Special Report

മകള്‍ ഹിന്ദുവിനെ കല്യാണം കഴിച്ചു; കുടുംബത്തിന് ബലിപെരുന്നാളിന് ഒലിയത്ത് നിഷേധിച്ച് പള്ളികമ്മറ്റി

മഹല്ലില്‍ നിന്നും പുറത്താക്കുന്നതിന് തുല്യമായ നടപടിയാണെന്ന് സുലൈമാന്‍ പറയുന്നു

മകള്‍ അന്യമതത്തില്‍പ്പെട്ട ആളെ വിവാഹം കഴിച്ചതിന്റെ പേരില്‍ കുടുംബത്തിന് പെരുന്നാളിന് പള്ളിയില്‍ ബലി ചെയ്ത മാംസം നിഷേധിച്ചതായി പരാതി. വയനാട് സുല്‍ത്താന്‍ബത്തേരി പുത്തന്‍കുന്ന് സ്വദേശി സുലൈമാനാണ് പള്ളിക്കമ്മറ്റിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. നിയമപരമായി മുന്നോട്ട് പോകുമെന്ന് സുലൈമാന്‍ ദ ക്യുവിനോട് വ്യക്തമാക്കി.

ഞാന്‍ സിപിഎം അംഗവും മതവിശ്വാസിയുമാണ്. രണ്ട് വര്‍ഷം മുമ്പ് മകള്‍ ഹിന്ദുമതത്തില്‍പ്പെട്ട ആളെ വിവാഹം കഴിച്ചു. മകളും ഭര്‍ത്താവും വീട്ടിലേക്ക് വന്ന് തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

സുലൈമാന്‍

രണ്ട് വര്‍ഷം മുമ്പായിരുന്നു മകളുടെ വിവാഹം. മകള്‍ ഗര്‍ഭിണിയായതോടെ വിയോജിപ്പുകള്‍ അവസാനിപ്പിച്ച് ഇരുകുടുംബവും സൗഹൃദത്തിലായി. ഇതോടെയാണ് പള്ളി കമ്മിറ്റി എതിര്‍പ്പ് ഉയര്‍ത്തിയതെന്ന് സുലൈമാന്‍ പറയുന്നു. രണ്ട് മാസം മുമ്പ് പള്ളിക്കമ്മറ്റി സുലൈമാനെ വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചു. ഹിന്ദുവായ മരുമകന്‍ വീട്ടില്‍ വരുന്നത് അംഗീകരിക്കാനാവില്ലെന്ന് പള്ളിക്കമ്മറ്റി അറിയിച്ചു.

മക്കളോട് വീട്ടിലേക്ക് വരരുതെന്ന് പറയാനാകില്ലെന്ന് പള്ളിക്കാരോട് പറഞ്ഞു. അങ്ങനെയെങ്കില്‍ ഒലിയത്തിന്റെ ഇറച്ചി തരാനാവില്ലെന്നായിരുന്നു അവരുടെ നിലപാട്. അത് അംഗീകരിക്കുന്നുവെന്ന് പറഞ്ഞ് കമ്മിറ്റിയില്‍ നിന്നും ഇറങ്ങി പോന്നു .
സുലൈമാന്‍

ബലി ചെയ്ത ഇറച്ചി വിശ്വാസിയുടെ അവകാശമാണ്. അത് കിട്ടിയില്ലെങ്കിലും പ്രശ്‌നമില്ലെന്ന് സുലൈമാന്‍ പറയുന്നു. പള്ളിക്കമ്മറ്റിയില്‍ നിന്നും പുറത്താക്കുന്നതിന് തുല്യമാണിത്. വീട്ടില്‍ പ്രായമായ ഉമ്മയുണ്ട്. അവര്‍ ഇത് അംഗീകരിക്കാന്‍ പ്രയാസമുണ്ടായി. ഇതോടെയാണ് ഫേസ്ബുക്കില്‍ കുറിപ്പ് ഇട്ടതെന്ന് സുലൈമാന്‍ പറയുന്നു.

അനീതിയാണ് പള്ളിക്കമ്മിറ്റി ചെയ്തത്. കേരളം പോലൊരു നാട്ടില്‍ ചെയ്യാന്‍ പാടില്ലാത്താണ്. വലിയ വിഷമം തോന്നി. തീവ്ര നിലപാടുള്ളവരുടെ സമ്മര്‍ദ്ദത്തിന് പള്ളിക്കമ്മിറ്റി വഴങ്ങുകയായിരുന്നു. അന്യമതസ്ഥര്‍ വരുന്ന വീട്ടിലുള്ളവര്‍ക്ക് ബലിയിറച്ചി നല്‍കേണ്ടെന്ന് അവരാണ് നിലപാട് പറഞ്ഞത്.
സുലൈമാന്‍

പള്ളിക്കമ്മറ്റിയുടെ തീരുമാനത്തിനെതിരെ വഖഫ് ബോര്‍ഡിന് പരാതി നല്‍കാനൊരുങ്ങുകയാണ് സുലൈമാന്‍. തീരുമാനമായില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകും. കുടുംബത്തോടും പാര്‍ട്ടിയോടും ആലോചിച്ച് മുന്നോട്ട് പോകുമെന്നും സുലൈമാന്‍ വ്യക്തമാക്കി. വയനാട് മില്‍ക്ക് സൊസൈറ്റിയില്‍ ജീവനക്കാരനായിരുന്നു സുലൈമാന്‍.

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT