'കഴിഞ്ഞ രണ്ട് വർഷത്തെ ഏറ്റവും മികച്ച ചിത്രം. എല്ലാ മേഖലകളും ഒരുപോലെ ഈ ചിത്രത്തിൽ മികവ് പുലർത്തിയിരിക്കുന്നു...'
'ബാലൻ ദി ബോയ്' കണ്ട ശേഷം സംവിധായകൻ പ്രിയദർശൻ പറഞ്ഞ ഈ വാക്കുകളെ ശരിവെക്കും വിധം റിലീസിന് ശേഷം സിനിമയെ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. വിഷ്വൽ ഗ്രാമറും സൗണ്ട്സ്കേപ്പും കൊണ്ട് പിടിച്ചിരുത്തുന്ന ഈ സിനിമയുടെ വിശേഷങ്ങൾ ക്യു സ്റ്റുഡിയോയുമായി പങ്കുവെക്കുകയാണ് സിനിമയുടെ ഓഡിയോഗ്രാഫർമാരായ ഷിജിൻ മെൽവിൻ ഹട്ടനും അഭിഷേക് നായരും.
പ്രിയപ്പെട്ട 'മഞ്ഞുമ്മൽ', 'ബാലൻ' ടീം
മറ്റേതു ടീമിനെക്കാളും ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാണ് ഈ ടീം. എന്തെന്നാൽ, എന്ത് പുതിയ കാര്യങ്ങളും ചെയ്യാൻ ധൈര്യം നൽകുന്ന സംവിധായകനാണ് ചിദംബരം. സുഷിന്റെ കാര്യത്തിലേക്ക് വന്നാൽ, ഞങ്ങൾക്കിടയിൽ ആശയങ്ങൾ സംബന്ധിച്ച് വ്യക്തമായ അണ്ടർസ്റ്റാൻഡിങ് ഉണ്ട്. സ്‌കൂളിലും കോളേജിലുമൊക്കെ സുഹൃത്തുക്കൾ ഒന്നിച്ചുകൂടുന്നത് പോലെയാണ് ഈ ടീമിനൊപ്പമുള്ള വർക്ക്. വീണ്ടും വീണ്ടും ഈ ടീമിനൊപ്പം വർക്ക് ചെയ്യാൻ ആഗ്രഹമുണ്ട്.
ശബ്ദത്തിലൂടെയുള്ള യാത്ര
സ്ക്രിപ്റ്റ് റീഡിങ് സമയത്ത് തന്നെ ചിദു ഞങ്ങളോട് പറഞ്ഞ ഒരു കാര്യം എന്തെന്നാൽ, തിരുവനന്തപുരം മുതൽ കാസർകോട് വരെ സഞ്ചരിക്കുമ്പോൾ ആളുകളുടെ ഭാഷാശൈലിയും ആറ്റിറ്റ്യൂഡും മാറും, അവിടുത്തെ ആമ്പിയൻസും മാറും. അതെല്ലാം ശബ്ദത്തിലൂടെ കാണിച്ചുകൊടുക്കണം എന്നതായിരുന്നു. അതുതന്നെയായിരുന്നു ഏറ്റവും വലിയ ചലഞ്ചും.
'ബാലൻ' ഒരു സിങ്ക് സൗണ്ട് ചിത്രമാണ്. അഭിഷേക് തന്നെയായിരുന്നു ഇതിന്റെ സിങ്ക് സൗണ്ട് ചെയ്തത്. ഷൂട്ടിങ് സമയത്ത് തന്നെ അതത് സ്ഥലങ്ങളിലെ ആമ്പിയൻസ് ഞങ്ങൾ ശേഖരിക്കുമായിരുന്നു. മംഗലാപുരത്തെ ആമ്പിയൻസ് ആയിരിക്കില്ല വയനാട്ടിൽ ഉണ്ടാകുക. ഇപ്പോൾ ആ അമ്മുമ്മയുടെ വീടിന്റെ ലൊക്കേഷൻ നോക്കിയാൽ, അവിടെ തുമ്പികളുടെ ശബ്ദം നൽകിയിട്ടുണ്ട്. ആ ശബ്ദത്തിലൂടെ ഇൻഡയറക്റ്റായി ആ വീട് നാട്ടിൽ നിന്ന് കുറച്ച് ഉള്ളിലേക്കാണെന്ന് സൂചന നൽകുന്നു. ഇത്തരത്തിലുള്ള സൗണ്ട്സ്കേപ്പ് മാറ്റങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കണം എന്നാണ് ഞങ്ങൾ ആഗ്രഹിച്ചത്. അത് പ്രേക്ഷകർക്ക് ലഭിക്കുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്.
അബ്ബാസിന്റെ ലോകം
മംഗലാപുരത്താണ് അബ്ബയുടെ ടെറൈൻ ഷൂട്ട് ചെയ്തത്. അവിടെ തുളുവും മലയാളവും കന്നഡയും കലർന്ന ഒരു മിക്സ് കൾച്ചറാണ് ഉള്ളത്. അതുപോലെ ചിത്രീകരണം നടന്നത് ഒരു ഐലൻഡിലായിരുന്നു. അവിടെ എപ്പോഴും ബോട്ടിന്റെ ശബ്ദവും നോയിസുമൊക്കെ ഉണ്ടാകും. മീനുകളൊക്കെ ഉണക്കുന്ന സ്ഥലമായതിനാൽ ഈച്ചകളുടെ ശബ്ദവും അതിനൊപ്പം കാറ്റിന്റെ ഒച്ചയും ഉണ്ടാകണം. സിങ്ക് സൗണ്ട് ആയതിനാൽ അത് ഏറെ ഗുണം ചെയ്തു.
'ബാലൻ' എന്ന സിങ്ക് സൗണ്ട് ചിത്രം
സിങ്ക് സൗണ്ടിന്റെ ഗുണം എന്തെന്നാൽ, അഭിനേതാക്കളുടെ യഥാർഥ മോഡുലേഷനും മുറികളുടെ ടോണും മെയിന്റെയ്ൻ ചെയ്യാൻ കഴിഞ്ഞു. 'മഞ്ഞുമ്മൽ' സിങ്ക് സൗണ്ടിൽ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇക്കുറി സിങ്ക് സൗണ്ട് ചെയ്യണമെന്ന് ഞങ്ങൾക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു.
കാൻ മേളയ്ക്കുവേണ്ടിയുള്ള പതിപ്പ്
ടെറൈനുകളിലെ മാറ്റം ശബ്ദത്തിലൂടെ തന്നെ കൺവേ ചെയ്യണമെന്ന് സംവിധായകൻ ആദ്യമേ പറഞ്ഞിരുന്നു. സുഷിനും അക്കാര്യത്തിൽ ഏറെ സഹായിച്ചു. കാൻ മേളയ്ക്കുവേണ്ടി ഞങ്ങൾ 5.1 മിക്സ് ചെയ്ത വേർഷൻ അയച്ചിരുന്നു. ഇപ്പോൾ കാണുന്ന അത്ര സ്‌കോർ ആ പതിപ്പിൽ സുഷിൻ ചെയ്തിരുന്നില്ല. കുറച്ചുകൂടി കൊമേഴ്സ്യൽ എലമെന്റുകൾ വേണം എന്നതിനാലാണ് തിയറ്ററിൽ റിലീസ് ചെയ്ത വേർഷനിൽ സ്‌കോർ കൂട്ടിയത്. ആദ്യ വേർഷനിൽ സട്ടിലായി സൗണ്ടുകൾ കേൾപ്പിച്ചുകൊണ്ടുപോകുന്ന രീതിയായിരുന്നു. അത്തരം അപ്രോച്ചുകൾക്ക് കാരണം ഞങ്ങൾ തമ്മിലുള്ള സൗഹൃദമാണ്.
സൗണ്ട് ഓഫ് ദി നേച്ചർ
ഈ സിനിമയിൽ ഉടനീളം ചില പക്ഷികളുടെ ഒച്ച ഞങ്ങൾ ആഡ് ചെയ്തിരുന്നു. പ്രധാന കഥാപാത്രത്തെ ചേസ് ചെയ്യുന്നതുപോലെ തോന്നുന്ന ഒരു ഫീൽ നൽകാനായിരുന്നു അത്. ഷംനത്തയുടെ സീനുകൾ നോക്കിയാൽ മനസ്സിലാകും. ആരോ പുറകെ വരുന്നതുപോലൊരു ഫീൽ വേണം. ആ രംഗങ്ങളിൽ ഒന്നും ഓവർ ദി ടോപ്പായി ഡിസൈൻ ചെയ്യാൻ കഴിയില്ല. അപ്പോൾ അത് ഹൊറർ സിനിമയുടെ ശൈലിയിലേക്ക് മാറിപ്പോകും. പക്ഷികളുടെ ഒച്ചയോ ചീവീടുകളുടെ ശബ്ദമോ പോലുള്ള നാച്ചുറലായ ശബ്ദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. 'മദർ' എന്നൊരു പ്രശസ്ത സിനിമയുണ്ട്. അതിൽ ചീവീടുകളുടെ ശബ്ദം ഉപയോഗിച്ചിരിക്കുന്ന രീതി ഏറെ ഇൻസ്പയർ ചെയ്തിട്ടുണ്ട്. അതുപോലെ പ്രകൃതിയെ എങ്ങനെ ഉപയോഗിക്കാം എന്നതായിരുന്നു ഞങ്ങളുടെയും ചിന്ത.
നിശബ്ദതയുടെ പ്രാധാന്യം
ഈ ചിത്രത്തിൽ സട്ടിലായ സൗണ്ടും എക്സ്പ്ലോസീവ് സൗണ്ടും തമ്മിലുള്ള ഒരു ഡൈനാമിക്സ് വേണം എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ. അതിന് ധൈര്യം നൽകിയത് സംവിധായകൻ ഞങ്ങളോടൊപ്പം നിൽക്കുന്നതാണ്. അമ്മുമ്മയുടെ റൂമിലേക്ക് നായിക ആദ്യമായി കയറിവരുന്ന ഒരു രംഗമുണ്ട്. അവിടെ ഒരു സൗണ്ടും ഇട്ടിട്ടില്ല. പല്ലിയുടെ ശബ്ദവും റൂമിന്റെ ടോണും മാത്രമാണ് നൽകിയിരിക്കുന്നത്. ആ രംഗം ലാഗ് പോലെ ഫീൽ ചെയ്യുമോ എന്ന് സംശയിച്ചിരുന്നു. സുഷിനാണ് അങ്ങനെ തന്നെ മതിയെന്ന് പറഞ്ഞത്. പെട്ടെന്ന് അമ്മുമ്മയുടെ മുറിയിലെ ഫോൺ അടിക്കുമ്പോൾ ഒരു ഞെട്ടൽ വരും. അതിന് ശേഷം അമ്മുമ്മ തോക്ക് എടുക്കുമ്പോഴും. ആ ഞെട്ടലിന്റെ പ്രധാന കാരണം ആ നിശബ്ദതയാണ്. ചിലപ്പോഴൊക്കെ ലൗഡ്നസിനേക്കാൾ നിശബ്ദതയ്ക്ക് കൂടുതൽ പവർ ഫീൽ ചെയ്യും. 'ഓപ്പൺഹൈമർ' എന്ന സിനിമയിൽ ഫൈനൽ എക്സ്പ്ലോഷനിൽ അവർ സൗണ്ട് നൽകുന്നില്ല, എന്നാൽ അവിടെയാണ് ആ രംഗത്തിന് വല്ലാത്തൊരു ഫീൽ ലഭിക്കുന്നത്.
'മഞ്ഞുമ്മൽ' തന്നെ ചലഞ്ചിങ്
'മഞ്ഞുമ്മൽ ബോയ്സ്' ആണ് കൂടുതൽ ചലഞ്ചിങ് ആയി തോന്നിയത്. ഈ സിനിമയിൽ വിഷ്വലുകളിലൂടെ കമ്മ്യൂണിക്കേഷൻ നടക്കുന്നുണ്ട്. അതുപോലെ പ്രേക്ഷകർക്കും ഈ സൗണ്ട്സ്കേപ്പ് പരിചിതമാണ്. 'മഞ്ഞുമ്മലിൽ' ഗുഹയ്ക്കുള്ളിലെ ശബ്ദം ഒരു സിനിമാറ്റിക് വ്യൂവിലേക്ക് എത്തിക്കണമെങ്കിൽ അവിടെ ഓവർ ദി ടോപ്പായി എന്തെങ്കിലും ചെയ്യണം. 'മഞ്ഞുമ്മൽ ബോയ്സിൽ' അത്തരത്തിൽ പലതും പ്രത്യേകം ക്രിയേറ്റ് ചെയ്യേണ്ടിവന്നിരുന്നു. ഇവിടെ അത്തരം കാര്യങ്ങൾ കുറവാണ്. 'ബാലൻ' ഒരു Pure Sound Edited ചിത്രമാണ്. 'മഞ്ഞുമ്മലിൽ' പലവിധത്തിൽ എക്സ്പെരിമെന്റ് ചെയ്തിരുന്നു.
ചിദുവിനൊപ്പമുള്ള വർക്ക്
ചിദംബരം ഒരു കാര്യം ആദ്യമേ പറഞ്ഞുതന്ന ശേഷം പിന്നീട് പൂർണമായും നമുക്ക് വിട്ടുതരും. പിന്നീട് അതിൽ ഇടപെടില്ല. ചിദുവിനെ പോലുള്ളവർക്കൊപ്പം വർക്ക് ചെയ്യാൻ എളുപ്പമാണ്.
സുഷിൻ ശ്യാം എന്ന വിഷനറി
അതിന്റെ ക്രെഡിറ്റ് സുഷിന് തന്നെയാണ് പോകേണ്ടത്. മറ്റുള്ള മ്യൂസിക് ഡയറക്ടർമാരിൽ നിന്ന് സുഷിനെ മാറ്റിനിർത്തുന്ന ഘടകം എന്തെന്നാൽ അദ്ദേഹത്തിനുള്ള വ്യക്തമായ അണ്ടർസ്റ്റാൻഡിങ് ആണ്. സ്‌കോർ എവിടെ വേണം, എവിടെ ആമ്പിയൻസ് സൗണ്ട് വേണം എന്നതിനെക്കുറിച്ച് സുഷിന് വ്യക്തമായ ബോധ്യമുണ്ട്. ഒരു ഫിലിംമേക്കറുടെ കാഴ്ചപ്പാടുകളുള്ള മ്യൂസിക് ഡയറക്ടറാണ് സുഷിൻ. സിനിമയുടെ ശൈലി നോക്കിയാണ് അദ്ദേഹം സംഗീതം ഒരുക്കുന്നത്.
അടുത്ത വർക്കുകൾ
'മാരി'യുടെ സംവിധായകൻ ബാലാജി മോഹന്റെ ആദ്യ ഹിന്ദി ചിത്രമാണ് ഞങ്ങൾ ഇപ്പോൾ ചെയ്യുന്നത്. ആനന്ദ് എൽ. റായ് ആണ് ചിത്രം നിർമ്മിക്കുന്നത്. അതുപോലെ അഖിൽ അക്കിനേനിയുടെ 'ലെനിൻ' എന്ന തെലുങ്ക് ചിത്രവുമുണ്ട്. എന്റെ അടുത്ത മലയാളം റിലീസ് 'എൽ ക്ലാസിക്കോ'യാണ്. കൂടാതെ മറ്റ് ചില പ്രോജക്ടുകളും ഉണ്ട്.