Premium

ദിനംപ്രതി കളക്ഷനിൽ കുതിപ്പ്, വാഴ 2 കേരളത്തിൽ നിന്ന് മാത്രം 100 കോടി നേടും: സുരേഷ് ഷേണായി അഭിമുഖം

ചിരിയും ഇമോഷണൽ രംഗങ്ങളും കോർത്തിണക്കി എത്തി, തിയറ്ററുകളിൽ നിറകയ്യടിയോടെ മുന്നേറുകയാണ് വാഴ 2. ദിനംപ്രതി കളക്ഷനിൽ കുതിപ്പ് നേടുന്ന സിനിമ മലയാളത്തിലെ ടോപ്പ് ഗ്രോസേഴ്‌സിന്റെ പട്ടികയിൽ ഇടം നേടുമെന്ന് പ്രേക്ഷകരും ട്രാക്കർമാരും ഒരുപോലെ ഉറപ്പിക്കുന്നു. ഈ വേളയിൽ സിനിമ കേരളത്തിലെ തിയറ്ററുകൾക്ക് നൽകുന്ന ഉണർവിനെക്കുറിച്ച് ക്യു സ്റ്റുഡിയോയോട് സംസാരിക്കുകയാണ് തിയറ്ററുടമ സുരേഷ് ഷേണായി.

സമ്മർ സീസണിലെ വിജയി

വാഴ 2ന്റെ പെർഫോമൻസ് അതിഗംഭീരമാണ്. കഴിഞ്ഞ അഞ്ച് മുതൽ എട്ട് വർഷത്തെ കണക്കുകൾ നോക്കിയാൽ, ഒരു നോൺ-സ്റ്റാർ കാസ്റ്റ് സിനിമയ്ക്ക് ഇത്രയും മികച്ച കളക്ഷൻ ലഭിച്ചിട്ടില്ലെന്ന് തന്നെ പറയാം. നല്ല സിനിമയാണെങ്കിൽ കളക്ഷൻ കൊയ്യാൻ പറ്റുന്ന ഒരു സീസണാണിത്. അതിനാൽ തന്നെ വാഴ 2ന്റെ കളക്ഷൻ ഇനിയും ഉയരുമെന്ന് ഉറപ്പാണ്.

ഇടദിവസങ്ങളിലും മികച്ച കളക്ഷൻ

സിനിമയുടെ ആദ്യവാരം പൂർത്തിയാകുന്നതേയുള്ളൂ. ഒരു സിനിമ റിലീസ് ചെയ്ത് ആദ്യ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കളക്ഷനിൽ 50% വരെ ഇടിവ് സംഭവിക്കാറുണ്ട്. അത് സ്വാഭാവികമാണ്. എന്നാൽ വാഴയുടെ കാര്യത്തിൽ 20% ഇടിവ് പോലും ഉണ്ടായിട്ടില്ല. അടുത്ത വാരവും ഇതേ കളക്ഷൻ സിനിമയ്ക്ക് ലഭിക്കും എന്നാണ് എന്റെ കണക്കുകൂട്ടൽ.

ഇലക്ഷൻ ദിനത്തിലും കളക്ഷൻ കുറയില്ല

വളരെ വ്യക്തമായി തന്നെ ഒരു കാര്യം പറയാം, ഇലക്ഷനും സിനിമയും തമ്മിൽ യാതൊരു ബന്ധവുമില്ല. രണ്ടും തികച്ചും വ്യത്യസ്ത കാര്യങ്ങളാണ്. നാളെ തിരഞ്ഞെടുപ്പ് ദിവസമാണ്. നാളെ റെക്കോർഡ് കളക്ഷനാകും തിയറ്ററുകളിൽ ലഭിക്കുക. നാളെ അവധി ദിവസമാണ്. ഉച്ചയ്ക്കും വൈകുന്നേരവും രാത്രിയും തിയറ്ററുകൾ ഫുൾ പാക്ക്ഡ് ആയിരിക്കും.

'ലോക' പോലൊരു ട്രെൻഡ്

വാഴയുടെ കളക്ഷൻ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നു. ഈ ട്രെൻഡ് ഇതിന് മുമ്പ് കണ്ടത് ലോക: സിനിമയിലാണ്. 'ലോക'യുടേതുപോലൊരു കളക്ഷൻ ഈ സിനിമയ്ക്കും ലഭിക്കും എന്നതാണ് പ്രതീക്ഷ.

വാഴയുടെ വിജയത്തിനുള്ള കാരണം

നാലുപേരും പുതുമുഖങ്ങളാണെങ്കിലും, അവരുടെ കഥാപാത്രങ്ങളോട് 100% നീതി പുലർത്തിയിട്ടുണ്ട്. കോമഡിയും ഇമോഷനും എല്ലാം പ്രേക്ഷകർക്ക് കണക്റ്റ് ആകുന്നു എന്നതാണ് ഈ സിനിമയുടെ വിജയം. ഒരു പുതുമുഖ സംവിധായകനാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. എന്നാൽ വളരെ തഴക്കവും വഴക്കവും വന്ന സംവിധായകന്റെ മികവോടെ തന്നെയാണ് അദ്ദേഹം ഇത് അവതരിപ്പിച്ചത്. വിപിൻ ദാസിന്റെ തിരക്കഥയും എടുത്തുപറയേണ്ടതാണ്—ശക്തമായ തിരക്കഥ തന്നെയാണ് ഈ സിനിമയുടെ നട്ടെല്ല്. മ്യൂസിക്, ക്യാമറ, എഡിറ്റിംഗ്... അങ്ങനെ എല്ലാ മേഖലകളും ഒരുപോലെ മികവ് പുലർത്തി. ഗംഭീര ടീംവർക്ക്… അതാണ് വിജയത്തിന്റെ രഹസ്യം.

Gen Z മാത്രമല്ല വാഴയുടെ പ്രേക്ഷകർ

എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന ഘടകങ്ങൾ ഈ സിനിമയിലുണ്ട്, Gen Zയ്ക്ക് വേണ്ടി മാത്രമല്ല. ആദ്യ രണ്ട് ദിവസങ്ങൾ ഈ സിനിമ കാണാനെത്തിയത് കൂടുതലും യുവാക്കളായിരുന്നുവെങ്കിൽ, അതിന് ശേഷം കുടുംബങ്ങളാണ് കൂടുതലായി എത്തുന്നത്. അവർക്കും മനസ്സിൽ തട്ടുന്ന തരത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

സ്റ്റാർഡമല്ല, കണ്ടന്റാണ് രാജാവ്

സ്റ്റാർഡമല്ല, നല്ല കണ്ടന്റാണ് സിനിമയുടെ വിജയത്തിന്റെ ആണിക്കല്ല് എന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് വാഴ 2. ആൾക്കാരെ പിടിച്ചിരുത്താൻ കഴിയുന്ന കഥയുണ്ടെങ്കിൽ കളക്ഷൻ ലഭിക്കുക എന്നത് നിസ്സാര കാര്യമാണ്. അവിടെ സ്റ്റാർഡം ഒരു മാനദണ്ഡമല്ല. ഈ നാല് പിള്ളേര് ആദ്യമായാണ് ഒരു സിനിമയിൽ മുഴുനീള വേഷം ചെയ്യുന്നത്. എന്നാൽ അവരുടെ അഭിനയം കണ്ടാൽ അത് തോന്നില്ല. മികച്ച പ്രകടനമാണ് അവർ കാഴ്ചവച്ചത്.

കേരളത്തിൽ നിന്ന് മാത്രം 100 കോടി

എന്റെ ഒരു പ്രവചനം കേരളത്തിൽ നിന്ന് മാത്രം ഈ ചിത്രം 100 കോടിക്ക് മുകളിൽ കളക്ട് ചെയ്യും എന്നാണ്. ലോക: പോലൊരു വമ്പൻ കളക്ഷൻ ഈ സിനിമ ആഗോളതലത്തിലും നേടും.

ഇനി വരുന്നത് പ്രതീക്ഷയുള്ള സിനിമകൾ

കഴിഞ്ഞ രണ്ട് മാസങ്ങളിൽ ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കുന്ന സിനിമകൾ അധികമുണ്ടായിരുന്നില്ല. എന്നാൽ മാർച്ച് അവസാനത്തോടെ ആട് 3, ധുരന്ധർ 2 എന്നീ സിനിമകൾ വരികയും മികച്ച കളക്ഷൻ നേടുകയും ചെയ്തു. ഇപ്പോൾ വാഴ 2വും മുന്നേറുകയാണ്. ഇനി ഓണം വരെ നല്ല ലൈനപ്പ് ആണ്. സൂപ്പർഹിറ്റ് സാധ്യതയുള്ള സിനിമകൾ ഓരോ ആഴ്ചയും എത്തുന്നുണ്ട്. ദൃശ്യം, പേട്രിയറ്റ്, മോളിവുഡ് ടൈംസ്, കാട്ടാളൻ, അതിരടി, കത്തനാർ തുടങ്ങിയവ അതിൽപ്പെടുന്നു. അടുത്തതായി എത്തുന്ന മോഹിനിയാട്ടത്തിനും മികച്ച കളക്ഷൻ നേടാനുള്ള സാധ്യതയുണ്ട്.

വിദേശ സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനായി കേരളം; വളരുന്ന ടൂറിസം

തുമ്പാട് 2, ആൽഫ... 'PAN INDIAN ഏസ്തറ്റിക് കുഞ്ഞമ്മ' ബോളിവുഡിൽ എത്തി നിൽക്കുമ്പോൾ: അരുൺ അജികുമാർ അഭിമുഖം

He Came... He Blasted; 'കാട്ടാളന്' വേണ്ടി രവി ബസ്രൂർ ഒരുക്കിയ തീം മ്യൂസിക് ശ്രദ്ധ നേടുന്നു

ഷിഫിന ബബിന്‍ പാക്കര്‍ ചിത്രം ഏപ്രില്‍ 6ന് ആരംഭിക്കുന്നു; തുടക്കമിട്ട് തമിഴ് സൂപ്പര്‍ താരം സൂര്യ

'പ്രതിഛായക്ക് ലഭിക്കുന്നത് വലിയ സ്വീകാര്യത'; കെ.പി സുധീരയുടെ സന്ദേശം പങ്കുവെച്ച് ബാലചന്ദ്രമേനോൻ

SCROLL FOR NEXT