Opinion

അനന്യയുടേത് ആത്മഹത്യയല്ല ഇൻസ്റ്റിറ്റ്യൂഷണൽ മര്‍ഡര്‍

ജീവിതത്തോടും പ്രതികൂല സാഹചര്യങ്ങളോടും നിരന്തരം പോരാടിക്കൊണ്ടിരിക്കുന്നവരും, അവയെ വിജയിച്ചു മുന്നേറിക്കൊണ്ടിരിക്കുന്നവരുമാണ് ഓരോ ട്രാന്‍സ് വ്യക്തികളും. ലിംഗ-ലൈംഗിക വ്യക്തിത്വത്തിന്റെ പേരില്‍ അംഗീകരിക്കപ്പെടാതെ പോകുമ്പോഴും, അതിജീവനത്തിന്റെ കഥ പറയുന്ന ഇവരെല്ലാം സമൂഹത്തിന് പ്രചോദനം തന്നെയാണ്. അവരിലൊരാളാണ് നമ്മോടു വിടപറഞ്ഞ അനന്യ കുമാരി അലക്‌സ്. കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ (വേങ്ങര) മത്സരിച്ച ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തി, കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കി, പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്‌റ്, ഫ്രീലാന്‍സ് ഫാഷന്‍ സ്‌റ്റൈലിസ്റ്റ്, അവതാരിക തുടങ്ങി നിരവധി മേഖലകളില്‍ ഇരുപത്തിയെട്ടു വയസ്സില്‍ തന്നെ ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ച വ്യക്തിയായിരുന്നു അനന്യ. തന്റെ ട്രാന്‍സ് ജീവിതത്തിലെ യാതനകളെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതയായ അനന്യയുടെ മരണം ഒരു 'ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡര്‍' ആണ്.

ട്രാന്‍സ്‌ജെന്‍ഡര്‍ മേഖലയിലെ ഗവേഷകയായ എനിക്ക് അനന്യയുമായി സമീപ വര്‍ഷങ്ങളായി അടുത്ത സൗഹൃദം ആയിരുന്നു ഉണ്ടായിരുന്നത്. അവളുടെ മരണം ഒരു ഞെട്ടലോടെയാണ് കേള്‍ക്കാന്‍ കഴിഞ്ഞത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു അവസാനമായി ഞാന്‍ അനന്യയെ വിളിച്ചത്. നിയമസഭ തിരഞ്ഞെടുപ്പിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ മത്സരാര്‍ഥി എന്ന നിലയില്‍ കുറച്ചു കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ആയിരുന്നു ആ വിളി. ''ശ്വാസം മുട്ടല്‍ കൊണ്ട് രാത്രി തീരെ ഉറങ്ങാന്‍ പറ്റിയില്ല. ഇപ്പോള്‍ എഴുന്നേറ്റേ ഉള്ളൂ. ഞാന്‍ കുറച്ചു കഴിഞ്ഞു തിരിച്ചു വിളിക്കാം'' എന്നൊരു വോയിസ് മെസ്സേജ് ആയിരുന്നു മറുപടി. പിന്നെ ആ വിളി വന്നില്ല, അങ്ങോട്ട് വിളിക്കാനും പറ്റിയില്ല. അനന്യ അനുഭവിക്കുന്ന ശാരീരിക-മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് ഈ അടുത്ത ദിവസമാണ് സോഷ്യല്‍ മീഡിയ വഴി അറിയാന്‍ കഴിഞ്ഞത്. ഒരു വര്‍ഷം മുന്‍പ് നടന്ന ലിംഗമാറ്റ ശസ്ത്രക്രിയ പരാജയപ്പെട്ടതിനെ തുടര്‍ന്ന് നമുക്ക് ആലോചിക്കാന്‍ പോലും കഴിയാത്ത അത്ര ബുദ്ധിമുട്ടുകളിലൂടെയായിരുന്നു അനന്യ കടന്നുപോയിരുന്നത്.

എറണാകുളം റിനൈ മെഡിസിറ്റിയിലെ പ്ലാസ്റ്റിക് സര്‍ജന്‍ ഡോക്ടര്‍ അര്‍ജുന്‍ അശോകന്റെ നേതൃത്വത്തില്‍ നടന്ന ലിംഗമാറ്റ ശസ്ത്രക്രിയ കുറ്റകരമായ അനാസ്ഥ മൂലം പരാജയപ്പെട്ടതിനാല്‍ താന്‍ കടുത്ത ശാരീരിക-മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് അനന്യ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ദ ക്യുവിനോട് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും, ആരോഗ്യ മന്ത്രിക്കും, ഹോസ്പിറ്റല്‍ മാനേജ്‌മെന്റിനും അനന്യ പരാതി കൊടുത്ത കാര്യം ക്ലബ് ഹൗസ് ചര്‍ച്ചയില്‍ കേട്ടിരുന്നു. ആശുപത്രിയുടെ ഭാഗത്തു നിന്നുണ്ടായ കുറ്റകരമായ അനാസ്ഥ, അവഗണന, നീതി നിഷേധം, ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് കിട്ടാതെ പോയ പിന്തുണ, മാനസികവും ശാരീരികവുമായി അനുഭവിച്ച ബുദ്ധിമുട്ടുകള്‍ എന്നിവയാണ് അനന്യയെ മരണത്തിലേക്ക് നയിച്ചത് എന്നത് വ്യക്തമാണ്. അത് കൊണ്ട് തന്നെ ഇതിനെ ഒരു സാധാരണ ആത്മഹത്യ ആയി തള്ളിക്കളയാന്‍ പറ്റില്ല, മറിച്ചു ഒരു 'ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡര്‍' ആയി തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. എക്കാലവും നീതിക്ക് വേണ്ടി പോരാടിയ അനന്യക്ക് നേരിടേണ്ടി വന്ന നീതി നിഷേധത്തെപറ്റി സംസാരിക്കേണ്ടത് ആവശ്യമാണ്. വിദ്യാഭ്യാസവും, ആത്മധൈര്യവും, പൊരുതാനുള്ള ശേഷിയുമുണ്ടായിട്ടും അനന്യ ജീവിതം അവസാനിപ്പിച്ചതിന്റെ സാമൂഹ്യ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ആശുപത്രി അധികാരികള്‍ക്ക് സാധിക്കില്ല. കഴിഞ്ഞ ഒരു വര്‍ഷമായി അനന്യ തന്റെ ആരോഗ്യത്തോടും, തനിക്കനുഭവപെട്ട അനീതിയോടുമുള്ള പോരാട്ടത്തിലായിരുന്നു. ശസ്ത്രക്രിയയില്‍ പിഴവുണ്ടായത് തുറന്ന് സമ്മതിച്ചു ആരോഗ്യം വീണ്ടെടുക്കാനും തുടര്‍ ചികിത്സ നടത്താനും ചികിത്സിച്ച ആശുപത്രിയും സര്‍ജറി നടത്തിയ ഡോക്ടര്‍മാരും സ്വയമേ തയ്യാറായിരുന്നെങ്കില്‍, അധികാരികളുടെ ഭാഗത്തുനിന്ന് അതിനുള്ള നിര്‍ദ്ദേശം ഉണ്ടായിരുന്നെങ്കില്‍ അനന്യയെ നഷ്ടപ്പെടില്ലായിരുന്നു. ട്രാന്‍സ് വ്യക്തികളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ അപര്യാപ്തതകളിലേക്ക് ഈ സംഭവം വിരല്‍ ചൂണ്ടുന്നുണ്ട്. ഒരു വ്യക്തിയുടെ ആരോഗ്യ സംരക്ഷണം എന്നത് ക്ഷേമത്തില്‍ നിന്ന് ഒരു തരത്തിലും വേര്‍തിരിക്കാനാവാത്തതാണ്. അതുകൊണ്ടു തന്നെ പൗരന്‍മാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകള്‍ അവരുടെ ആരോഗ്യ സംരക്ഷണവും ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. ട്രാന്‍സ് വ്യക്തികളെ സംബന്ധിച്ച് ലിംഗ-സ്ഥിരീകരണ ആരോഗ്യ സംരക്ഷണം മാനസികവും ശരീരികവുമായി വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്.

ലിംഗ-സ്ഥിരീകരണ ആരോഗ്യ സംരക്ഷണം (Gender-affirmative healthcare)

ലിംഗഭേദം കാണിക്കുന്ന വ്യക്തികളെ അവരുടെ ലിംഗ വ്യക്തിത്വം സ്ഥിരീകരിക്കാനും ലിംഗപരമായ അതൃപ്തി/ ബുദ്ധിമുട്ട് ലഘൂകരിക്കാനും സഹായിക്കുന്ന നിരവധി മെഡിക്കല്‍ നടപടിക്രമങ്ങളാണ് ലിംഗ-സ്ഥിരീകരണ ആരോഗ്യ സംരക്ഷണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇവ ഓരോ വ്യക്തിയിലും വിത്യാസപ്പെടാം, പക്ഷേ അവയില്‍ പ്രാഥമിക, ദ്വിതീയ ലൈംഗിക സവിശേഷതകള്‍ (ലേസര്‍ മുടി നീക്കം ചെയ്യല്‍, ജനനേന്ദ്രിയ പുനര്‍നിര്‍മ്മാണം, മാറിട പുനര്‍നിര്‍മ്മാണം മുതലായവ) മാറ്റുന്നതിനുള്ള സൈക്യാട്രിക് കൗണ്‍സിലിംഗ്, ഹോര്‍മോണ്‍ തെറാപ്പി, ശസ്ത്രക്രിയ, സൗന്ദര്യവര്‍ദ്ധക നടപടിക്രമങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. വ്യക്തികള്‍ക്ക് അവരുടെ ലിംഗപരമായ ഡിസ്‌ഫോറിയ കൈകാര്യം ചെയ്യുന്നതിനും, മനസ്സിനനുസരിച്ചു ശരീരത്തിനെ പാകപ്പെടുത്തുന്നതിനുമായി മേല്‍ സൂചിപ്പിച്ച ഒന്നോ, അതിലധികമോ ഓപ്ഷനുകള്‍ സ്വീകരിക്കാവുന്നതാണ്. ലിംഗഭേദം സ്ഥിരീകരിക്കുന്ന നടപടിക്രമങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ മാനസിക ക്ഷേമവും, ജീവിത നിലവാരവും മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് മെഡിക്കല്‍ ലിറ്ററേച്ചറുകളില്‍ പൊതുവായ വിലയിരുത്തലുണ്ട്.

മറ്റ് പൊതുസ്ഥാപനങ്ങളെപ്പോലെ ആശുപത്രികളും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സുരക്ഷിതമല്ലാത്ത ഇടങ്ങളാണ്. സ്വകാര്യതയുടെ അഭാവവും, ഡോക്ടര്‍മാരുടെയും മറ്റ് സ്റ്റാഫ് അംഗങ്ങളുടെയും വിവേചനപരമായ പെരുമാറ്റവും കാരണം പൊതുജനാരോഗ്യ ആവശ്യങ്ങള്‍ക്കായി പോലും സ്വകാര്യ സ്ഥാപനങ്ങളെയാണ് ട്രാന്‍സ് വ്യക്തികള്‍ ആശ്രയിക്കാറ്.

ലിംഗമാറ്റ ശസ്ത്രക്രിയ (Sex Reassignment Surgery)

ജെന്‍ഡറും, ശാരീരിക അവസ്ഥയും പരസ്പരം കലഹിച്ചു തുടങ്ങുന്ന മനസികാവസ്ഥയിലാണ് പലപ്പോഴും ട്രാന്‍സ് വ്യക്തികള്‍ ലിംഗമാറ്റ ശസ്ത്രക്രിയയെ ആശ്രയമായി കാണുന്നത്. ജെന്‍ഡര്‍ ഐഡന്റിറ്റിക്ക് അനുസരിച്ച് ശാരീരികമായി കൂടി മാറുക എന്ന അഗ്രഹമാണ് ഭീമമായ തുകയെയും, അപകടസാധ്യതകളെയും മറികടന്ന് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാന്‍ ട്രാന്‍സ് വ്യക്തികളെ പ്രേരിപ്പിക്കുന്നത്. ലിംഗമാറ്റ ചികിത്സയ്ക്ക് പ്രധാനമായും മൂന്ന് ഘട്ടങ്ങളാണുള്ളത്. ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന കൗണ്‍സലിങ്ങാണ് ഇതില്‍ ആദ്യത്തേത്. ലിംഗമാറ്റത്തിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കിക്കൊടുത്ത് ബോധവത്കരിക്കുകയാണ് ലക്ഷ്യം. ശസ്ത്രക്രിയക്ക് ശേഷം വീണ്ടും പഴയ ശാരീരിക അവസ്ഥയിലേക്ക് മടങ്ങി പോകാനാകില്ലെന്നത് ബോധവല്‍ക്കരണത്തിലൂടെ ഈ സമയത്ത് മനസിലാക്കി കൊടുക്കുന്നു. പ്ലാസ്റ്റിക് സര്‍ജന്‍, മനഃശാസ്ത്രജ്ഞന്‍, എന്‍ഡോക്രൈനോളജിസ്റ്റ് എന്നിവരാണ് ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഭാഗമായി ഒരു വ്യക്തിയെ ചികില്‍സിക്കുന്നത്. നിയമപരമായ നടപടികളാണ് രണ്ടാമത്. ബന്ധുക്കള്‍ക്ക് ബോധവത്കരണം നല്‍കുന്നതും, ഹോര്‍മോണ്‍ ചികിത്സ തുടങ്ങുന്നതും ഈ സമയത്താണ്. ഇത് ഒമ്പതു മാസം വരെ നീണ്ടു നില്‍ക്കാം. ഇത്തരത്തിലുള്ള ഹോര്‍മോണ്‍ ചികിത്സ ശസ്ത്രക്രിയക്ക് മുന്‍പ് ട്രാന്‍സ് വ്യക്തികളില്‍ ലിംഗമാറ്റത്തിന് ഉതകുന്ന ശാരീരികവും മാനസികവുമായ പല അനുകൂല മാറ്റങ്ങളും ഉണ്ടാക്കും. ശസ്ത്രക്രിയകളുടേതാണ് മൂന്നാം ഘട്ടം. ലിംഗത്തില്‍ നിന്ന് കോശങ്ങളെടുത്താണ് എതിര്‍ലിംഗം ഉണ്ടാക്കുക. ഉദാഹരണത്തിന് ഒരു പുരുഷന് പെണ്ണാകണമെങ്കില്‍ അയാളുടെ ലിംഗത്തിലെ കോശങ്ങളെടുത്ത് സ്ത്രീജനനേന്ദ്രിയം ഉണ്ടാക്കും. എങ്കിലേ സംവേദനം (സെന്‍സേഷന്‍) ലഭിക്കൂ. കൈ, തുട എന്നിവിടങ്ങളില്‍ നിന്നായി ശസ്ത്രക്രിയക്ക് ആവശ്യമായ മാംസം എടുക്കാറുണ്ട്. അതത് വ്യക്തികളില്‍നിന്നു തന്നെയാണ് ജനനേന്ദ്രിയത്തിനുള്ള മാംസവും കോശങ്ങളും എടുക്കുക. സ്തനങ്ങള്‍ക്കായി ചിലപ്പോഴെങ്കിലും കൃത്രിമ സംയുക്തങ്ങള്‍ ഉപയോഗിക്കാറുമുണ്ട്. ജനനേന്ദ്രിയം നിര്‍മിക്കല്‍ അഞ്ചോ ആറോ മണിക്കൂറുകള്‍ നീളുന്ന മൈക്രോ സര്‍ജറിയാണ്. ഇതു പൂര്‍ത്തിയായാല്‍ മൂത്രനാളിയുമായി യോജിപ്പിക്കും. ഇതിന്റെ മുറിവുകള്‍ ഉണങ്ങുന്നതോടെ വ്യക്തി ഒരു പുതിയ ആളായി മാറും.

എന്ത് കൊണ്ട് സ്വകാര്യ ആശുപത്രികള്‍ കൂടുതലായി ആശ്രയിക്കപ്പെടുന്നു?

മറ്റ് പൊതുസ്ഥാപനങ്ങളെപ്പോലെ ആശുപത്രികളും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സുരക്ഷിതമല്ലാത്ത ഇടങ്ങളാണ്. സ്വകാര്യതയുടെ അഭാവവും, ഡോക്ടര്‍മാരുടെയും മറ്റ് സ്റ്റാഫ് അംഗങ്ങളുടെയും വിവേചനപരമായ പെരുമാറ്റവും കാരണം പൊതുജനാരോഗ്യ ആവശ്യങ്ങള്‍ക്കായി പോലും സ്വകാര്യ സ്ഥാപനങ്ങളെയാണ് ട്രാന്‍സ് വ്യക്തികള്‍ ആശ്രയിക്കാറ്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് എസ് ആര്‍ എസ് (SRS- Sex Reassignment Surgery) സര്‍ജറിക്ക് സൗകര്യം ഒരുക്കുന്ന സര്‍ക്കാര്‍ സ്ഥാപങ്ങള്‍ ഇപ്പോഴും കേരളത്തില്‍ നിലവിലില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്‌ക്ലൂസീവ് ക്ലിനിക്കുകള്‍ സ്വാഗതാര്‍ഹമാണെങ്കിലും അത്തരം രണ്ട് ക്ലിനിക്കുകള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. മാസത്തില്‍ ഒരു ദിവസം മാത്രമേ ഇവിടെ സേവനങ്ങള്‍ ലഭ്യമായിട്ടുള്ളത്. ഇത്തരത്തില്‍ പൊതുമേഖലയിലുള്ള ലിംഗ-സ്ഥിരീകരണ സേവനങ്ങളുടെ അഭാവം സ്വകാര്യവല്‍ക്കരണത്തിന്റെ സാധ്യതകള്‍ തുറക്കുകയും റിനൈ മെഡിസിറ്റി, അമൃത പോലുള്ള സ്വകാര്യ ആശുപത്രികള്‍ ഇത്തരം ചികിത്സക്ക് ആശ്രയിക്കാന്‍ പറ്റാവുന്ന ഇടമായി മാറുകയും ചെയ്തിട്ടുണ്ട്. ലിംഗപരമായ ആരോഗ്യ സംരക്ഷണത്തിന് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചുകൊണ്ടും, ചെലവ് കുറഞ്ഞ സേവനങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടുമാണ് ഇത്തരം സ്വകാര്യ ആശുപത്രികള്‍ വ്യക്തികളെ ആകര്‍ഷിക്കുന്നത്. കേരളത്തിനകത്തും പുറത്തും ചില ചെറിയ ക്ലിനിക്കുകളില്‍ വേണ്ടത്ര വൈദഗ്ധ്യവും, സൗകര്യവും ഇല്ലാതെ നടക്കുന്ന പല ശസ്ത്രക്രിയകളും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ആജീവനാന്ത സങ്കീര്‍ണതകളും, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും (മൂത്രതടസ്സം, ആവര്‍ത്തിച്ചുള്ള അണുബാധകള്‍, വിട്ടുമാറാത്ത വേദന) തുടങ്ങിയവ ഉണ്ടാക്കിയ നിരവധി കേസുകളുണ്ട്. ഇത്തരത്തില്‍ ശസ്ത്രക്രിയയില്‍ വരുന്ന അപാകതകള്‍ പരിഹരിക്കുന്നതിനും തിരുത്തല്‍ ശസ്ത്രക്രിയകള്‍ നടത്താനുമായി ഡോക്ടര്‍മാര്‍ ക്ലയന്റുകളില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കിയ നിരവധി സംഭവങ്ങളും ഉണ്ട്. മറ്റെവിടെയെങ്കിലും മോശമായി നടത്തിയ നടപടിക്രമങ്ങള്‍ക്ക് ശേഷം തിരുത്തല്‍ ശസ്ത്രക്രിയക്ക് സ്വകാര്യ മേഖലയിലെ ആശുപത്രികളെ സമീപിക്കുന്നവരും ഉണ്ട്. കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളില്‍ വളരെ കുറച്ചു പേര്‍ മാത്രമാണ്, എസ് ആര്‍ എസ്, ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ്, സൈക്യാട്രിക് കൗണ്‍സിലിംഗ് തുടങ്ങിയവ നടത്തുന്നത്. സാമ്പത്തികമായുള്ള ബുദ്ധിമുട്ടും കുടുംബങ്ങള്‍ എസ് ആര്‍ എസിനെ അംഗീകരിക്കാത്തതുമാണ് ഇതിന്റെ പിന്നിലെ പ്രധാന കാരണങ്ങള്‍.

സര്‍ക്കാര്‍ നിലവിലുള്ള ക്ഷേമപദ്ധതികളില്‍ ലിംഗ-സ്ഥിരീകരണ ആരോഗ്യ സംരക്ഷണം ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. അതോടൊപ്പം തന്നെ, ലിംഗ സ്ഥിരീകരണ പരിചരണം സാര്‍വത്രികവും ചിലവ് കുറഞ്ഞതുമായി മാറ്റുന്നതിന് സ്വകാര്യ- സര്‍ക്കാര്‍ പങ്കാളിത്തവും സര്‍ക്കാര്‍ ഇടപെടലും ആവശ്യമാണ്. ശസ്ത്രക്രിയക്ക് വിധേയരാകുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികകളെ സാമ്പത്തിക ലാഭത്തിനായി മെഡിക്കല്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി കര്‍ശനമായ സര്‍ക്കാര്‍ നിരീക്ഷണം ആവശ്യമാണ്. അതോടൊപ്പം, മെഡിക്കല്‍ ദുരുപയോഗത്തിന് ഇരകളായ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നീതി ലഭിക്കുന്നതിനായി ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസിന് പരാതി നല്‍കാനുള്ള നിയമപരമായ വകുപ്പുകള്‍ രൂപീകരിക്കണം. സൈക്യാട്രി, എന്‍ഡോക്രൈനോളജി, ജനറല്‍ ഹെല്‍ത്ത് മുതല്‍ പീഡിയാട്രിക്‌സ് വരെയുള്ള മേഖലകളില്‍ ഡോക്ടര്‍മാര്‍ക്കും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ക്കും ട്രാന്‍സ് വ്യക്തികളെ പരിശോധിക്കാനുള്ള പരിശീലനവും നല്‍കലും പ്രധാനമാണ്.

സമൂഹത്തില്‍ മറ്റ് എല്ലാ വ്യക്തികളെയും പോലെ തുല്യതയോടെയും, മാന്യതയോടെയും ജീവിക്കാനുള്ള അവകാശം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും ഉണ്ട്. അതുകൊണ്ടുതന്നെ അനന്യയുടെ മനുഷ്യാവകാശത്തെയും, ആരോഗ്യത്തെയും നിസ്സാരവല്‍ക്കരിച്ചു കൊണ്ട് ഡോക്ടര്‍മാര്‍ നടത്തിയ പരീക്ഷണങ്ങളും, അധികാരികള്‍ നടത്തിയ അവഗണനകളും നിരുത്തരവാദം നിറഞ്ഞതും, കുറ്റകൃത്യവും ആണ്. അനന്യ സോഷ്യല്‍ മീഡിയയില്‍ എഴുതിയിരുന്നത് പോലെ നീതിക്കുവേണ്ടി നാം അവള്‍ക്കായി പോരാടിയെ മതിയാവുള്ളൂ. ഇനിയും മറ്റൊരു അനന്യ കേരളത്തില്‍ ഉണ്ടാകരുത്. അതുകൊണ്ട് ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നിയമ നടപടിയെടുക്കുന്നതിനോടൊപ്പം ഇത്തരം സങ്കീര്‍ണ്ണമായ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ക്ക് വേണ്ട പരിശീലനവും സജ്ജീകരണങ്ങളും സ്വകാര്യ ആശുപത്രികളില്‍ ഉണ്ടോ എന്നത് സര്‍ക്കാര്‍ പരിശോധിച്ച് അംഗീകാരം കൊടുക്കേണ്ടതും ആവശ്യമാണ്. എങ്കില്‍ മാത്രമേ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നേരെയുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡറുകള്‍ ഭാവിയില്‍ തടയാന്‍ സാധിക്കു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT