Opinion

പിന്നോക്ക സമുദായത്തിൽ പെട്ടയാൾ ഉഴപ്പനും കൊള്ളരുതാത്തവനുമായി മാറ്റപ്പെടുന്നത് പേരിൽ നിന്ന് മുറിച്ചു മാറ്റപ്പെട്ട ജാതിവാലിന്റെ ധാർഷ്ട്യം

കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തിന്റെ പശ്ചാത്തലത്തിൽ നൽകിയ അഭിമുഖത്തിൽ ആക്ടിം​ഗ് വിഭാ​ഗം അധ്യാപകൻ എം.ജി ജ്യോതിഷ് ഉഴപ്പനാണെന്നും സമരത്തിന് പിന്നിൽ ജ്യോതിഷിന്റെ താൽപ്പര്യങ്ങളുണ്ടെന്നും ചെയർമാൻ അടൂർ ​ഗോപാലകൃഷ്ണൻ ആരോപിച്ചിരുന്നു. അടൂരിന്റെ ആരോപണങ്ങൾക്ക് അഭിനയ വിഭാ​ഗം വിദ്യാർത്ഥികൾ നൽകിയ മറുപടിയും തുറന്ന കത്തും

പദ്മശ്രീ പദ്മവിഭൂഷൻ അടൂർ ഗോപാലകൃഷ്ണന് ഒരു തുറന്ന കത്ത്

കെ. ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ ആക്ടിങ് ഡിപ്പാർട്മെന്റിലെ നിലവിലെ വിദ്യാർഥികളും പൂർവ്വ വിദ്യാർഥികളുമാണ് ഞങ്ങൾ. ഞങ്ങളുടെ അധ്യാപകൻ ശ്രീ എം.ജി. ജ്യോതിഷിനെതിരെ ചില ആരോപണങ്ങൾ ഉന്നയിച്ചതായി ശ്രദ്ധയിൽപ്പെട്ടു. തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ആണ് അവയൊക്കെ എന്നറിഞ്ഞിട്ടും അത് ഉന്നയിക്കാൻ അങ്ങ് കാണിച്ച ധൈര്യം പ്രശംസനീയമാണ്. ഈ ഇൻസ്റ്റിട്യൂട്ടിലെ മികച്ച അധ്യാപകരിൽ ഒരാളായ ജ്യോതിഷ് സാറിനെ ഉഴപ്പൻ എന്ന് ആരോപിച്ചതിന് പിന്നിലെ ചേതോവികാരം എന്താണെന്ന് കേൾക്കുന്ന എല്ലാവർക്കും മനസിലാകും. അദ്ദേഹത്തിന്റെ അത്രയും മികവില്ലാത്ത, അദ്ധ്യാപന പരിചയമില്ലാത്ത അധ്യാപകർ ഇൻസ്റ്റിട്യൂട്ടിലെ പല ഡിപ്പാർട്മെന്റുകളിലും ഉണ്ടെന്നുള്ള കാര്യം താങ്കൾക്ക് അറിയാവുന്ന കാര്യമാണ്. അവർക്ക് എതിരെ വിദ്യാർഥികൾ പലതവണ പരാതി നൽകുകയും ചെയ്തതാണ്. മാത്രമല്ല വിദ്യാർഥികൾ അത്തരം അധ്യാപകരുടെ ക്ലാസുകൾ ബഹിഷ്കരിച്ച് പ്രതിക്ഷേധിക്കുകയും ചെയ്തിട്ടുള്ളതാണ്, എന്നിട്ടും അതെപ്പറ്റിയൊന്നും ആ വിദ്യാർഥികളോട് ചോദിക്കുകയോ അത്തരം അധ്യാപകർക്കെതിരെ നടപടി എടുക്കുകയോ താങ്കൾ ചെയ്തിട്ടില്ല.

ഇൻസ്റ്റിട്യൂട്ടിലെ കഴിഞ്ഞ എട്ടു വർഷത്തോളമായി അധ്യാപകനാണ് ജ്യോതിഷ് സാർ, ഈ കാലയളവിനുള്ളിൽ അദ്ദേഹത്തിന്റെ അധ്യാപനത്തിന് എതിരെ യാതൊരു പരാതിയും ഉയർന്നിട്ടില്ലന്ന് മാത്രമല്ല മലയാള സിനിമയിലെ പല മികച്ച നടീ നടന്മാർക്ക് പരിശീലനം നൽകിയ വ്യക്തിയുമാണ് അദ്ദേഹം. ജ്യോതിഷ് സാറിന്റെ ശിക്ഷണത്തിൽ ആക്ടിങ് ഡിപ്പാർട്മെന്റിലെ വിദ്യാർഥികളും മികച്ച നിലവാരം പുലർത്താറുമുണ്ട്, ഇവിടുത്തെ പ്രോജെക്റ്റുകൾ പോലും നേരിൽ കാണാത്ത താങ്കൾക്ക് അതിനെപ്പറ്റി അറിയാൻ സാധ്യത ഇല്ല.

2019 ബാച്ചിലെ വിദ്യാർഥികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കൊറോണ സമയത്തെ ഓൺലൈൻ പ്രാക്റ്റിക്കൽ ക്ലാസുകൾ വേണ്ടെന്ന് വെച്ചത്. ആ കാര്യം രേഖാമൂലം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറെ അറിയിച്ചിട്ടുള്ളതും ആണ്. ഓൺലൈനിൽ കൂടി അഭിനയം പഠിക്കുന്നതിന്റെ പരിമിതികൾ രാജ്യത്തെ തന്നെ മികച്ച ഒരു ഇന്സ്ടിട്യൂട്ടിൽ പഠിച്ച താങ്കൾക്ക് മനസിലാക്കി തരേണ്ടി വരുന്നത് ദയനീയമാണ്.

ജ്യോതിഷ് സാറിന്റെ ക്ലാസ്സുകളെ പറ്റി ആക്റ്റിങ് ഡിപ്പാർട്മെന്റിലെ വിദ്യാർഥികൾക്ക് മാത്രമല്ല ഇൻസ്റ്റിട്യൂട്ടിലെ ബാക്കി ഡിപ്പാർട്‌മെന്റുകളിലെ വിദ്യാർഥികൾക്കും മികച്ച അഭിപ്രായം തന്നെയാണ് നിലവിലുള്ളത്. അത്തരം ഒരു അധ്യാപകനെ ഉഴപ്പൻ എന്ന് മുദ്രകുത്തുന്നതിലൂടെ താങ്കളുടെ മനസിലും ഇൻസ്റ്റിറ്റ്യൂട്ടിലും ജാതി എങ്ങനെയൊക്കെയാണ് പ്രവർത്തിക്കുന്നത് എന്ന് പുറംലോകത്തിന് മനസിലാക്കി കൊടുത്തതിന് താങ്കളോട് ഒരുപാട് നന്ദി ഉണ്ട്.

അദ്ധ്യാപകൻ എത്ര മികച്ചതാണെങ്കിലും അയാൾ പിന്നോക്ക സമുദായത്തിൽ പെട്ടയാൾ ആണെങ്കിൽ അയാൾ ഉഴപ്പനും കൊള്ളരുതാത്തവനും ഒക്കെയായി മാറ്റപ്പെടുന്നത് അങ്ങയുടെ പേരിൽ നിന്ന് മുറിച്ചു മാറ്റപ്പെട്ട ജാതിവാലിന്റെ ധാർഷ്ട്യം തന്നെയാണ്.

Acting Students 2019 & 2022 batches, KRNNIVSA

Acting Department Alumni, KRNNIVSA

16. January.2023

pallickathodu

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

SCROLL FOR NEXT