Interview

'മോഹന്‍ലാല്‍ ഒളിച്ചോടുന്നു,അമ്മയുടെ നിയമാവലിയെക്കുറിച്ചോ ലിംഗസമത്വത്തെക്കുറിച്ചോ ധാരണയില്ല'; ഷമ്മി തിലകന്‍ അഭിമുഖം

സംഘടനാ മര്യാദകള്‍ പാലിച്ചാണ് നടന്‍ തിലകനെതിരെ നിന്നതെന്നാണ് റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത്. ആ വാദത്തെ, അദ്ദേഹത്തിന്റെ മകന്‍, താരസംഘടനയിലെ അംഗം എന്നീ നിലകളില്‍ എങ്ങനെ കാണുന്നു ?

ഇടവേള ബാബുവിന്റെ പ്രസ്താവന അസംബന്ധമാണ്. കാരണം കാണിക്കല്‍ നോട്ടീസിന് തിലകന്‍ മറുപടി നല്‍കിയില്ലെന്നും ഇടവേള ബാബു പറഞ്ഞു. അച്ഛന്‍ അമ്മ സംഘടനയ്ക്ക് കൈമാറിയ വിശദീകരണക്കുറിപ്പ് നേരത്തേ മാതൃഭൂമി പുറത്തുവിട്ടിട്ടുണ്ട്. സൂപ്പര്‍സ്റ്റാറുകളെ അപമാനിക്കുന്ന പ്രസ്താവനകള്‍ ഇറക്കുന്നു, കമ്മ്യൂണിസ്റ്റ് ആണെന്ന് പറഞ്ഞു, എന്നതടക്കമുള്ള കാര്യങ്ങളിലാണ് അച്ഛനോട് വിശദീകരണം തേടിയത്. അങ്ങനെയെങ്കില്‍ ആക്രമിക്കപ്പെട്ട നടിയെ പൊതുമധ്യത്തില്‍ അപമാനിച്ച ഇടവേള ബാബുവിന് അതൊന്നും ബാധകമല്ലേ ? ഉന്നയിച്ച ഓരോ കാര്യങ്ങള്‍ക്കും തിലകന്‍ മറുപടി നല്‍കിയിട്ടുണ്ട്. ആര്‍ക്കെങ്കിലും തന്റെ പ്രസ്താവനകള്‍ മൂലം എന്തെങ്കിലും വിഷമം ഉണ്ടായെങ്കില്‍ അത് തന്നെ ബോധ്യപ്പെടുത്തുന്ന പക്ഷം മാപ്പ് പറയാന്‍ തയ്യാറാണെന്ന് മറുപടിയില്‍ അച്ഛന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആ കത്ത് നല്‍കി പതിനഞ്ച് ദിവസത്തിനകം അദ്ദേഹത്തെ പുറത്താക്കി. അത്തരമൊരു നടപടിയെടുക്കണമെന്ന മുന്‍വിധിയോടെയാണ് ഷോകോസ് നോട്ടീസ് നല്‍കിയതെന്ന് വ്യക്തമാണ്. അതാണോ സംഘടനാ മര്യാദ ? ആര്‍ക്കെങ്കിലും വിഷമം ഉണ്ടായെങ്കില്‍ എന്തുകൊണ്ട് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയില്ല ? അങ്ങനെയെങ്കില്‍ തിലകന്‍ മാപ്പ് പറയുകയും പ്രശ്‌നം പരിഹരിക്കപ്പെടുകയും ചെയ്യുമായിരുന്നില്ലേ? അങ്ങനെ പരിഹാരമുണ്ടാകരുന്നതെന്ന മുന്‍വിധിയോടെയായിരുന്നു ഇടവേള ബാബു അടക്കമുള്ളവരുടെ ഇടപെടല്‍. ചാരിറ്റബിള്‍ സൊസൈറ്റി എന്ന നിലയില്‍ രജിസ്ട്രാര്‍ അംഗീകരിച്ച ബൈലോയുള്ള സംഘടനയാണത്. അതിന്റെ നിയമാവലിയിലെ വ്യവസ്ഥകള്‍ പ്രകാരം ഒരാളെ പുറത്താക്കാനാകില്ല. ഏത് സംവിധാനത്തിലായാലും അപ്പീല്‍ നല്‍കാനുള്ള അവകാശം ഭരണഘടന അനുശാസിക്കുന്നുണ്ട്. അതൊന്നും പരിഗണിക്കാതെ മുന്‍പിന്‍ നോക്കാതെ തിടുക്കപ്പെട്ട് പുറത്താക്കുകയായിരുന്നു. എന്നാല്‍ പുറത്തുപോകേണ്ടത് ഇന്നസെന്റും ഇടവേള ബാബുവുമാണ്.

എന്തെല്ലാം കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇന്നസെന്റും ഇടവേള ബാബുവുമാണ് പുറത്തുപോകേണ്ടവര്‍ എന്ന് പറയുന്നത് ?

സംവിധായകന്‍ വിനയന്‍ നല്‍കിയ കേസില്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ വിധി അമ്മയ്ക്കും ഫെഫ്കയ്ക്കും പിഴ വിധിച്ചുകൊണ്ടാണ്. അതിനെതിരെ ഇരുസംഘടനകളും സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. തിലകന് നേരെയുണ്ടായ നീതി നിഷേധമടക്കം മുന്‍നിര്‍ത്തി, ഇന്നസെന്റ്, ഇടവേള ബാബു,സിബി മലയില്‍, ബി ഉണ്ണികൃഷ്ണന്‍, കെ മോഹനന്‍ എന്നിവരും അവര്‍ പ്രതിനിധീകരിക്കുന്ന സംഘടനകളും മാത്സര്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഉത്തരവാദികളാണെന്ന് വിധിയില്‍ വ്യക്തമാക്കുന്നു. ഇത്തരം പ്രവൃത്തികള്‍ അവസാനിപ്പിക്കണമെന്നും തുടര്‍ന്നും അതില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും നിര്‍ദേശിക്കുന്നുമുണ്ട്. അതായത് ധാര്‍മ്മികതയുണ്ടെങ്കില്‍ അവര്‍ രാജിവെച്ച് പോകണം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഉളുപ്പുണ്ടെങ്കില്‍ പുറത്തുപോകണം. ഏവരും ബഹുമാനിക്കുന്ന മധുസാറിനെ പോലുള്ളവര്‍ ഈ സംഘടനയുടെ ഭാഗമാണ്. മൂന്നോ നാലോ പേരുടെ ചെയ്തികള്‍ക്ക്, മധുസാറും പാര്‍വതി തിരുവോത്തും ഞാനുമുള്‍പ്പെടെ സംഘടനയിലെ മുഴുവന്‍ അംഗങ്ങളും പൊതുമധ്യത്തില്‍ വിചാരണ നേരിടേണ്ടിവരികയാണ്. നാല് ലക്ഷത്തോളം രൂപയാണ് അമ്മയ്ക്ക് പിഴ ചുമത്തിയത്. ഞാനടക്കമുള്ളവര്‍ വിയര്‍പ്പൊഴുക്കിയുണ്ടാക്കിയതില്‍ നിന്നുള്ള വിഹിതമാണ് പിഴയായി അടയ്‌ക്കേണ്ടത്. ചിലരുടെ ചെയ്തികള്‍ക്ക് 450 അംഗങ്ങളും പഴികേള്‍ക്കുന്നത് എന്തിനാണ് ?

മരിച്ചയാളുടെ അംഗത്വം തിരികെ നല്‍കാനാകില്ലെന്ന് അതേ അഭിമുഖത്തില്‍ ഇടവേള ബാബു തിലകനെതിരായ നടപടിയെക്കുറിച്ച് പറയുന്നുണ്ട്. ആ പരാമര്‍ശത്തെ എങ്ങനെ കാണുന്നു ?

പരിതാപകരം എന്നല്ലാതെ എന്തുപറയാന്‍. അച്ഛന്‍ ആശുപത്രിയിലായിരിക്കെ ഞാന്‍ ഇടവേള ബാബുവിനെ വിളിച്ചിരുന്നു. അച്ഛന്‍ ഇനി നിങ്ങള്‍ക്കെതിരെ തിരിയാനോ വഴക്കിടാനോ വരില്ല, ആരോഗ്യം ക്ഷയിച്ചിരിക്കുകയാണ്. അതുകൊണ്ട് ഇനിയും പീഡിപ്പിക്കരുത്. നമ്മുടെ അമ്മയുടെ അംഗമായിട്ട് തന്നെ അദ്ദേഹം മരിക്കട്ടെ. ദയവുചെയ്ത് നിരുപാധികം അദ്ദേഹത്തെ തിരിച്ചെടുക്കണം എന്ന് കരഞ്ഞ് കാലുപിടിച്ച് അപേക്ഷിച്ചു. എന്നാല്‍ സംഘടനാ രീതികള്‍ പ്രകാരം അത് സാധ്യമല്ലെന്നാണ് പറഞ്ഞത്. അന്ന് അത് ചോദ്യം ചെയ്യാന്‍ എന്റെ കയ്യില്‍ തെളിവുകളില്ല. അച്ഛന്‍ നല്‍കിയ അവസാന കത്ത് ഞാന്‍ അന്ന് കണ്ടിട്ടില്ല. ഷോ കോസ് നോട്ടീസിന് മറുപടി തന്നിട്ടില്ലെന്നാണ് അമ്മ ഭാരവാഹികളും പറഞ്ഞത്. എന്നാല്‍ കോംപറ്റീഷന്‍ കമ്മീഷന്റെ വിധിയില്‍ തിലകനോട് കാണിച്ചത് നീതികേടാണെന്ന് വ്യക്തമായി പറയുന്നുണ്ട്. അതിലും വലിയ തെളിവിന്റെ ആവശ്യമില്ലല്ലോ. അച്ഛന്‍ ഒരു വിഷയം പറഞ്ഞാല്‍, തിലകന്‍ ചേട്ടനല്ലേ പറഞ്ഞത്. അതില്‍ കാര്യമുണ്ടാകും എന്ന നിലയില്‍ ഗൗരവത്തോടെയായിരുന്നു നേരത്തേയൊക്കെ പരിഗണിച്ചത്. അങ്ങനെയൊരാളെ പിന്നീട് ദുര്‍ബലമായ കാര്യങ്ങള്‍ പറഞ്ഞ് മുന്‍വിധികളോടെ പുറത്താക്കുകയായിരുന്നു. തുടര്‍ച്ചയായി മൂന്ന് ജനറല്‍ ബോഡി യോഗങ്ങളില്‍ പങ്കെടുക്കാത്ത അംഗത്തെ പുറത്താക്കാന്‍ സംഘടനയ്ക്ക് അധികാരമുണ്ടെന്ന്‌ നിയമാവലിയിലുണ്ട്. എന്നാല്‍ ഒന്‍പത് വര്‍ഷം പങ്കെടുക്കാതിരുന്നിട്ട് എന്നെ പുറത്താക്കിയിട്ടില്ല. അച്ഛനെ തിരിച്ചെടുക്കാത്തതിനാല്‍ 9 വര്‍ഷം ഞാന്‍ അമ്മ ജനറല്‍ ബോഡിയില്‍ പങ്കെടുത്തിരുന്നില്ല. എന്നെ പുറത്താക്കാതിരുന്നത് അവരുടെ കുറ്റബോധം കൊണ്ടാണ്. എന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് അവര്‍ക്കറിയാം. അച്ഛന്‍ മരിച്ച ശേഷമുള്ള ആദ്യ ജനറല്‍ ബോഡിയില്‍ പങ്കെടുക്കാതിരുന്നപ്പോള്‍ എനിക്ക് ഷോകോസ് നോട്ടീസ് വന്നു. അപ്പോള്‍ തന്നെ ഞാന്‍ ഇടവേള ബാബുവിനെ വിളിച്ച് കത്ത് കിട്ടിയതിനെക്കുറിച്ച് പറഞ്ഞു. എന്തെങ്കിലും പറഞ്ഞ് മറുപടി തന്നാല്‍ മതി ഞാന്‍ മാനേജ് ചെയ്‌തോളാമെന്നാണ് അദ്ദേഹം പറഞ്ഞത്. അത്തരത്തില്‍ അഡ്ജസ്റ്റ്‌മെന്റ്‌ അവിടെ നടക്കുന്നതിന്റെ തെളിവല്ലേ അത് ? അത് എനിക്ക് എങ്ങനെ പറ്റും പേര് ഷമ്മി എന്ന് മാത്രമല്ലല്ലോ ഷമ്മി തിലകന്‍ എന്നായി പോയല്ലോയെന്നാണ് ഞാന്‍ അപ്പോള്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ എന്ത് സംഘടനാ മര്യാദയാണ് ഇവര്‍ പാലിക്കുന്നത്. അന്ന് ഷോകോസ് നോട്ടീസിന് ഞാന്‍ മറുപടി കൊടുത്തതുമില്ല.

ആക്രമിക്കപ്പെട്ട നടി ട്വന്റിട്വന്റിയുടെ രണ്ടാം ഭാഗത്തിലുണ്ടാകുമോയെന്ന ചോദ്യത്തിന്‌ മരിച്ചുപോയവരെ തിരിച്ചുകൊണ്ടുവരാനാകില്ലെന്നാണ് ഇടവേള ബാബു പറഞ്ഞത്. സിനിമയില്‍ മരിച്ചുപോയ കഥാപാത്രമെന്നാണ് ഉദ്ദേശിച്ചതെന്ന് പിന്നീട് വിശദീകരിച്ചു. ആ പരാമര്‍ശത്തെക്കുറിച്ച് എന്താണ് തോന്നുന്നത് ?

ഉള്ളിലുള്ള കാര്യം അറിയാതെ വെളിയില്‍ ചാടിയതാണ്. പിന്നീട് പിടിച്ചുനില്‍ക്കാന്‍ വേണ്ടി ഉരുണ്ടുകളിച്ചതുമാണ്. തിലകന്റെ കാര്യം അറിയാതെ വന്നുപോയതാണോയെന്നും അറിയില്ല. എന്തായാലും, മരിച്ചശേഷം അച്ഛന്റെ അംഗത്വം തിരികെ നല്‍കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍, എന്നെ പ്രത്യേക ക്ഷണിതാവായി വിളിപ്പിച്ച ക്രൗണ്‍ പ്ലാസയിലെ യോഗത്തില്‍ ശ്വേത മേനോന്‍, ജോയ് മാത്യു എന്നിവര്‍, തിലകന്‍ ചേട്ടന് മരണാനന്തര ആദരവ് പോലെ അംഗത്വം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിലകന്റെ കാര്യത്തില്‍ സംഘടന പ്രായശ്ചിത്തം ചെയ്യണമെന്നാണ് ഞാന്‍ പറഞ്ഞത്. അതെങ്ങനെയാണ് വേണ്ടതെന്ന് മോഹന്‍ലാല്‍ ചോദിച്ചു. അതിന് പത്തിരുപത് പേജില്‍ വിശദമായി ഞാന്‍ മറുപടി നല്‍കി. ബാബുവിന്റെയടക്കം രാജിയും അതില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതില്‍ ഇതുവരെയും നടപടിയുണ്ടായിട്ടില്ല. ആക്രമിക്കപ്പെട്ട നടി രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നാണ് ഇടവേള ബാബു പറയുന്നത്. രേഖാമൂലം പരാതി കൊടുത്താല്‍ നടപടിയെടുക്കുമായിരുന്നുവെന്ന് പറയുന്നവര്‍ ഞാന്‍ എഴുതി നല്‍കിയിട്ട് എന്തുകൊണ്ടാണ് നടപടിയെടുക്കാത്തത് ? മോഹന്‍ലാലിന്റെ അനുവാദത്തോടെ സംഘടനാരേഖകള്‍ പരിശോധിച്ച് നിയമാവലി വിശദമായി വിലയിരുത്തി നിയമോപദേശം തേടിയ ശേഷമാണ് കത്ത് കൊടുത്തത്. ഷമ്മി + തിലകന്‍ എന്നാണ് അതിന്റെയൊടുക്കം എഴുതിയത്. ഇരയുടെ പരാതി വേട്ടക്കാര്‍ക്ക് തന്നെ നല്‍കേണ്ടി വരുന്ന വിരോധാഭാസമാണ് ഇവിടെയുള്ളത്. അതെന്ത് സംഘടനാ മര്യാദയാണ് ?

ആക്രമിക്കപ്പെട്ട നടിയെക്കുറിച്ചുള്ള ഇടവേള ബാബുവിന്റെ പരാമര്‍ശങ്ങളില്‍ ശക്തമായ രോഷം പ്രകടിപ്പിച്ചാണ് പാര്‍വതി തിരുവോത്ത് അമ്മ സംഘടന വിട്ടത്. നടി രാജിവെച്ചതിനെ എങ്ങനെ കാണുന്നു ?

പാര്‍വതിയായിരുന്നില്ല രാജിവെയ്‌ക്കേണ്ടത്. ഇന്നസെന്റും ഇടവേളബാബുവുമൊക്കെയാണ് രാജിവെയ്‌ക്കേണ്ടത് എന്നതില്‍ ഉറച്ചുനില്‍ക്കുന്നു. ഇടവേളയുടെ പരാമര്‍ശങ്ങളില്‍ സഹികെട്ടാണ് അവര്‍ സംഘടന വിട്ടത്. അമ്മയ്ക്ക് ധാര്‍മികതയുള്ള നേതൃത്വമായിരുന്നെങ്കില്‍ പാര്‍വതിക്ക് അങ്ങനെ ചെയ്യേണ്ടി വരുമായിരുന്നില്ല. ഒരു കാരണവശാലും പാര്‍വതി രാജിവെയ്ക്കരുതായിരുന്നുവെന്നാണ് എന്റെ നിലപാട്. എന്നാല്‍ അവരുടെ വ്യക്തിപരമായ തീരുമാനത്തെ അംഗീകരിച്ചേ പറ്റൂ. അവര്‍ക്ക് കൃത്യമായ നിലപാടുകളുണ്ട്. ആത്മാഭിമാനത്തോടെ സംഘടനയില്‍ തുടരുന്നതിന് ബുദ്ധിമുട്ടുണ്ടെന്നതിന് തെളിവാണ് ഇത്തരം സംഭവങ്ങള്‍. ഇത്തരത്തില്‍ വലിയ കനലുകള്‍ സംഘടനയ്ക്കുള്ളില്‍ എരിയുന്നുണ്ട്. വ്യക്തിത്വമുള്ള, കഴിവുള്ള പാര്‍വതി പുറത്തുപോകേണ്ടിയിരുന്നില്ലെന്ന വ്യക്തിപരമായ പരിഭവം എനിക്കുണ്ട്. സംഘടനയില്‍ നിന്ന് നേതൃത്വത്തെ തിരുത്തിക്കാനായി പോരാടേണ്ടിയിരുന്നു. അങ്ങനെയെങ്കില്‍ ഇതിനകം ഞാന്‍ എത്രതവണ രാജിവെയ്‌ക്കേണ്ടതാണ്. പാര്‍വതിയെ പോലെ അവര്‍ക്കൊപ്പമുള്ളവരും രാജിവെയ്‌ക്കേണ്ടിയിരുന്നില്ല. പണം കൊടുത്താണ് എല്ലാവരും സംഘടനയുടെ ലൈഫ് മെംബര്‍മാരായിട്ടുള്ളത്. ഞാനടക്കമുള്ളവര്‍ കൊടുത്ത പണം ഉപയോഗിച്ചാണ് അതിന്റെ ലെറ്റര്‍പാഡ് വരെ അടിച്ചത്.

എന്തുകൊണ്ടാണ് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ഇത്തരത്തില്‍ ഗൗരവമേറിയ വിഷയങ്ങളിലൊന്നും ഇടപെടാതെ മൗനം പാലിക്കുന്നത് ?

മോഹന്‍ലാല്‍ നിശ്ശബ്ദനായിരിക്കുന്നത് വിഷമമുണ്ടാക്കുന്നതാണ്. വിഡ്ഢിത്തം പറയുന്നവരെ സ്ഥാനങ്ങളില്‍ വെച്ചുകൊണ്ടിരിക്കുകയാണ്. 2018 ല്‍ ക്രൗണ്‍ പ്ലാസയിലെ അമ്മ മീറ്റിങ്ങിലേക്ക് എന്നെ മോഹന്‍ലാല്‍ നേരിട്ട് വിളിക്കുകയായിരുന്നു. സംഘടനാപരമായ കാര്യങ്ങളെക്കുറിച്ച് യാതൊരു അറിവുമില്ല, നിങ്ങളൊക്കെ നോക്കി കാര്യങ്ങള്‍ പറഞ്ഞുതന്നാല്‍ ഞാന്‍ അതുപോലെ ചെയ്യാം എന്നാണ് അദ്ദേഹം ആ യോഗത്തില്‍ പറഞ്ഞത്. അത് ശരിയായിരിക്കണം. അദ്ദേഹത്തിന് ഇപ്പോഴും ഇതേക്കുറിച്ചൊന്നും അറിയില്ലെന്നാണ് തോന്നുന്നത്. കുറഞ്ഞത് സംഘടനയുടെ നിയമാവലിയെക്കുറിച്ചെങ്കിലും ധാരണ ഉണ്ടായിരിക്കേണ്ടതാണ്. ലിംഗസമത്വത്തെക്കുറിച്ചൊന്നും അദ്ദേഹത്തിനൊരു ബോധവുമില്ലെന്ന അവസ്ഥയാണ്. പ്രശ്‌നങ്ങളില്‍ നിന്ന് അദ്ദേഹം ഒളിച്ചോടുകയാണ്. സമൂഹത്തെ നേരിടാനുള്ള ബുദ്ധിമുട്ടുകൊണ്ടോ അതോ മറുപടി ഇല്ലാത്തതുകൊണ്ടാണോയെന്നന്നൊന്നും മനസ്സിലാകുന്നില്ല. നമുക്ക് പറയാനല്ലേ പറ്റൂ. അദ്ദേഹത്തിനല്ലേ അതെല്ലാം തോന്നേണ്ടത്. അല്ലെങ്കില്‍ ഇത്തരമൊരു സ്ഥാനത്ത് അദ്ദേഹം ഇരിക്കരുതായിരുന്നു.

ആക്രമിക്കപ്പെട്ട നടിയെ അമ്മയുടെ ഭാരവാഹികള്‍ അപമാനിക്കുന്നു, കോടതിയില്‍ മൊഴി മാറ്റുന്നു. അഭിപ്രായപ്രകടനം നടത്തുന്നവരെ വേട്ടയാടുന്നു, സിനിമാ രംഗത്ത് ലിംഗസമത്വമുള്‍പ്പെടെ ഉറപ്പുവരുത്താതെ അനാസ്ഥ തുടരുന്നു, അമ്മയില്‍ അഴിച്ചുപണി വേണ്ടതല്ലേ ?

അമ്മയില്‍ അഴിച്ചുപണി അനിവാര്യമാണ്. മീടൂ ആരോപണം നേരിടുന്നവര്‍, വിഡ്ഢിത്തം വിളമ്പുന്നവര്‍ ഒക്കെയാണ് അതിന്റെ തലപ്പത്തുള്ളത്. ഇങ്ങനെയുള്ളവര്‍ ഇരിക്കുമ്പോള്‍ എങ്ങനെയാണ് ലിംഗസമത്വമുണ്ടാവുക.

സംഘടനാ നേതൃത്വത്തിലുള്ളവരുടെ ഇത്തരം നിരുത്തരവാദപരമായ നടപടികളും പ്രസ്താവനകളുമൊക്കെ എങ്ങനെയാണ് അവസാനിപ്പിക്കാനാവുക, ആരിടപെട്ടാണ് ഇതിന് അറുതിവരുത്തേണ്ടത് ?

ഇടവേള ബാബുവിനെതിരെ ഞാന്‍ മുന്‍പേ നടപടിയാവശ്യപ്പെട്ടതാണ്. സംഘടനാ കാര്യങ്ങള്‍ അഭിമുഖത്തില്‍ വിളിച്ചുപറയാന്‍ ഇടവേള ബാബുവിന് എന്ത് അധികാരമാണുള്ളത്. പ്രസിഡന്റായ മോഹന്‍ ലാലില്‍ മാത്രമാണ് അത് നിക്ഷിപ്തമായിരിക്കുന്നത്. നിയമാവലി പ്രകാരം ഇടവേള ബാബുവിന്റെ നടപടി സംഘടനാവിരുദ്ധമാണ്. സംഘടനാമര്യാദ പാലിക്കുന്നവര്‍ എന്ന് അവകാശപ്പെടുന്നവരാണ് ഇതൊക്കെ ചെയ്യുന്നത്. എന്നെപോലെ ഏതെങ്കിലും അംഗം വിമര്‍ശനമുന്നയിക്കുന്നതുപോലെയല്ല, ഉത്തരവാദപ്പെട്ട, ജനറല്‍ സെക്രട്ടറി പദവിയിലുള്ള ഒരാള്‍ക്ക് ഇങ്ങനെ പരസ്യമായി ഓരോന്നും വിളിച്ചുപറയാനാകില്ല. മോഹന്‍ലാല്‍ അല്ലാതെ ആരും സംഘടനാ കാര്യങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കേണ്ടതില്ലെന്ന് നേരത്തേ തീരുമാനമെടുത്തതാണ്. എന്നാല്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് എന്ത് നിയമലംഘനവും നടത്താമെന്ന് ഇവരുടെ ഭാവം. കഴിഞ്ഞ ജനറല്‍ ബോഡിയില്‍ ബൈലോ ഭേദഗതിയായിരുന്നു അജണ്ട. അംഗങ്ങള്‍ക്ക് ഭേദഗതി അയച്ചുകൊടുത്തിരുന്നു. അഞ്ച് പേരാണ് അതിനെ എതിര്‍ത്തത്. ഞാനും, പാര്‍വതിയടക്കം നാല് വനിതാ അംഗങ്ങളും. ആ നടിമാര്‍ ഭേദഗതി നിര്‍ദേശങ്ങളില്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ നിയമാവലിയില്‍ ഭേദഗതി വരുത്തുന്നതിലെ നിയമപ്രശ്‌നങ്ങളാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്. ആരെങ്കിലും കോടതിയില്‍ തര്‍ക്കം ഉന്നയിച്ചാല്‍ നേതൃത്വം മറുപടി നല്‍കേണ്ടിവരുമെന്ന് ഞാന്‍ പറഞ്ഞു. അഞ്ചുപേരൊഴികെ എല്ലാവരും ഭേദഗതികള്‍ കയ്യടിച്ചുപാസാക്കി. എന്നാല്‍ നാലുമണിയായപ്പോള്‍ വൈസ് പ്രസിഡന്റ് എഴുന്നേറ്റ് അത് തല്‍ക്കാലത്തേക്ക് മരവിപ്പിച്ചതായി പ്രഖ്യാപിച്ചു. അതിന്റെ കാരണമെന്താണെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. ഭേദഗതി നടത്തരുതെന്ന് കാര്യകാരണസഹിതം പറഞ്ഞ ഏക വ്യക്തി ഞാനാണ്. നിയമാവലിയിലെ ഭേദഗതി എന്ന വിഭാഗത്തില്‍, ബൈലോ ഭേദഗതി ചെയ്യണമെങ്കില്‍ ഇന്‍കം ടാക്‌സ് കമ്മീഷണറുടെ അനുമതി വേണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. 94 ല്‍ സംഘടനയുണ്ടായ ശേഷം 2010 ന് മുന്‍പുതന്ന രണ്ട് തവണ ബൈലോയില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. രണ്ട് പ്രാവശ്യവും ഇന്‍കം ടാക്‌സ് കമ്മീഷണറുടെ അനുമതിയോടെയായിരുന്നില്ല. ഇത് ആരെങ്കിലും ചോദ്യം ചെയ്താലോയെന്ന് തിരിച്ചറിഞ്ഞാകണം അത് മരവിപ്പിച്ചത്.

കോംപറ്റീഷന്‍ കമ്മീഷനില്‍ നിന്ന് സംവിധായകന്‍ വിനയന് നീതി കിട്ടിയെന്ന് പറയാം. അദ്ദേഹം നല്‍കിയ കേസില്‍ അമ്മയും ഫെഫ്കയും ഫൈന്‍ അടയ്ക്കണം. അത് ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളുകയും ചെയ്തു. തിലകന്‍ എന്ന അഭിനയപ്രതിഭയ്ക്ക് കൂടി കിട്ടിയ നീതിയല്ലേ അത് ?

തീര്‍ച്ചയായും. തിലകന്റെ കാര്യം ഉന്നയിച്ചുതുകൊണ്ടുകൂടിയാണ് കേസില്‍ അത്തരത്തില്‍ വിധിയുണ്ടായത്. അച്ഛനോട് നീതികേടാണ് കാണിച്ചതെന്ന് വിധിയില്‍ പരാമര്‍ശിക്കുന്നുണ്ട്. അദ്ദേഹം നേരിട്ട പ്രശ്‌നങ്ങള്‍ ആ കേസില്‍ ഉന്നയിച്ചിരുന്നില്ലെങ്കില്‍ ഇത്തരത്തിലൊരു വിധി ഉണ്ടാകുമായിരുന്നില്ലെന്ന് തന്നെയാണ് വിശ്വാസം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തിലകന് ഇനിയെങ്കിലും അമ്മ സംഘടനയില്‍ നിന്ന് നീതി കിട്ടുമെന്ന പ്രതീക്ഷയുണ്ടോ ?

അച്ഛന്റെ കൂടെ ചെറുപ്പത്തില്‍ തന്നെ നാടകങ്ങളില്‍ സഹകരിച്ചിട്ടുണ്ട്. പിജെ ആന്റണിയുടെ തീ എന്ന നാടകത്തില്‍ അച്ഛന്‍ അഭിനയിച്ച പ്രൊഫസര്‍ സണ്ണിയുടെ വേഷം ഏറെ ഇഷ്ടമുള്ളതാണ്. പ്രൊഫസര്‍ സണ്ണി പറയുന്ന ഒരു ഡയലോഗുണ്ട്. കഴിഞ്ഞുപോയ ഇന്നലെകളെക്കുറിച്ചും വരാനിരിക്കുന്ന നാളെകളെക്കുറിച്ചും ആലോചിച്ച് വിഷമിക്കാതിരിക്കുക. അതാണ് എന്റെ കാഴ്ചപ്പാട്. നിലവിലെ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് നീതി കിട്ടുമെന്ന പ്രതീക്ഷ തീരെയില്ല. എന്നാല്‍ തലപ്പത്ത് അഴിച്ചുപണിയുണ്ടായാല്‍ നീതി ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസം.

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

'ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവാണ് അവൻ, പുറത്തു കടക്കാൻ അവന് അറിയില്ല'; ചിരിയല്ല ഇതിൽ അല്പം കാര്യവുമുണ്ട് മലയാളി ഫ്രം ഇന്ത്യ ടീസർ‍

SCROLL FOR NEXT