Special Report

‘മരണാനന്തര ബഹുമതിയായെങ്കിലും പാക്കേജ് നടപ്പിലാക്കുമോ?’; മൂലമ്പിള്ളിയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ വീണ്ടും സമരരംഗത്ത്

റെയ്ക്കാഡ് അപ്പു ജോര്‍ജ്‌

മരണാനന്തര ബഹുമതിയായെങ്കിലും മൂലമ്പിള്ളി പാക്കേജ് നടപ്പിലാക്കുമോയെന്ന് വല്ലാര്‍പാടത്ത് നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍. പുനരധിവാസ പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കണ്ടെയ്‌നര്‍ ടെര്‍മിലിന് വേണ്ടി കിടപ്പാടം വിട്ടുകൊടുത്തവര്‍ എറണാകുളം കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. തുതിയൂരിലെ പുനരധിവാസ ഭൂമി വാസയോഗ്യമാക്കുക, കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ തൊഴില്‍ നല്‍കുമെന്ന വാഗ്ദാനം പാലിക്കുക, വീട് ലഭിക്കാതെ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളുയര്‍ത്തി ഇടപ്പള്ളി സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. കുടിയൊഴിക്കല്‍ മാത്രമാണ് സര്‍ക്കാര്‍ കൃത്യമായി നടപ്പാക്കിയതെന്നും 11 വര്‍ഷത്തിനിടെ കിടപ്പാടം നഷ്ടപ്പെട്ട 27 പേര്‍ നീതി കിട്ടാതെ മരിച്ചെന്നും കോര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ പറഞ്ഞു.

മരണാനന്തര ബഹുമതിയായെങ്കിലും പാക്കേജ് നടപ്പിലാക്കുമോ? മൂന്ന് സര്‍ക്കാരുകള്‍ മാറി വന്നിട്ടും പുനരധിവസിപ്പിക്കാന്‍ ഒരു ഉദ്യോഗസ്ഥനില്ല. കുടിയൊഴിപ്പിക്കല്‍ മാത്രമാണ് കൃത്യമായി നടപ്പിലാക്കുക. മൂലമ്പിള്ളിയിലാണെങ്കിലും മരടിലാണെങ്കിലും.
ഫ്രാന്‍സിസ് കളത്തുങ്കല്‍

എല്ലാവരേയും പുനരധിവസിപ്പിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയതാണ്. കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളില്‍ 46 കുടുംബങ്ങള്‍ക്ക് മാത്രമാണ് പുനരധിവാസം സാധ്യമായത്. പലയിടങ്ങളിലും വാസയോഗ്യമല്ലാത്ത ചതുപ്പുനിലം നല്‍കി. ഏഴ് വീടുകള്‍ക്ക് വിള്ളലുണ്ടായി. പുനരധിവാസത്തിനായി ചിലര്‍ക്ക് നല്‍കിയത് കായലോരമാണ്. സര്‍ക്കാര്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് നല്‍കിയ ഭൂമി തീരദേശപരിപാലന നിയമത്തില്‍ നിന്ന് ഒഴിവാക്കണമെന്നും ഫ്രാന്‍സിസ് കളത്തുങ്കല്‍ ആവശ്യപ്പെട്ടു.

മൂലമ്പിള്ളിയിലായാലും മരടിലായാലും കുടിയൊഴിക്കല്‍ വേദനാജനകമാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. കെ അരവിന്ദാക്ഷന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതികരിച്ചു.

കുടിയൊഴിപ്പിക്കല്‍ എവിടെയാണെങ്കിലും വേദനാജനകമാണ്. അത് ആളുകളെ വഴിയിലേക്ക് ഇറക്കിവിടലാണ്. പുനരധിവാസം ബദലായി ക്രമീകരിച്ച ശേഷമാണ് കുടിയൊഴിപ്പിക്കേണ്ടത്. മൂലമ്പിള്ളിയിലാണെങ്കിലും മരടിലാണെങ്കിലും അതാണ് ചെയ്യേണ്ടിയിരുന്നത്.
പ്രൊഫ. കെ അരവിന്ദാക്ഷന്‍
പുനരധിവാസം പൂര്‍ണായും നടപ്പിലാക്കുന്നതുവരെ സമരം തുടരുമെന്നാണ് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ നിലപാട്  
മൂലമ്പിള്ളി സ്വദേശിനി അന്നമ്മ കുടിയൊഴിപ്പിക്കലിനിടെ (ഫോട്ടോ ജേണലിസ്റ്റ് ശ്രീജിത്ത് ശ്രീധരന്‍ പകര്‍ത്തിയത്)  

2008ലാണ് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന് വേണ്ടി ഏഴ് വില്ലേജുകളില്‍ നിന്നും കുടിയൊഴിപ്പിക്കല്‍ ആരംഭിച്ചത്. ഇടപ്പള്ളി നോര്‍ത്ത്, പോണേക്കര, കടുങ്ങല്ലൂര്‍ ഈസ്റ്റ്, ഏലൂര്‍, മഞ്ഞുമ്മല്‍, ചേരാനെല്ലൂര്‍, കോതാട്, മൂലമ്പിള്ളി എന്നീ വില്ലേജുകളിലെ 316 കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും നഷ്ടമായി. ഇവരെ പുനരധിവസിപ്പിക്കുമെന്ന് ഉറപ്പ് നല്‍കി പ്രഖ്യാപിച്ച മൂലമ്പിള്ളി പാക്കേജ് 11 വര്‍ഷങ്ങള്‍ക്കിപ്പുറവും പൂര്‍ത്തിയായിട്ടില്ല. വീട് വെച്ച് നല്‍കുന്നതുവരെ വാടക നല്‍കണമെന്ന ഹൈക്കോടതി ഉത്തരവും പാലിക്കപ്പെട്ടില്ല. 2013 ജനുവരിയിലാണ് അവസാനമായി വാടക ലഭിച്ചത്. ഒരിക്കല്‍ പോലും വാടക കിട്ടാത്തവരുമുണ്ട്.

ഇടപ്പള്ളിയില്‍ നിന്നും കുടിയിറക്കപ്പെട്ട 56 കുടുംബങ്ങള്‍ക്ക് കാക്കനാട് തുതിയൂര്‍ മുട്ടുങ്കല്‍ റോഡിലും മൂലമ്പിള്ളിയിലെ 103 കുടുംബങ്ങള്‍ക്ക് തുതിയൂര്‍ ഇന്ദിരാനഗറിലുമാണ് പുനരധിവാസത്തിന് സ്ഥലം അനുവദിച്ചത്. ചതുപ്പുനിലമായതിനാല്‍ ഇവിടെ വീട് വെയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. തുതിയൂര്‍ മുട്ടുങ്കലില്‍ വെച്ച രണ്ട് വീടുകളും ചരിഞ്ഞുപോയി. ഇന്ദിരാ നഗറില്‍ നിര്‍മ്മിച്ച ഒരേയൊരു വീടിന് വിള്ളലുണ്ടായി. വാടകവീടുകളിലും പണയത്തിന് വീടെടുത്തും പൊളിച്ചുമാറ്റിയതിന്റെ അവശിഷ്ടങ്ങളില്‍ ചെറുഷെഡ് കെട്ടിയുമാണ് പല കുടുംബങ്ങളും കഴിയുന്നത്. വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വവും അലച്ചിലും ഇല്ലായ്മയും പലരേയും മാനസികമായും ശാരീരികമായും തളര്‍ത്തി. വീട് വെച്ച് കാണാനാകാതെ ഏറെപ്പേര്‍ മരണപ്പെട്ടു. കിടക്കാന്‍ സ്വന്തമായി വീടില്ലാത്തതിനാല്‍ വിവാഹം നടക്കാത്തവരും ഏറെയുണ്ട്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT