിമാനിക്കുമ്പോഴും കേരളം പുലരുന്ന ആന്തരികവൈരുദ്ധ്യങ്ങളില്‍ പ്രബലമായ ഒന്നിലൂടെയാണ് ശബരിമല പ്രശ്‌നത്തില്‍ ഒരു സ്ത്രീവിരുദ്ധ നിലപാടിലേക്ക് ഒരു സമൂഹം എന്ന നിലയില്‍ കേരളം സഞ്ചരിച്ചത് .

ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ നവതി ആഘോഷിക്കുന്നവര്‍, മാദ്ധ്യമങ്ങളും സംഘടനകളും വ്യക്തികളും , സ്വയം ചോദിക്കേണ്ട ഒരു ചോദ്യമാണ്, 2021 ലെ കേരളം ആര്യാ പള്ളത്തോട് നീതി പുലര്‍ത്തുന്നുണ്ടോ എന്നുള്ളത്.

മദ്യനയത്തിലെ തർക്കം; എന്തുകൊണ്ട് ബക്കാഡി വിവാദമാകുന്നു?

'ബാലൻ' ഒരുക്കിയത് പൂർണമായും സിങ്ക് സൗണ്ടിൽ: ഓഡിയോഗ്രാഫേഴ്സ് ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ അഭിമുഖം

ഗംഭീര ആക്ഷനും ശക്തമായ രാഷ്ട്രീയവുമായി 'അനന്തൻ കാട്' നാളെ മുതൽ; ബുക്കിംഗ് തുടങ്ങി

കീർ സ്റ്റാർമറുടെ രാജി; യുകെ രാഷ്ട്രീയത്തിൽ തുടരുന്ന അസ്ഥിരതയും കാലാവധി പൂർത്തിയാക്കാനാവാതെ പടിയിറങ്ങുന്ന പ്രധാനമന്ത്രിമാരും

ഡെലിവറി ബോയിൽ തുടങ്ങി വാട്‌സാപ്പിലേക്ക്; ക്രെഡ് സ്ഥാപകൻ കുനാൽ ഷായുടെ ഗ്ലോബൽ യാത്ര!

SCROLL FOR NEXT