അഞ്ചുവര്‍ഷം മുന്‍പ് കിഴക്കമ്പലത്തില്‍ നിന്ന് വടവുകോട് ബ്ലോക്ക് വരെ വളര്‍ന്ന ട്വന്റി 20 ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെറുതായിട്ടൊന്ന് ക്ഷീണിച്ചിട്ടുണ്ട്. കയ്യിലുണ്ടായിരുന്ന ബ്ലോക്ക് പഞ്ചായത്തും രണ്ട് പഞ്ചായത്തുകളും പോയി. കിഴക്കമ്പലത്തെ ഏഴ് സീറ്റ് പോയി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ അധ്യക്ഷന്‍ സാബു എം. ജേക്കബ് എന്‍ഡിഎ പാളയത്തില്‍ എത്തി ഘടകകക്ഷിയായി കൂടിയിരിക്കുകയാണ്. എന്‍ഡിഎ എന്ന കുടക്കീഴില്‍ ഒരു മനസും രണ്ട് ശരീരവുമായി പ്രവര്‍ത്തിക്കാമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സാബു എം. ജേക്കബും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ സഖ്യത്തിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? അതൊരു ചോദ്യമാണ്.
കുന്നത്തുനാട് മണ്ഡലത്തിലാണ് ട്വന്റി 20ക്ക് സ്വാധീനമുള്ള മിക്കവാറും എല്ലാ പഞ്ചായത്തുകളും ഉള്ളത്. അതില്‍ തന്നെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വാധീനത്തിന്റെ നിലയൊക്കെ മാറിമറിഞ്ഞ് നില്‍ക്കുകയാണ്. സംസ്ഥാനത്ത് ആദ്യമായി അവര്‍ ഭരണം പിടിച്ച് രണ്ട് ടേമുകളിലായി ഭരിച്ചുകൊണ്ടിരുന്ന കിഴക്കമ്പലം പഞ്ചായത്തില്‍ ഇത്തവണ കുറച്ച് കഷ്ടപ്പെട്ടാണ് മൂന്നാം ടേം പിടിച്ചത്. 21 വാര്‍ഡില്‍ കഴിഞ്ഞ തവണ ഒരു വാര്‍ഡ് മാത്രമായിരുന്നു നഷ്ടമായിരുന്നതെങ്കില്‍ ഇത്തവണ അത് 7 ആയി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 14 സീറ്റുമായാണ് പഞ്ചായത്ത് ഭരിക്കുന്നത്. ഐക്കരനാട് ആകെയുള്ള 16 സീറ്റുകളിലും വിജയിച്ചു, തിരുവാണിയൂരിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഭരണം പിടിച്ചു, കുന്നത്തുനാടിന് പുറത്ത് പലയിടങ്ങളിലായി ചില സീറ്റുകളില്‍ വിജയിക്കാനായി എന്നിങ്ങനെ നേട്ടങ്ങളും അവരുടെ കയ്യിലുണ്ട്. കുന്നത്തുനാട്, പൂതൃക്ക, വടവുകോട്-പുത്തന്‍കുരിശ്, തിരുവാണിയൂര്‍, വെങ്ങോല പഞ്ചായത്തുകളിലെ വോട്ട് ഷെയര്‍ കുറഞ്ഞിട്ടുമില്ല. എന്നാലും ഓവറോള്‍ ആ പഴയ ജയത്തിന്റെ ഹൈ കിട്ടാത്ത ഒരു തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ കഴിഞ്ഞുപോയത്.
കിഴക്കമ്പലം മോഡല്‍ സംസ്ഥാനത്തൊട്ടാകെ കൊണ്ടുവരുന്നതിനായി അധികാരത്തില്‍ ഇരിക്കുന്നതും പ്രതിപക്ഷത്ത് ഇരിക്കുന്നതുമായ രാഷ്ട്രീയ പാര്‍ട്ടികളെ തള്ളിപ്പറയുകയായിരുന്നു സാബു ജേക്കബ് ചെയ്തുകൊണ്ടിരുന്നത്. 2015ല്‍ അങ്ങനെ രാഷ്ട്രീയക്കാരെ തള്ളിപ്പറഞ്ഞുകൊണ്ടാണ് കിഴക്കമ്പലത്ത് അവര്‍ ഭരണം പിടിച്ചത്. കിഴക്കമ്പലത്ത് ഒരു ബജറ്റ് സൂപ്പര്‍മാര്‍ക്കറ്റ് സ്ഥാപിച്ചുകൊണ്ട്, മറ്റൊരിടത്തുമില്ലാത്ത വിലക്കുറവില്‍ സാധനങ്ങള്‍ ജനങ്ങള്‍ക്ക് കൊടുത്തുകൊണ്ട് അവര്‍ ജനങ്ങളെ കയ്യിലെടുത്തു. പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞു. വീണ്ടും അവര്‍ ഭരണത്തില്‍ എത്തിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് ഒന്ന് ചാഞ്ഞിട്ടുണ്ട്. ഇപ്പോള്‍ രാഷ്ട്രീയ പ്രസ്ഥാനമല്ലെന്ന് അവകാശപ്പെട്ടുകൊണ്ടിരുന്ന ട്വന്റി 20യും ബിജെപിയുമായി കൂട്ടുകൂടാന്‍ തീരുമാനിച്ചിരിക്കുന്നു. അതായത് അരാഷ്ട്രീയത പറഞ്ഞെങ്കിലും രാഷ്ട്രീയത്തിലേക്ക് ട്വന്റി 20യും എത്തിയിരിക്കുന്നു. ഇഡിയെ പേടിച്ചാണ് സാബു എം ജേക്കബ് എന്‍ഡിഎയില്‍ എത്തിയതെന്ന് ചില വാര്‍ത്തകള്‍ ഇതിനിടെ വന്നു. ഒന്ന് രണ്ട് പഞ്ചായത്തുകളില്‍ സഖ്യകക്ഷിയാണെങ്കിലും ട്വന്റി 20യുടെ എന്‍ഡിഎ പ്രവേശനത്തില്‍ ഇഡി വാര്‍ത്ത കോണ്‍ഗ്രസ് ഷെയര്‍ ചെയ്യുന്നുണ്ട്.
2021ലെ തെരഞ്ഞെടുപ്പില്‍ കുന്നത്തുനാട് മണ്ഡലത്തില്‍ വിജയിച്ച ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി.വി.ശ്രീനിജന് 51,180 വോട്ടുകളാണ് കിട്ടിയത്. 45,000ലേറെ വോട്ടുകള്‍ ട്വന്റി 20ക്കും കിട്ടി. എണ്ണായിരത്തോളം വോട്ടുകള്‍ ബിജെപിക്കും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി 20ക്ക് 46,163 വോട്ടുകള്‍ കിട്ടി. ഈ ട്രെന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പിലും തുടരുകയാണെങ്കില്‍ ബിജെപി വോട്ടുകള്‍ കൂടി ചേര്‍ത്തുകൊണ്ട് മുന്നേറ്റമുണ്ടാക്കാമെന്നാണ് എന്‍ഡിഎയുടെ കണക്കുകൂട്ടല്‍.
എന്‍ഡിഎയില്‍ എത്തിയതിന് ശേഷം കുറച്ചേറെ കാര്യങ്ങള്‍ സാബു ജേക്കബ് പറയുന്നുണ്ട്. മോദി വന്നതിന് ശേഷമാണ് രാജ്യം വികസനം എന്താണെന്ന് അറിഞ്ഞതെന്നും വ്യവസായികള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ രൂപയുടെ മൂല്യം അറിഞ്ഞുകൊണ്ട് കുറക്കുകയാണെന്നുമൊക്കെ അദ്ദേഹം ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളെല്ലാം അഴിമതിക്കാരാണെന്ന് പറഞ്ഞ് ട്വന്റി 20 ഉണ്ടാക്കിയപ്പോള്‍ കൂടെക്കൂടിയ മറ്റു രാഷ്ട്രീയക്കാരില്‍ പലരും ഈ എന്‍ഡിഎ പ്രവേശനത്തോടെ തിരിച്ചുപോയി. പോയവരില്‍ കൂടുതലും കോണ്‍ഗ്രസുകാരാണ്, അവര്‍ തിരിച്ചുപോയതും കോണ്‍ഗ്രസിലേക്ക് തന്നെ. തെരഞ്ഞെടുപ്പിലെ സാധ്യത പറയുമ്പോള്‍ പോയത് കുറച്ച് ട്വന്റി 20 മെമ്പര്‍മാര്‍ മാത്രമല്ല എന്നത് കൂടി കണക്കുകൂട്ടേണ്ടി വരും.