Premium

'കാട്ടാളൻ' ടെക്നിക്കലി ബ്രില്യന്റ് ചിത്രം, ഇത്തരം സിനിമകൾ മലയാളത്തിന് ആവശ്യം: എം.ആർ. രാജാകൃഷ്ണൻ അഭിമുഖം

"ചെകുത്താന്റെ പ്ലാൻ തെറ്റിക്കുന്നതാണ് ദൈവത്തിന് ഇഷ്ടം..." ഓരോ അപ്ഡേറ്റും പ്രേക്ഷകരിൽ വലിയ പ്രതീക്ഷകൾ സൃഷ്ടിച്ചുകൊണ്ടാണ് ക്യൂബ്സ് എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' തിയറ്ററുകളിലേക്ക് എത്തുന്നത്. ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന സിനിമയുടെ അണിയറയിലും ഹൈ-വോൾട്ടേജ് ടെക്‌നീഷ്യൻസാണ് അണിനിരക്കുന്നത്. സിനിമയ്ക്ക് മേൽ പ്രേക്ഷകർ വലിയ പ്രതീക്ഷയർപ്പിക്കുന്നതിന് ഒരു പ്രധാന കാരണം അതും തന്നെയാണ്. കാട്ടാളൻ സിനിമയുടെ വിശേഷങ്ങൾ ക്യു സ്റ്റുഡിയോയുമായി പങ്കുവെക്കുകയാണ് സിനിമയുടെ ഓഡിയോഗ്രാഫറായ എം.ആർ. രാജാകൃഷ്ണൻ.

കാട്ടാളനിലേക്ക്

കാട്ടാളനിൽ ഞാൻ ഭാഗമാകാൻ കാരണം മാർക്കോ എന്ന സിനിമയാണ്. ആ സിനിമയിൽ വർക്ക് ചെയ്യുമ്പോൾ മുതൽ ആ ടീമിനൊപ്പം സഞ്ചരിച്ച ആളാണ് ഞാൻ. അതുകൊണ്ടുതന്നെ കാട്ടാളന്റെ ഭാഗമായും ഞാൻ എത്തി. ടെക്നിക്കലി ബ്രില്യന്റായ ഒരു സിനിമയായാണ് കാട്ടാളനെ അവർ കൺസീവ് ചെയ്തിരിക്കുന്നത്. തുടക്കം മുതൽ അവരുടെ വീക്ഷണം തന്നെ ടെക്നിക്കലി ബ്രില്യന്റായ ഒരു സിനിമ ചെയ്യുക എന്നതായിരുന്നു. അതിനായി ഏറ്റവും മികച്ച ടെക്‌നീഷ്യൻസിനെയാണ് അവർ കൊണ്ടുവന്നത്. ആ ടീമിനൊപ്പം പ്രവർത്തിക്കാൻ എനിക്കും കഴിഞ്ഞു.

ധൈര്യം നൽകുന്ന ടീം

കാട്ടാളൻ ടെക്നിക്കലി ബ്രില്യന്റായിരിക്കുമെന്ന് ഉറപ്പിച്ച് പറയാൻ കാരണം ഈ സിനിമയുടെ നിർമ്മാതാക്കൾ, സാങ്കേതിക പ്രവർത്തകർക്ക് നൽകുന്ന സ്വാതന്ത്ര്യമാണ്. ഒരു സിനിമ ചെയ്യാൻ ടെക്‌നീഷ്യൻസിനെ കൊണ്ടുവന്നിട്ട്, "ഞങ്ങൾ ആഗ്രഹിക്കുന്നത് പോലെ തന്നെ എല്ലാം ചെയ്യണം" എന്ന പിടിവാശി പലപ്പോഴും ഉണ്ടാകാറുണ്ട്. എന്നാൽ കാട്ടാളൻ ടീമിന് അത്തരം പിടിവാശികളൊന്നുമില്ല. അവർ ടെക്‌നീഷ്യൻസിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചാണ് കൂടെ നിന്നത്.

"നിങ്ങൾക്ക് ഈ സിനിമയ്ക്കായി എന്ത് നൽകാൻ കഴിയും?" എന്ന് ചോദിക്കുന്ന വിധം ഓപ്പൺ-മൈൻഡഡ് ആയ ആളുകളാണ് അവർ. നമ്മൾ എടുക്കുന്ന തീരുമാനങ്ങൾക്കൊപ്പം അവർ നിൽക്കും. ആ സ്പേസ് ലഭിക്കുമ്പോഴാണ് മികച്ച വർക്കുകൾ ചെയ്യാൻ കഴിയുന്നത്. ആ സ്പേസ് നൽകുന്ന ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് കാട്ടാളനിലെ ഏറ്റവും പ്രധാന കാര്യമാണ്.

ഒരു ഇൻസിഡന്റ് പറയാം... ഒരു രംഗം ചെയ്യുമ്പോൾ ഞാൻ അവിടെ എഫക്റ്റ്സ് കട്ട് ചെയ്തു കളഞ്ഞു. "സാർ, ഇവിടെ എഫക്റ്റ്സ് വേണ്ടേ?" എന്ന് അത് കണ്ടുകൊണ്ടിരുന്ന ഒരു അസിസ്റ്റന്റ് ഡയറക്ടർ ചോദിച്ചു. "രാജേട്ടന്റെ തീരുമാനമാണെങ്കിൽ അത് അങ്ങനെ നിൽക്കട്ടെ" എന്നാണ് നിർമ്മാതാവ് ഷെരീഫ് പറഞ്ഞത്. നമ്മുടെ ജഡ്ജ്മെന്റുകൾക്കൊപ്പം നിൽക്കുന്ന ടീമാണ് അവർ.

കാട്ടാളന്റെ ശബ്ദം

ചീവീടുകളുടെ ഒച്ചയാണ് ഒരു കാടിന്റെ യഥാർത്ഥ ശബ്ദം. എന്നാൽ ആ രീതിയല്ല നമ്മൾ കാട്ടാളനിൽ ഉപയോഗിച്ചിരിക്കുന്നത്. തുടക്കം മുതൽ സംഗീതത്തിന് വ്യക്തമായ പ്രാധാന്യം നൽകിയാണ് സിനിമ മുന്നോട്ടുപോകുന്നത്. ആംബിയൻസിന്റെയും മ്യൂസിക്കിന്റെയും വ്യക്തമായ ബ്ലെൻഡ് സിനിമയിൽ ഉണ്ടാകും.

മാർക്കോ പോലെയല്ല

മാർക്കോ വളരെ സ്റ്റൈലൈസ്ഡ് ആയ സിനിമയാണ്. ഫുൾ കോട്ടും സ്യൂട്ടും ഇട്ട് മെഷീൻ ഗണ്ണുമായി നടക്കുന്ന രീതിയിലാണ് മാർക്കോ കഥ പറയുന്നത്. എന്നാൽ കാട്ടാളനിൽ നേരെ കാട്ടിലേക്കാണ് പോകുന്നത്. രണ്ടും രണ്ട് വ്യത്യസ്ത ഴോണറുകളാണ്. കാട്ടാളനിലെ ആക്ഷൻ സീനുകൾ സ്റ്റൈലൈസ്ഡ് അല്ല, ഇവിടെ നല്ല നാടൻ ഇടി എന്ന് പറയുന്ന രീതിയിലുള്ള ആക്ഷനാണ്. അതിന് അനുയോജ്യമായ രീതിയിലാണ് ശബ്ദവും നൽകിയിരിക്കുന്നത്.

പെപ്പെയ്ക്ക് ഇത് ബ്രേക്ക്ത്രൂ

പെപ്പെയ്ക്ക് മലയാള സിനിമയിൽ വ്യക്തമായ ഒരു സ്പേസ് ഉണ്ടാകും. അതിന് തുടക്കം കുറിക്കുന്ന ചിത്രമായിരിക്കും കാട്ടാളൻ. ഇതുവരെ ചെയ്തിരുന്ന ഴോണറല്ല പെപ്പെ ഈ സിനിമയിൽ ചെയ്തിരിക്കുന്നത്. ഏതൊരു നടനും ഹീറോയിസത്തിലേക്ക് കടന്നുവരുന്ന ഒരു നിമിഷം ഉണ്ടാകും. മമ്മൂട്ടിയും മോഹൻലാലും സാധാരണ നടന്മാരായി എത്തി പിന്നീട് രാജാവിന്റെ മകൻ പോലുള്ള സിനിമകൾ അവരെ സൂപ്പർസ്റ്റാർ ആക്കിയതുപോലെ, പെപ്പെയെ സൂപ്പർസ്റ്റാർ ആക്കാൻ സാധ്യതയുള്ള സിനിമയായിരിക്കും കാട്ടാളൻ. അതിന് വേണ്ടത്ര എഫർട്ട് പെപ്പെ എടുത്തിട്ടുണ്ട്. പെപ്പെ മാത്രമല്ല, സിനിമയിലെ എല്ലാ ആർട്ടിസ്റ്റുകളും ഏറെ ഹാർഡ് വർക്ക് ചെയ്തിട്ടുണ്ട്.

രവി ബസ്രൂറിനൊപ്പം

സലാർ ആണ് ഞാനും അദ്ദേഹവും ഒന്നിച്ച് ചെയ്ത ആദ്യ സിനിമ. വളരെ സെൻസിബിളായ വ്യക്തിയാണ് അദ്ദേഹം. തന്റെ സംഗീതം അദ്ദേഹം എന്നെ വിശ്വസിച്ച് ഏൽപ്പിക്കുന്ന വ്യക്തിയാണ്.

മലയാളത്തിന് കാട്ടാളൻ പോലുള്ള സിനിമകൾ ആവശ്യം

മലയാളത്തിൽ ഇത്തരം സിനിമകൾ മുമ്പ് പരീക്ഷിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ, പണ്ട് ഐ.വി. ശശി സാറൊക്കെ കാടിനുള്ളിൽ ചിത്രീകരിച്ച സിനിമകൾ ചെയ്തിട്ടുണ്ട്. എന്നാൽ പുതുതലമുറയിലേക്ക് വരുമ്പോൾ ഇത്തരം സിനിമകൾ അധികം കണ്ടിട്ടില്ല. മലയാള സിനിമയ്ക്ക് കാട്ടാളൻ പോലുള്ള സിനിമകൾ ആവശ്യമാണ്. അതുപോലെ വളരെ മിനിമൽ VFX മാത്രമാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. ബാക്കിയുള്ളതെല്ലാം യഥാർത്ഥമായി ചെയ്തതാണ്. അത് സിനിമയിൽ കാണാനും സാധിക്കും.

'കാന്താര'

കാന്താര എനിക്ക് വലിയ വഴി ഒരുക്കിയ സിനിമയാണ്. ആ ചിത്രം മൂലം പിന്നീട് ഒരുപാട് സിനിമകൾ എനിക്ക് ലഭിച്ചു. ഞാൻ എന്ന വ്യക്തി ജീവിച്ചിരിപ്പുണ്ട് എന്ന് പോലും ആളുകൾ തിരിച്ചറിഞ്ഞത് കാന്താരയ്ക്ക് ശേഷമാണ്. അതിന് മുമ്പും ഒരുപാട് സിനിമകൾ ചെയ്തിരുന്നെങ്കിലും, അവ എന്റെ പേരിൽ അറിയപ്പെടാൻ തുടങ്ങിയത് കാന്താരയ്ക്ക് ശേഷമാണ്. അതുപോലെ കാട്ടാളനും എന്റെ പേരിൽ ഓർമ്മിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന സിനിമയാണ്.

അടുത്ത സിനിമകൾ

ബോളിവുഡ് ചിത്രം കോക്‌ടെയ്ൽ 2 ആണ് ഇപ്പോൾ ചെയ്യുന്നത്. കൂടാതെ ഡ്രാഗൺ, സ്പിരിറ്റ്, പ്രിയദർശൻ ചിത്രം ഹൈവാൻ, പരിമള ആൻഡ് കോ, ഷാജി കൈലാസ് ചിത്രം വരവ് എന്നിവയും വരാനുണ്ട്.

മാത്യൂ തോമസും ദേവികാ സഞ്ജയും പ്രധാന കഥാപാത്രങ്ങൾ; "സുഖമാണോ സുഖമാണ്" മെയ്‌ 29 മുതൽ ഒടിടിയിൽ

ആളിപ്പടർന്ന്.. സിരകളെ ത്രസിപ്പിച്ച്... 'കാട്ടാളൻ - ബ്ലഡ് ഓൺ ടസ്ക്'!! രവി ബസ്രൂർ ഒരുക്കിയ ഗാനം

സിനിമ പ്രേമികളോട് ഡോസ് കാണാൻ അഭ്യർഥിച്ച് ബിബിൻ ജോർജ്

Horror Meets Comedy; മലയാളത്തിലെ ആദ്യമ്യൂസിക്കൽ ഹൊറർ കോമഡി ചിത്രം 'കറക്കം' ട്രെയ്‌ലർ

60 കോടി ആഗോള കലക്ഷൻ പിന്നിട്ട് മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് "അതിരടി"

SCROLL FOR NEXT